കാസർകോട്: (www.kasargodvartha.com 06.01.2022) കാസർകോട്ട് ഒരാൾക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ബദിയടുക്ക പഞ്ചായത്ത് പരിധിയിലെ 48 കാരനാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുള്ളത്. ജനുവരി ഒന്നിന് ദുബൈയിൽ നിന്നെത്തിയതായിരുന്നു ഇയാൾ. കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് നടത്തിയ സാംപിൾ പരിശോധനയിലാണ് ഒമിക്രോണ്‍ കണ്ടെത്തിയത്.
ഇതോടെ ജില്ലയിലെ ഒമിക്രോണ്‍ കേസുകൾ രണ്ടായി. കഴിഞ്ഞദിവസം മധൂർ പഞ്ചായത്ത് പരിധിയിലെ 50 കാരന് ഒമിക്രോണ്‍ പിടിപ്പെട്ടിരുന്നു. ഇയാളും യുഎഇയിൽ നിന്നെത്തിയതായിരുന്നു. എന്നാൽ ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങളിൽ നടത്തിയ പരിശോധനയിൽ എല്ലാവരും നെഗറ്റീവായിരുന്നു. ആരോഗ്യവകുപ്പും ജില്ലയിൽ ജാഗ്രത പുലർത്തിവരികയാണ്.
ബുധനാഴ്ച ജില്ലയില്‍ 83 പേര്‍ കൂടി കോവിഡ് പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 74 പേര്‍ രോഗമുക്തരായി. നിലവില്‍ 361 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് 840 പേർ മരണപ്പെട്ടു. വീടുകളില്‍ 3751 പേരും സ്ഥാപനങ്ങളില്‍ 327 പേരുമുള്‍പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4078 പേരാണ്. ഇതു വരെ കോവിഡ് സ്ഥിരീകരിച്ചത് 143964 പേര്‍ക്കാണ്. ഇതിൽ 142331 പേര്‍ നെഗറ്റീവ് ആയി.
സംസ്ഥാനത്ത് 49 പേര്‍ക്ക് കൂടി കഴിഞ്ഞദിവസം ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ 230 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 141 പേരും ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ആകെ 59 പേരും എത്തിയിട്ടുണ്ട്. 30 പേര്‍ക്കാണ് ആകെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
Keywords: Kerala, Kasaragod, News, Top-Headlines, Badiyadukka, Panchayath, Dubai, District, Madhur, Omicron, Treatment, Cases, Confirmed Omicron for one more person in Kasaragod