പെരിയ: (www.kasargodvartha.com 21.12.2021) ഉയർന്ന സാക്ഷരതയിലും വിദ്യാഭ്യാസത്തിലും സ്ത്രീ ശാക്തീകരണത്തിലും കേരളം കൈവരിച്ച നേട്ടം പ്രശംസനീയമെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ്. കേന്ദ്ര സർവകലാശാല കേരളയിൽ അഞ്ചാമത് ബിരുദദാന ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കുകയിരുന്നു രാഷ്ട്രപതി. നല്ല സമൂഹത്തിനായി ഗുണനിലവാരമുള്ള കുട്ടികളെ വളർത്തികൊണ്ടുവരണമെന്നും രാജ്യത്തിന്‍റെ പുതിയ വിദ്യാഭ്യാസ നയം അതാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സ്‌കൂളുകളും കോളജുകളും രാജ്യത്തിന്റെ ഭാഗധേയം രൂപപ്പെടുത്തുന്ന ശില്‍പശാലകളാണെന്നും വിദ്യകൊണ്ട് പ്രബുദ്ധരാവുക എന്ന ശ്രീനാരായണഗുരുവിന്റെ വാക്കുകൾ ഏവർക്കും പ്രചോദനമാണെന്നും രാഷ്ട്രപതി പറഞ്ഞു. ശ്രീനാരായണഗുരുവിന്റെ വിദ്യകൊണ്ട് പ്രബുദ്ധരാവുക, മഹാകവി വള്ളത്തോളിന്റെ മാതൃവന്ദനം എന്ന കവിത എന്നിവയും പ്രഭാഷണത്തിൽ പരാമർശിച്ചു.
ദൈവത്തിന്റെ സ്വന്തം നാടിന്റെ' കിരീടമാണ് കാസര്‍കോട്. സംസ്ഥാനത്തിന്റെ വടക്ക് ഭാഗം. ക്യാംപസും മനോഹരമായ പ്രദേശമാണ്. ജൈവവൈവിധ്യത്തിലും വൈവിധ്യമാര്‍ന്ന ഭാഷകളും കൊണ്ട് സമ്പന്നമാണ് കാസർകോട്. വിദഗ്ധര്‍ നമ്മോട് പറയുന്ന രണ്ട് തരത്തിലുള്ള വൈവിധ്യമായ ജൈവവൈവിധ്യവും ഭാഷകളും, കൈകോര്‍ത്ത് ഇവിടെ പോകുന്നു. 'ഭാഷാ ഐക്യവും കാസര്‍കോട് അഭിമാനിക്കുന്ന പ്രകൃതിദത്തമായ സൗന്ദര്യവും ബന്ധിപ്പിച്ചിരിക്കുന്നു. മുന്‍ തലമുറകള്‍ സംരക്ഷിച്ചുപോന്ന അമൂല്യമായ പൈതൃകമാണിത്. അവർ നിങ്ങള്‍ക്കായി സംരക്ഷിച്ചിരിക്കുന്നു. ഏഴ് ഭാഷകളും യോജിച്ച് ജീവിക്കുന്നതുപോലെ പരിസ്ഥിതിയും കാത്തുസൂക്ഷിക്കണമെന്ന് രാഷ്ട്രപതി പറഞ്ഞു.
വിദ്യാർഥികളുടെ ജീവിതത്തിലെ നാഴികക്കല്ലാണ് ഈ നിമിഷം. ഉന്നത വിദ്യാഭ്യാസം പൂര്‍ത്തീകരിച്ച വിദ്യാർഥികളും അവരുടെ കുടുംബവും വിദ്യയിലൂടെ ശാക്തീകരിക്കപ്പെടുകയാണ്. രാജ്യം മുഴുവന്‍ നിങ്ങളുടെ കുടുംബമാണ്, ഇന്നത്തെ നിങ്ങളുടെ നേട്ടം രാഷ്ട്രനിര്‍മാണ ദൗത്യത്തിന് സംഭാവന നല്‍കുന്നു. വിദ്യാർഥികള്‍ക്കെല്ലാം ഭാവിയില്‍ നേട്ടങ്ങളുണ്ടാകട്ടെ.
