കാസര്‍കോട്: (www.kasargodvartha.com 24.12.221) പത്രം വാങ്ങാന്‍ ആളില്ലാത്തതിനെ തുടര്‍ന്ന് നഷ്ടത്തിലായ കാസര്‍കോട്ടെ ഏറ്റവും വലിയ പത്ര-മാസിക വില്‍പന സ്ഥാപനം അടച്ചുപൂട്ടി ബി എച് അബൂബകര്‍ സിദ്ദീഖ് കണ്ണീരോടെ ഈ രംഗത്ത് നിന്ന് വിടപറയുന്നു. ഡിസംബര്‍ 31 ഓടെ കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡിലേയും പുതിയ ബസ് സ്റ്റാന്‍ഡിലേയും ബി എച് അബൂബകര്‍ സിദ്ദീഖ് എന്ന പത്ര-മാസിക വില്‍പന സ്ഥാപനം അടച്ചുപൂട്ടും.
36,000 രൂപ നഗര സഭയ്ക്ക് വാടക നല്‍കിയാണ് തന്റെ പത്ര-മാസിക വില്‍പന സ്ഥാപനം നടത്തിക്കൊണ്ടുപോകുന്നതെന്ന് അബൂബകര്‍ സിദ്ദീഖ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ജനങ്ങളില്‍ പത്ര-മാസിക വായന ശീലം 75 ശതമാനം കുറഞ്ഞതോടെ നഷ്ടം സഹിച്ച് ഇനിയും പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്ന് നിറകണ്ണുകളോടെ അദ്ദേഹം പറഞ്ഞു. കോവിഡിന് മുമ്പ് തന്നെ സ്ഥാപനം കടുത്ത പ്രതിസന്ധിയിലായിരുന്നു. രണ്ട് വര്‍ഷക്കാലം മകനാണ് സ്ഥാപനം നോക്കിനടത്തിയിരുന്നത്.
നഷ്ടം സഹിച്ച് ഇനിയും മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് മകന്‍ കൂടി പറഞ്ഞതോടെയാണ് അവന്റെ ഭാവി കൂടി കണക്കിലെടുത്ത് സ്ഥാപനം പൂട്ടാന്‍ തീരുമാനിച്ചെന്ന് അദ്ദേഹം പറഞ്ഞു. 55 വയസിന് മുകളില്‍ പ്രായമുള്ള കുറച്ച് പേര്‍ മാത്രമാണ് ഇപ്പേള്‍ പത്രം വാങ്ങാന്‍ എത്തുന്നത്. പുതിയ തലമുറയില്‍ തന്റെ മക്കള്‍ ഉള്‍പെടെ പത്രം വായിക്കാതെ എല്ലാം മൊബൈൽ ഫോണിലാണ് വായിക്കുകയും കാണുകയും ചെയ്യുന്നത്. ബാബരി മസ്ജിദ് തകര്‍ത്ത സമയത്ത് മാത്രമാണ് തന്നെ അടിച്ചോടിച്ച് പത്ര-മാസിക വില്‍പന സ്ഥാപനം അടച്ചു പൂട്ടിയത്.
അതിന് മുമ്പ് ഹര്‍ത്താല്‍, ബന്ദ് തുടങ്ങി എന്ത് പ്രശ്‌നങ്ങള്‍ ഉണ്ടായാലും തന്റെ സ്ഥാപനം ഒരു ദിവസം പോലും അടക്കാതെ പ്രവര്‍ത്തിച്ചു വന്നിരുന്നു. ബാബരി മസ്ജിദ് തകർത്തതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷ സമയത്ത് പോലും എസ് പി നേരിട്ട് വന്ന് സ്ഥാപനം തുറന്നു പ്രവര്‍ത്തിക്കാന്‍ അഭ്യര്‍ഥിക്കുകയാണ് ചെയ്തത്. മുസ്ലീം ലീഗുകാരനായ തനിക്ക് എല്ലാ കക്ഷികളിലേയും നേതാക്കളുമായി അടുത്ത ബന്ധമാണ് ഉള്ളത്. ആര്‍ എസ് എസിന്റെ കേസരി തൊട്ട് 200 ഓളം മാസികകള്‍ തന്റെ സ്ഥാപനത്തില്‍ വില്‍പന നടത്തി വന്നിരുന്നു. മലയാളം, ഇന്‍ഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നഡ തുടങ്ങി 45 ഓളം പത്രങ്ങള്‍ തന്റെ സ്റ്റാളില്‍ വില്‍പന നടത്തുന്നുണ്ട്.
