മുമ്പ് ബ്ലഡ് ബാങ്കില്‍ സ്ഥിര നിയമനം ലഭിച്ച മെഡികല്‍ ഓഫീസര്‍ ജോലി ഒഴിവാക്കി പോയതിനെ തുടര്‍ന്ന് താല്‍കാലികമായി മെഡികല്‍ ഓഫീസറെ നിയമിക്കുകയായിരുന്നു. അവര്‍ പ്രസവാവധിയെടുത്തതോടു കൂടി രക്തബാങ്കില്‍ മെഡികല്‍ ഓഫീസര്‍ ഇല്ലാതായി.
ഈയിടെ സ്ഥിരം നിയമനം ലഭിച്ച ഡോക്ടര്‍ ദീര്‍ഘകാല അവധിയില്‍ പ്രവേശിച്ചതോടുകൂടി പ്രതിസന്ധി വീണ്ടും രൂക്ഷമാവുകയാണ്. പകരം മെഡികല്‍ ഓഫീസറെ മുഴുവന്‍ സമയം ചാര്‍ജ് നല്‍കി നിയമിക്കാന്‍ ആശുപത്രി സൂപ്രണ്ടിന് തീരുമാനമെടുക്കാമെങ്കിലും അദ്ദേഹം ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണെന്നാണ് പരാതി.
രണ്ടാം നിലയിലെ രക്തബാങ്കില്‍ നിന്ന് രക്തദാനത്തിനുള്ള അപേക്ഷ പൂരിപ്പിച്ച് വീണ്ടും താഴേക്ക് ഇറങ്ങി വടക്കുഭാഗത്തുള്ള ഒ പി വിഭാഗത്തിലെ മെഡികല്‍ ഓഫീസറെ സമീപിച്ച് രക്തസമ്മര്‍ദ്ദം അടക്കമുള്ള പരിശോധനകള്‍ പൂര്‍ത്തിയാക്കി വീണ്ടും രക്തബാങ്കിലെത്തണം.
ഒ പി യില്‍ തിരക്കുള്ളതിനാല്‍ പരിശോധനകള്‍ക്കായി ദാതാക്കളായി എത്തുന്നവരും കാത്തു നില്‍ക്കേണ്ടി വരുന്നു. രക്തബാങ്കില്‍ ഹീമോഗ്ലോബിന്‍ പരിശോധനയ്ക്കുള്ള സൗകര്യവും ഇപ്പോള്‍ നിലച്ചിരിക്കുകയാണ്.
ദാതാക്കള്‍ സ്വയം പ്രൈവറ്റ് ലാബില്‍ പരിശോധിച്ച് ഫലവുമായി എത്തേണ്ടിയും വരുന്നു. ജില്ലാ ആശുപത്രിയില്‍ മോര്‍ചറിക്ക് സമീപം ഒറ്റപ്പെട്ട കെട്ടിടത്തില്‍ രണ്ടാം നിലയിലാണ് നിലവിലെ രക്തബാങ്കുള്ളത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നതിനാല്‍ രക്തബാങ്കിലേക്ക് നടന്നു പോകാന്‍ കൂടി പ്രയാസപ്പെടുകായാണിപ്പോള്‍ ആളുകള്‍.
ആവശ്യത്തിന് രക്തദാതാക്കളെ ലഭിക്കാന്‍ ഔട് റീച് ക്യാംപുകള്‍ സംഘടിപ്പിക്കാന്‍ ബ്ലഡ് ഡോണേര്‍സ് കേരള അടക്കമുള്ള സന്നദ്ധ സംഘടനകള്‍ പരിശ്രമിച്ചുവെങ്കിലും ക്യാംപുകള്‍ക്ക് അനുമതി നല്‍കാന്‍ ആശുപത്രി സൂപ്രണ്ട് തയ്യാറാവുന്നില്ലെന്ന് ആക്ഷേപമുണ്ട്.
ജില്ലയിലെ ഭൂരിഭാഗം രോഗികള്‍ക്കും ഉപകാരപ്പെടുന്ന രക്തബാങ്ക് അധികൃതരുടെ അനാസ്ഥ കാരണം പ്രവര്‍ത്തനം താളം തെറ്റുകയാണ്. ഇതുകാരണം പൊതുജനങ്ങളാണ് ഏറെ കഷ്ടപ്പെടുന്നത്.
റീപ്ലേസ്‌മെന്റ് ചെയ്യാന്‍ ഒരിക്കല്‍ രക്തബാങ്കിലെത്തിയ ഒരാള്‍ ഇത്തരം പ്രശ്‌നങ്ങള്‍ കാരണം തിരിച്ചു പോവുകയോ പിന്നീട് വരാതാവുകയോ ആണ് ഇപ്പോള്‍ പതിവ്. പലപ്പോഴും ഇത് കാരണം ഏറെ വലയുന്നത് സന്നദ്ധ രക്തദാന സംഘടനകള്‍ കൂടിയാണ്.
അതേസമയം കാസര്‍കോട് ജെനറല്‍ ആശുപത്രി രക്തബാങ്ക് ഔട് റീച്, ഇന്‍ ഹൗസ് ക്യാംപുകള്‍ ഏറ്റെടുക്കുകയും രക്ത ദാതാക്കള്‍ക്കളോട് സൗഹാര്‍ദ്ദപരമായി ഇടപെടുകയും ചെയ്യുന്നുണ്ട്.
ജില്ലാ ആശുപത്രി രക്തബാങ്കിന്റെ താളം തെറ്റുന്ന പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പരിഹരിച്ച് ജനങ്ങള്‍ക്കും രക്ത ദാനത്തിനെത്തുന്നവര്‍ക്കും ഉപകാരപ്പെടുന്ന വിധത്തിലാക്കണമെന്ന് ബ്ലഡ് ഡോണേര്‍സ് കേരള കാസര്‍കോട് ജില്ലാ കമിറ്റി ആവശ്യപ്പെട്ടു.
ഇത്തരം അനാസ്ഥ തുടരുകയാണെങ്കില്‍ ജനങ്ങളെ അണിനിരത്തി സമരത്തിനിറങ്ങുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Keywords: News, Kasaragod, Kanhangad, Top-Headlines, Blood donation, District-Hospital, Committee, Blood donors reluctant to go to the blood bank.
< !- START disable copy paste -->