നീലേശ്വരം: (www.kasargodvartha.com 05.01.2022) കരാറുകാരന്റെ വീട്ടിൽ നിന്ന് ടാർ മോഷ്ടിച്ചെന്ന കേസിൽ അറസ്റ്റിലായയാളെ റിമാൻഡ് ചെയ്തു. നീലേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ പ്രകാശനെ (46) ആണ് നീലേശ്വരം എസ്ഐ, ഇ ജയചന്ദ്രനും സംഘവും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. തുടർന്ന് ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
പള്ളിക്കരയിലെ അഭിശങ്കറിന്റെ വീട്ടുവളപ്പിൽ സൂക്ഷിച്ചിരുന്ന ഒന്നിന് പതിനായിരം രൂപ വരുന്ന അഞ്ച് ബാരൽ ടാർ കവർന്നെന്നാണ് കേസ്. ഇവ ആദ്യം ആലിൻകീഴിലെ കള്ളുഷാപിന് പിന്നിലെ ആളൊഴിഞ്ഞ പറമ്പിൽ സൂക്ഷിച്ച ശേഷം മറിച്ചു വിൽക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വാങ്ങിയ ആളെക്കുറിച്ചും സൂചന ലഭിച്ചതായാണ് വിവരം.
അതേസമയം പ്രകാശൻ നിരവധി കേസുകളിലെ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി. അടുത്തിടെ മറ്റൊരു കേസിൽ ജാമ്യത്തിൽ ഇറങ്ങിയതിന് ശേഷമാണ് ഇയാൾ വീണ്ടും പിടിയിലായിരിക്കുന്നത്. നീലേശ്വരം ചീർമക്കാവ് കുറുംബ ഭഗവതി ക്ഷേത്രത്തിലെ ആഭരണങ്ങൾ മോഷണം പോയ കേസിലും മംഗ്ളൂറിലെ ഫ്‌ലാറ്റിൽ നിന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ചെന്ന കേസിലും ഉൾപെടെ വിവിധ കേസുകളിൽ പ്രതിയായിരുന്നുവെന്ന് അന്വേഷണ സംഘം അറിയിച്ചു.
Keywords: Kerala, Nileshwaram, News, Top-Headlines, Complaint, Remand, Custody, Theft, Arrest, Police, Gold, Robbery, Temple, Robbery-case, Accused, 46-year-old remanded in custody for tar theft.