പണ്ട് കാലത്ത് പ്രധാന വാര്‍ത്തകള്‍ ഉണ്ടാകുമ്പോള്‍ മോര്‍ണിങ്-സായാഹ്ന പത്രങ്ങള്‍ വാങ്ങിക്കാന്‍ ആള്‍ക്കാരുടെ പിടിവലിയായിരുന്നു. എന്നാല്‍ ഇന്ന് വല്ലപ്പോഴും വരുന്ന ആളുകള്‍ മാത്രമാണ് പത്രങ്ങള്‍ വാങ്ങിക്കാന്‍ എത്തുന്നത്. പത്ര-മാസിക വായന നല്ല ശീലം തന്നെയാണെന്നാണ് തന്റെ അനുഭവം. വായന മരിക്കരുതെന്നാണ് ആഗ്രഹവും പ്രാര്‍ഥനയും. വളരെയധികം വിഷമത്തേടെയാണ് പത്ര-മാസിക സ്ഥാപനം പൂട്ടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പണ്ട് കാലത്ത് ട്രെയിന്‍ മാര്‍ഗവും ഏറെ ക്ലേശം അനുഭവിച്ച് വാഹനങ്ങളിലും പത്രങ്ങളെത്തിച്ചതിന്റെ ഓര്‍മകള്‍ അദ്ദേഹം പങ്കുവച്ചു. ജനങ്ങളുമായുള്ള സൗഹൃദ ബന്ധത്തിന് തന്റെ സ്ഥാപനം ഇല്ലാതാകുന്നത് തടസം തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. മക്കള്‍ക്കൊപ്പം തല്‍ക്കാലം വിശ്രമ ജീവിതം നയിക്കാനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. ഗസ്റ്റ് ഹൗസിലെത്തുന്ന മന്ത്രിമാര്‍ക്കും ഉന്നത നേതാക്കള്‍ക്കുമടക്കം പത്രങ്ങള്‍ എത്തിച്ചതും അദ്ദേഹത്തിന്റെ ഓർമകളിലുണ്ട്.
പഴയ ബസ് സ്റ്റാന്‍ഡില്‍ പ്രസംഗിക്കാന്‍ എത്തുമ്പോൾ, അന്തരിച്ച ബിജെപി നേതാവ് മടിക്കൈ കമ്മാരന്‍ തന്റെ സ്റ്റാളിലെത്തി സൗഹൃദം പങ്കിട്ട് ചായകുടിച്ച് മടങ്ങാറുണ്ടെന്നും അബൂബകര്‍ സിദ്ദീഖ് കൂട്ടിച്ചേര്‍ത്തു. സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ എപ്പോള്‍ കാസര്‍കോട് വന്നാലും തന്നെ കണ്ട് പേരെടുത്ത് പറഞ്ഞ് സൗഹൃദം പങ്കുവയ്ക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കാസര്‍കോടിന്റെ പ്രിന്റ് പത്ര വായനാശീലം തന്നെയാണ് അബൂബകര്‍ സിദ്ദീഖിന്റെ സ്ഥാപനം ഇല്ലാതാകുന്നതോടെ നഷ്ടപ്പെട്ടുപോകുന്നത്.
Keywords: Kasaragod, Kerala, News, Top-Headlines, Shop, Social-Media, Mobile Phone, Video, Newspaper and magazine sales shop in Kasargod will be closed.
< !- START disable copy paste -->