പഠനമേഖലയില്‍ കേരളം മറ്റ് സംസ്ഥാനങ്ങളെക്കാള്‍ ഏറെ മുന്നിലാണ്. യുനെസ്‌കോയുടെ ഗ്ലോബല്‍ നെറ്റ്വര്‍കില്‍ കേരളത്തില്‍ നിന്ന് തൃശൂരും നിലമ്പൂരും ഉള്‍പെട്ടിട്ടുണ്ട്. കേരളീയരെ സാക്ഷരത വര്‍ധിപ്പിക്കാന്‍ പി എന്‍ പണിക്കര്‍ അക്ഷീണം പ്രയത്‌നിച്ചിട്ടുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതല്‍ സാക്ഷരതയുള്ള കേരളത്തില്‍ പി എന്‍ പണിക്കറുടെ പ്രതിമ തലസ്ഥാനത്ത് അടുത്ത ദിവസം അനാച്ഛാദനം ചെയ്യാന്‍ പോവുകയാണ്.
മഹാജ്ഞാനിയും സാമൂഹിക പരിഷ്‌കര്‍ത്താവുമായ ശ്രീനാരായണഗുരു എന്നും വിദ്യയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കാറുണ്ട്. 'വിദ്യകൊണ്ട് പ്രബുദ്ധ രാവുക എന്ന അദ്ദേഹത്തിന്റെ വരികള്‍ എന്നും പ്രചോദനമാണ്. നളന്ദയും തക്ഷശിലയും ഉള്‍പെടെ വിദ്യാഭ്യാസത്തിന്റെ കേദാരമായ നാടാണ് ഭാരതം. ആര്യഭട്ടനും ഭാസ്‌കരാചാര്യനും പാണിനിയും എന്നും ഊര്‍ജമാണ്. ഗാന്ധിജി തദ്ദേശീയ വിദ്യാഭ്യാസ സമ്പ്രദായത്തെ പ്രചോദിപ്പിച്ചു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെ വിജ്ഞാന നൂറ്റാണ്ട് എന്നാണ് വിശേഷിപ്പിക്കുന്നത്. അറിവ് ആഗോള സമൂഹത്തില്‍ ഒരു രാജ്യത്തിന്റെ സ്ഥാനം നിര്‍ണയിക്കും.
ബിരുദദാരികളില്‍ കൂടുതലും പെണ്‍കുട്ടികളായതില്‍ സന്തോഷിക്കുന്നു. ബിരുദം നേടിയവരില്‍ ആണ്‍കുട്ടികളുടെ എണ്ണത്തിന്റെ മൂന്നിരട്ടിയാണ് പെണ്‍കുട്ടികള്‍. 64 ശതമാനവും പെണ്‍കുട്ടികളാണ് യൂനിവേഴ്‌സിറ്റിയിലുള്ളത്. അസാധാരണമായ കോവിഡ് -19 സാഹചര്യത്തിലാണ് രാജ്യം കടന്നു പോകുന്നത്. വൈറസിന്റെ പുതിയ വകഭേദങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന സാഹചര്യമാണിത്. നമ്മുടെ ശാസ്ത്രജ്ഞര്‍ ഈ സാഹചര്യത്തില്‍ കൂടൂതല്‍ കണ്ടെത്തലുകള്‍ നടത്താനുള്ള ശ്രമത്തിലാണ്. നമ്മുടെ ഡോക്ടര്‍മാരും ശാസ്ത്രജ്ഞരെയും അഭിനന്ദിക്കാതെ വയ്യ. ചരിത്രത്തിലെ ഏറ്റവും വലിയ വാക്‌സിനേഷനാണ് രാജ്യത്ത് നടന്നത്.
