പൊതുജനങ്ങൾക്കും സ്‌കൂൾ വിദ്യാർഥികൾക്കും വയോജനങ്ങൾക്കും ആശ്രയമായ ഉദുമ ടൗണിൽ ഡി വൈ എഫ് ഐ പുനനിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം രാഷ്ട്രീയ പ്രേരിതമായി പൊളിച്ചു നീക്കാനുള്ള ജില്ലാ ഭരണ കൂടത്തിന്റെ നീക്കത്തെ ശക്തമായി നിയമപരമായി ചെറുത്തു തോൽപിക്കുമെന്നാണ് ഡി വൈ എഫ് ഐ വ്യക്തമാക്കുന്നത്..
2020 ൽ ഡി വൈ എഫ് ഐ ബ്ലോക് സെക്രടറി ആയിരുന്ന എ വി ശിവപ്രസാദ് കക്ഷി ചേർന്നുകൊണ്ടുള്ള കേസിൽ റിട് ഹർജി ഹൈകോടതിയിൽ സമർപിച്ചിരുന്നു. തുടർന്ന് വിശദീകരണം തേടിയ സാഹചര്യത്തിൽ കെ എസ് ടി പി റോഡിൻ്റെ വികസനത്തിന് അന്ന് ബസ് കാത്തിരിപ്പ് കേന്ദ്രം തടസമായി നിൽക്കുന്നുവെന്ന് കെ എസ് ടി പി ഉദ്യോഗസ്ഥർ റിപോർട് നൽകിയിരുന്നു. തുടർന്ന് പൊളിച്ചു നീക്കാൻ കോടതി ഉത്തരവിട്ടിരുന്നു.
2020 നവംബർ മാസത്തിൽ സംഘടനയുടെ മുൻകൈയോട് കൂടി കാത്തിരിപ്പ് കേന്ദ്രം പൊളിച്ചു നീക്കുകയും കെ എസ് ടി പി റോഡിൽ നിന്ന് കുറച്ച് മാറി നിശ്ചിത അകലത്തിൽ ഗതാഗത തടസമില്ലാതെ പുനർനിർമിച്ച കാത്തിരിപ്പ് കേന്ദ്രം സംബന്ധിച്ച് ഉദുമയിലെ യൂത് ലീഗ് നേതാവ് കോടതിയെ തെറ്റിദ്ധരിപ്പിക്കുകയും കോടതി അലക്ഷ്യം കാണിച്ചു പരാതി നൽകി പൊളിക്കുവാനുള്ള ഉത്തരവ് നേടുകയുമാണ് ഉണ്ടായതെന്ന് ഡി വൈ എഫ് ഐ കുറ്റപ്പെടുത്തുന്നു.
ജനങ്ങൾക്ക് ഉപകാരപ്രദമായ ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിക്കുവാനുള്ള മുസ്ലിം യൂത് ലീഗിന്റെ നെറികെട്ട രാഷ്ട്രീയ പ്രവർത്തനത്തെ ശക്തമായി അപലപിക്കുന്നതായും വിഷയത്തിൽ ഡി വൈ എഫ് ഐക്ക് വേണ്ടി പ്രമുഖ ഹൈകോടതി അഭിഭാഷകൻ കാർത്തിക് ഭവദാസ് ഹാജരാകുമെന്നുമാണ് ബ്ലോക് കമിറ്റി പറയുന്നത്. എന്നാൽ പുതിയ കാത്തിരിപ്പ് കേന്ദ്രം പണിതതും കെ എസ് ടി പി റോഡിൽ തന്നെയാണെന്നന്നാണ് എതിർകക്ഷികളുടെ ആരോപണം.
Keywords: Kasaragod, Kerala, News, Uduma, Road, Bus waiting shed, Case, Complaint, Court order, High-Court, DYFI, Political Party, Court orders demolition of bus waiting shed.