മംഗ്ളുറു: (www.kasargodvartha.com 23.01.2022) നഗരത്തിൽ കുദ്രോളിയിലെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ 17 കാരിയെ ആറുമാസം മുമ്പ് അസമിൽ നിന്ന് കടത്തിക്കൊണ്ട് വന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ. വെള്ളിയാഴ്ച രാവിലെയാണ് സൂഫിയ ബീഗം എന്ന പെൺകുട്ടിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇതുസംബന്ധിച്ച് അവരുടെ ഭർത്താവെന്ന് അവകാശപ്പെടുന്ന ചിത്രകാരൻ കൂടിയായ ശാഹിദുൽ അസ്ലം (30) എന്നയാൾ പൊലീസിൽ പരാതി നൽകിയിരുന്നു. സൂഫിയ ബീഗം തനിക്കൊപ്പം കഴിഞ്ഞ അഞ്ച് മാസമായി കുദ്രോളിയിലെ വാടക വീട്ടിലായിരുന്നു താമസമെന്ന് പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.
വ്യാഴാഴ്ച രാത്രി പതിവുപോലെ താനും ഭാര്യയും ഉറങ്ങാൻ കിടന്നിരുന്നതായും പിറ്റേന്ന് രാവിലെ 7.45 ഓടെ ഉണർന്നപ്പോൾ സൂഫിയ അടുത്തില്ലായിരുന്നുവെന്നും തുടർന്നുള്ള പരിശോധനയിൽ ജനൽ ഗ്രിലിൽ ഷാളിൽ തൂങ്ങിമരിച്ച നിലയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയെന്നുമാണ് പരാതിയിൽ പറയുന്നത്.
അതേസമയം പെൺകുട്ടിയുമായി പ്രണയത്തിലായിരുന്ന ശാഹിദുൽ ഇവരെ തട്ടിക്കൊണ്ടുവന്നതാണെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച രാവിലെ പെൺകുട്ടിയും ശാഹിദുലും തമ്മിൽ വഴക്കിട്ടിരുന്നതായും വിവരമുണ്ട്. വിശദമായ അന്വേഷണത്തിലാണ് പൊലീസ്. ശാഹിദുലിനെ പറ്റിയും കൂടുതൽ വിവരങ്ങൾ പരിശോധിച്ച് വരികയാണ്.
Keywords: News, Top-Headlines, Kidnap, Murder-case, Death, Police, Investigation, Women, Mangalore, Karnataka, Complaint, 17-year-old woman, who found dead, was abducted from Assam six months ago, police said.