കോവിഡ് കഴിഞ്ഞ വര്‍ഷം ആദ്യം വിദ്യാഭ്യാസത്തെ ബാധിച്ചു, പക്ഷേ സാങ്കേതിക പരിഹാരങ്ങള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ സാധിച്ചു. ഇപ്പോള്‍ നിങ്ങളുടെ കോഴ്‌സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കി. സമാനതകളില്ലാത്ത പ്രകൃതി സൗന്ദര്യം കേരളം സന്ദര്‍ശിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. ഇവിടുത്തെ ആളുകളുടെ ഊഷ്മളതയും. പച്ചപ്പ് നിറഞ്ഞ വയലുകളും കടൽ തീരവും കായലുകളും, കുന്നുകളും കാടുകളും, സമുദ്രവും മറ്റും ഏറെ ആകര്‍ഷണീയമാണ്.
കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, സംസ്ഥാന തദ്ദേശ സ്വയംഭരണ എക്‌സൈസ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റർ എന്നിവര്‍ സംബന്ധിച്ചു. ഒഫീഷിയേറ്റിങ് വൈസ് ചാന്‍സലര്‍ പ്രൊഫ. കെ സി ബൈജു സ്വാഗതം പറഞ്ഞു. റെജിസ്ട്രാര്‍ ഡോ. എന്‍ സന്തോഷ് കുമാര്‍, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. എം മുരളീധരന്‍ നമ്പ്യാര്‍, സര്‍വകലാശാലയുടെ കോര്‍ട് അംഗങ്ങള്‍,, എക്‌സിക്യൂടീവ് കൗണ്‍സില്‍ അംഗങ്ങള്‍, അകാഡെമിക് കൗണ്‍സില്‍ അംഗങ്ങള്‍, ഫിനാന്‍്സ് കമിറ്റി അംഗങ്ങൾ, ജനപ്രതിനിധികള്‍, വിവിധ വകുപ്പുകളുടെ ഡീനുമാര്‍, വകുപ്പുമേധാവികള്‍, അധ്യാപകര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ സന്നിഹിതരായി.
2018-2020 ബാചിന്റെ ബിരുദദാന സമ്മേളനമാണ് നടന്നത്. 742 വിദ്യാർഥികളാണ് ബിരുദം ഏറ്റുവാങ്ങാനുണ്ടായിരുന്നത്. ഹെലിപാഡിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, തദ്ദേശസ്വയംഭരണം, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ, ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ്, ജില്ലാ പൊലീസ് മേധാവി പി ബി രാജീവ്, വൈസ് ചാൻസിലർ ഇൻ ചാർജ് പ്രൊഫ കെ സി ബൈജു, പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ അരവിന്ദാക്ഷൻ എന്നിവർ രാഷ്ട്രപതിയെ വരവേറ്റു.
ബാൻഡ്, വാദ്യ, അകമ്പടിയോടെയുള്ള അകാഡെമിക് ഘോഷയാത്രയോടെ ബിരുദദാന സമ്മേളന ചടങ്ങുകള്‍ ആരംഭിച്ചു. രാഷ്ട്രപതി, ഗവർണർ, തദ്ദേശ സ്വയം ഭരണ വകുപ്പ്മന്ത്രി, വിവിധ സ്‌കൂളുകളുടെ ഡീനുമാര്‍, വൈസ് ചാന്‍സലര്‍, റെജിസ്ട്രാര്‍, കണ്‍ട്രോളര്‍ ഓഫ് എക്‌സാനമിനേഷന്‍ എന്നിവര്‍ ഘോഷയാത്രയില്‍ പങ്കെടുത്തു.
Keywords: Kerala, News, Kasaragod, Periya, Ram Nath Kovind In Kasaragod, Top-Headlines, Visit, President, Central University, President lauded the achievements of Kerala in high literacy, education and women empowerment.
< !- START disable copy paste -->