മംഗ്ളുറു: (www.kasargodvartha.com 13.12.2021) ബസിൽ ഒരുമിച്ച് യാത്ര ചെയ്ത വിദ്യാർഥിയുടേയും വിദ്യാർഥിനിയുടേയും മതം ചോദിച്ച് അക്രമത്തിന് മുതിർന്ന് അവഹേളിച്ചെന്ന കേസിൽ സംഘത്തിലെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബസ് ജീവനക്കാരായ കെ രഞ്ജിത് (43), വി പ്രകാശ് (50), പി പവൻ (47), ആർ രാഘവേന്ദ്ര (51) എന്നിവരാണ് അറസ്റ്റിലായതെന്ന് മംഗ്ളുറു സിറ്റി പൊലീസ് കമീഷനർ എൻ ശശികുമാർ പറഞ്ഞു.
വെള്ളിയാഴ്ച മംഗ്ളൂറിൽ നിന്ന് ഉഡുപ്പിയിലേക്കുള്ള ബസിലാണ് സംഭവം നടന്നത്. ഭിന്ന മതക്കാരായ ആണും പെണ്ണുമാണ് ഒരു സീറ്റിൽ ഇരിക്കുന്നതെന്ന് ഊഹിച്ച ആറംഗ സംഘം പൊതുസ്ഥലത്ത് അവരെ വളഞ്ഞ് തിരിച്ചറിയൽ കാർഡുകൾ ആവശ്യപ്പെടുകയും പേരും മതവും ചോദിച്ച് തെറിവിളിക്കുകയുമായിരുന്നുവെന്നാണ് കേസ്. ഈ രംഗം സാമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ മംഗ്ളുറു സൗത് പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.
ഉഡുപ്പിയിൽ സ്വകാര്യ കോളജിൽ പഠിക്കുന്ന ഷിവമോഗ്ഗ സ്വദേശിയായ വിദ്യാർഥിയുടേയും ഉഡുപ്പിക്കാരിയായ വിദ്യാർഥിനിയുടേയും രക്ഷിതാക്കളെ അന്നു രാത്രി തന്നെ വിവരം അറിയിച്ച പൊലീസ് കേസുമായി മുന്നോട്ടു പോയി. ഭിന്ന സമുദായങ്ങൾക്കിടയിൽ വിഭാഗീയതയും വിദ്വേഷവും വളർത്തൽ, അനധികൃതമായി സംഘംചേരൽ, പ്രകോപനം സൃഷ്ടിക്കൽ, അവഹേളനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്.
Keywords: Mangalore, Karnataka, News, Top-Headlines, Arrest, Bus, Case, Complaint, Udupi, College, Students, Police, Four arrested in assault case.