കോഴിക്കോട്: (www.kasargodvartha.com 31.01.2022) പ്രമുഖ വാർത്താ ചാനലായ മീഡിയവൺ ടിവിയുടെ സംപ്രേക്ഷണം കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം തടഞ്ഞു. തിങ്കളാഴ്ച ഉച്ചയോടെ ചാനൽ സംപ്രേഷണം നിർത്തി. വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ചാനലിന് നിരോധനം ഏർപെടുത്തിയതായി മീഡിയവൺ ടിവി എഡിറ്റർ പ്രമോദ് രാമൻ പ്രസ്താവനയിൽ പറഞ്ഞു.
അതിനിടെ മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണം തടഞ്ഞ കേന്ദ്രനടപടി ഹൈകോടതി രണ്ടുദിവസത്തേക്ക് തടഞ്ഞു. ചാനലിന്റെ ഹര്‍ജിയില്‍ ഹൈകോടതി കേന്ദ്രസര്‍കാരിനോട് വിശദീകരണം തേടി.
'മീഡിയവണിന്റെ സംപ്രേഷണം കേന്ദ്ര വാർത്താവിതരണ മന്ത്രാലയം വീണ്ടും തടഞ്ഞിരിക്കുന്നു. സുരക്ഷാ കാരണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. അതിന്റെ വിശദാംശങ്ങൾ മീഡിയവണിന് ലഭ്യമാക്കാൻ കേന്ദ്ര സർകാർ തയ്യാറായിട്ടില്ല. ഉത്തരവിനെതിരെ മീഡിയവൺ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്. അതിന്റെ പൂർണനടപടികൾക്കുശേഷം മീഡിയവൺ പ്രിയപ്പെട്ട പ്രേക്ഷകരിലേക്ക് തിരിച്ചെത്തും. നീതി പുലരുമെന്ന പ്രതീക്ഷയോടെ തൽക്കാലം സംപ്രേഷണം ഇവിടെ നിർത്തുന്നു' - പ്രസ്താവനയിൽ പറയുന്നു.
ടിവി ചാനലിന്റെ ലൈസൻസ് കാലഹരണപ്പെട്ടിട്ടില്ലെന്നും ലൈസൻസ് പുതുക്കുന്നതിനുള്ള നടപടികൾ നടന്നിരുന്നുവെന്നും ചാനൽ വൃത്തങ്ങൾ അറിയിച്ചു. സമീപ വർഷങ്ങളിൽ ഇത് രണ്ടാം തവണയാണ് മീഡിയവൺ ടിവി സംപ്രേക്ഷണം ചെയ്യുന്നത് തടയുന്നത്. 2020 മാർചിൽ, ഡൽഹിയിലെ കലാപത്തെക്കുറിച്ച് റിപോർട് ചെയ്യുമ്പോൾ കേബിൾ ടെലിവിഷൻ നെറ്റ്‌വർക് (റെഗുലേഷൻ) ആക്ട്, 1998 ലെ വ്യവസ്ഥകൾ ലംഘിച്ചുവെന്നാരോപിച്ച് കേന്ദ്രം ചാനലിന് 48 മണിക്കൂർ നിരോധനം ഏർപെടുത്തിയിരുന്നു. ചാനലിനെ തടയുന്നത് മാധ്യമ സ്വാതന്ത്ര്യത്തിൽ കൈകടത്തുന്നതിന് തുല്യമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.
Keywords: Kozhikode, Kerala, News, Media worker, Government, Minister, Report, Centre blocks Media One broadcast.