കാസർകോട്: (www.kasargodvartha.com 19.01.2022) കുഞ്ഞൻ ഞണ്ടുകളും ചെറുമീനുകളും കടലിൽ നിന്നും അരിച്ചെടുത്ത് ബോടുകളും വള്ളങ്ങളും മീൻ സമ്പത്ത് നശിപ്പിക്കുന്നതായി ആക്ഷേപമുയരുന്നു. നിരോധിത വലകൾ ഉപയോഗിച്ചുള്ള മീൻപിടുത്തം കാരണം കടലിൽ മീൻ സമ്പത്ത് നാൾക്കുനാൾ നശിച്ചു കൊണ്ടിരിക്കുകയാണെന്നാണ് കണക്കുകൾ പുറത്ത് വരുന്നത്.
വിലക്ക് ലംഘിച്ച് പൊടിമീനുകള്‍ പിടിക്കുന്നത് പതിവായിരിക്കുകയാണ്. ചെറുമീനുകളെ പിടിക്കരുതെന്നും അവയെ കടലില്‍ തന്നെ വിടണമെന്നും നിയമം ഉള്ളപ്പോഴാണ് ഇത് ലംഘിക്കപ്പെടുന്നത്. ഒരാഴ്ചയിലധികമായി കടലില്‍ ബോടുകളും വള്ളങ്ങളും കുഞ്ഞൻ ഞണ്ടുകളും ചെറിയ പൊടിമീനുകളും മാർകെറ്റിൽ എത്തിച്ചുകൊണ്ടിരിക്കുകയാണ്.
നിയമം ലംഘിച്ച് ചെറുമീനുകൾ ഹാര്‍ബറിലെത്തിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. ചെറുമീനുകൾ പിടിക്കുന്നത് വാക്കേറ്റത്തിനും വഴക്കിനും കാരണമാകുന്നു. 20 പോയിന്റിന് താഴെയുള്ള വല ഉപയോഗിച്ച് മീൻപിടുത്തം നടത്താന്‍ പാടില്ലെന്നാണ് നിയമം. എന്നാല്‍ അതെല്ലാം കാറ്റില്‍പറത്തിയാണ് ചെറിയ മീനുമായി ബോടുകളും വള്ളങ്ങളും എത്തുന്നത്.
വന്‍തുക കൊടുത്ത് ഇവ വാങ്ങാന്‍ കർണാടകയിലെ ചില കംപനികളുടെ ആളുകള്‍ തയ്യാറാവുന്നു. ഇത്തരത്തിലുള്ള ചെറുമീനുകൾ വരെ മാർകെറ്റിൽ എത്തിക്കുന്നുണ്ട്. അത് കഴിഞ്ഞുള്ളവയെയാണ് കോഴിത്തീറ്റയ്ക്കും കാലിത്തീറ്റയ്ക്കും പുറമേ മീനെണ്ണയ്ക്കും മറ്റുമായാണ് ഫാക്ടറിക്കാര്‍ ഉപയോഗിക്കുന്നത്. മംഗ്ളൂറിലെ ഫാക്ടറികളിലെത്തിച്ച് പൊടിച്ച് വളമായും ഉപയോഗിക്കുന്നുണ്ട്. മംഗ്ളൂറിൽ മാത്രം ഇത്തരം നിരവധി ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നതായി തൊഴിലാളികള്‍ പറയുന്നു.
മീനുകളുടെ പ്രജനനത്തിനായി ട്രോളിംഗ് അടക്കം ഏർപെടുത്തി മീൻ സമ്പത്ത് നിലനിർത്താൻ സർകാർ ശ്രമങ്ങൾ നടത്തിവരുന്നതിനിടയിലാണ് ചെറുമീനുകളെ പിടികൂടി മീൻ സമ്പത്ത് നശിപ്പിക്കുന്നത്. ഇരിക്കുന്ന കൊമ്പാണ് മുറിക്കുന്നതെന്ന ബോധം പോലും ഇല്ലാതെയാണ് ഈ പ്രവർത്തികൾ ചെയ്യുന്നത്. ചെറുമീനുകള്‍ യഥേഷ്ടം ലഭിക്കുമെങ്കിലും മീൻ പിടുത്ത തൊഴിലാളികളില്‍ വലിയൊരു വിഭാഗം ഇവയെ കടലിലേക്ക് തന്നെ വിടുകയാണ് ചെയ്യാറുള്ളത്.
മീൻ കുഞ്ഞുങ്ങളെ പിടിച്ചതായി കണ്ടാല്‍ കോസ്റ്റ് ഗാര്‍ഡ് ഉള്‍പെടെ കര്‍ശന നടപടിയെടുക്കാറുണ്ട്.
മീൻ പിടുത്ത മേഖലകളിലെ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചുള്ള കടല്‍കോടതികൾ ചെറുമീനുകളെ പിടികൂടുന്നതിന് വിലക്ക് കൽപ്പിച്ചിട്ടുണ്ട്. ചെറുഞണ്ടുകളും ചെറുമീനുകളും പിടികൂടുന്ന ബോടുകൾക്കും യാനങ്ങൾക്കുമെതി ശക്തമായ നടപടി സ്വീകരിക്കുമെന്ന് കാസർകോട് ഫിഷറീസ് ഡെപ്യൂടി ഡയറക്ടർ സതീഷ് പി വി കാസർകോട് വാർത്തയോട് പറഞ്ഞു.
Keywords: Kerala, Kasaragod, News, Fish, Boat, Government, Karnataka, Top-Headlines, Catching Small fishes wipe out fish stock
കുഞ്ഞൻ ഞണ്ടുകളും ചെറുമീനുകളും കടലിൽ നിന്നും അരിച്ചെടുത്ത് മീൻ സമ്പത്ത് നശിപ്പിക്കുന്നു; നടപടിയെടുക്കുമെന്ന് ഫിഷറീസ് ഡെപ്യൂടി ഡയറക്ടർ
Catching Small fishes wipe out fish stock
#കേരളവാർത്തകൾ
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