മംഗ്ളുറു: (www.kasargodvartha.com 02.12.2021) രാജ്യത്ത് ആദ്യം രണ്ട് ഒമിക്രോൺ വൈറസ് വാഹകരെ ബെംഗ്ളൂറിൽ സ്ഥിരീകരിച്ച വിവരം കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടതിന് പിന്നാലെ ഇരുവരും കോവിഡ് വാക്സിനേഷൻ രണ്ടു ഡോസ് പൂർത്തിയാക്കിയിരുന്നു എന്ന് വെളിപ്പെടുത്തൽ. ബൃഹത് ബെംഗ്ളുറു മഹാനഗരപാലിക (ബിബിഎംപി) കമീഷനറുടെ ചുമതല വഹിക്കുന്ന അഡി. ചീഫ് സെക്രടറി ഗൗരവ് ഗുപ്തയാണ് മാധ്യമങ്ങളുമായി ഈ വിവരം പങ്കുവെച്ചത്.
ബെംഗ്ളൂറിൽ താമസിക്കുന്ന ദക്ഷിണാഫ്രികൻ പൗരന്മാരിലാണ് ഒമിക്രോൺ ലക്ഷണങ്ങൾ കണ്ടതെന്ന് ഗുപ്ത പറഞ്ഞു. ബെംഗ്ളൂറിലെ ആശുപത്രിയിൽ ജോലിചെയ്യുന്ന 46കാരൻ, ദക്ഷിണാഫ്രികയിൽ നിന്ന് ബെംഗ്ളൂറിൽ വിമാനം ഇറങ്ങിയ 66കാരൻ എന്നിവർക്കാണ് സ്ഥിരീകരിച്ചത്. 46കാരൻ എവിടേക്കും യാത്ര ചെയ്തിട്ടില്ല. കഴിഞ്ഞ മാസം 22നാണ് ഇയാൾ പോസിറ്റീവായത്. വൈറസിന്റെ ആന്തരിക പ്രവർത്തനം അറിയുന്നതിനുള്ള സി ടി പരിശോധനക്ക് വിധേയനാക്കി. അടുത്ത ദിവസങ്ങളിൽ ഹോം ക്വാറന്റൈനിൽ പാർപിച്ച ശേഷം 25ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 27ന് ഡിസ്ചാർജ് ചെയ്തു. വ്യാഴാഴ്ചയാണ് ഒമിക്രോൺ സ്ഥിരീകരിച്ച് പരിശോധനാഫലം വന്നത്.
ഇയാളുമായി സമ്പർക്കം പുലർത്തിയ 218 പേരുടെ പട്ടികയിൽ പ്രഥമ സമ്പർക്ക വിഭാഗത്തിൽ മൂന്നും രണ്ടാം സമ്പർക്കത്തിലെ രണ്ടും പേർ പോസിറ്റീവായി. രണ്ടാമത്തെ ഒമിക്രോൺ വാഹകൻ കഴിഞ്ഞ മാസം 20നാണ് ബെംഗ്ളൂറിൽ വിമാനം ഇറങ്ങിയത്. വിമാനത്താവളത്തിൽ നടത്തിയ കോവിഡ് പരിശോധനയിൽ ഇയാൾ നെഗറ്റീവ് ആയിരുന്നു എന്ന് ഗുപ്ത പറഞ്ഞു. എന്നാൽ ഹോടെലിൽ താമസത്തിന്റെ ഭാഗമായി നടത്തിയ പരിശോധനാ ഫലം പോസിറ്റീവ് ആയി.
ഹോടെലിൽ ക്വാറന്റൈനിൽ കഴിഞ്ഞു. 22ന് ഇയാളുടെ സ്രവം വിദഗ്ധ പരിശോധനക്കയച്ചു. 23ന് ഇയാൾ സ്വന്തം നിലയിൽ നടത്തിയ പരിശോധന ഫലം നെഗറ്റീവായി. ഇയാളുടെ പ്രഥമ (24), രണ്ടാം (240) സമ്പർക്ക പട്ടികകളിലെ എല്ലാവരും നെഗറ്റീവ്. ഇതോടെ നവംബർ 27ന് ഈ ദക്ഷിണേൻഡ്യൻ പൗരൻ ദുബൈയിലേക്ക് പോയി. ഇയാളെ ബാധിച്ചത് ഒമിക്രോൺ ആയിരുന്നു എന്ന പരിശോധനാഫലം പുറത്തു വന്നതും വ്യാഴാഴ്ചയാണ്. ഒരു യാത്രാ ചരിത്രവും ഇല്ലാത്ത 46കാരന് എങ്ങിനെ വൈറസ് ബാധിച്ചുവെന്നത് സംബന്ധിച്ച് വിശദ അന്വേഷണം നടത്തുമെന്ന് ഗുപ്ത അറിയിച്ചു.
Keywords: News, Mangalore, Karnataka, Top-Headlines, COVID-19, India, Vaccinations, Case, Hospital, Airport, Test, Dubai, UAE, First Omicron victims in India were those who took two doses of the vaccine.
< !- START disable copy paste -->