Join Whatsapp Group. Join now!
Aster MIMS 10/10/2023

സംസ്കൃതി - സി വി ശ്രീരാമന്‍ സാഹിത്യപുരസ്‌കാരം സ്വാദിഖ്‌ കാവിലിന്; 'കല്ലുമ്മക്കായ'യ്ക്ക് അംഗീകാരം

Sadiq Kavil won Samskruthi - CV Shriraman Literary Award #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ദോഹ: (www.kasargodvartha.com 01.11.2021)  ഖത്വർ സംസ്കൃതി - സി വി ശ്രീരാമന്‍ സാഹിത്യപുരസ്‌കാരം എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ സ്വാദിഖ്‌ കാവിലിന്. ‘കല്ലുമ്മക്കായ’ എന്ന അദ്ദേഹത്തിന്റെ ചെറുകഥയാണ് പുരസ്കാരത്തിന് അര്‍ഹമായത്. 50,000 രൂപയും പ്രശസ്തി ഫലകവുമാണ് പുരസ്കാരം.
 
Sadiq Kavil won Samskruthi - CV Shriraman Literary Award


ജിസിസി രാജ്യങ്ങളില്‍ താമസക്കാരായ 18 വയസിന് മുകളിലുള്ള പ്രവാസിമലയാളികളുടെ മുമ്പ് പ്രസിദ്ധീകരിച്ചിട്ടില്ലാത്ത മൗലിക രചനകളാണ് അവാര്‍ഡിന് പരിഗണിച്ചത്. ഖത്വർ, യുഎഇ, സൗദി അറേബ്യ, ബഹ്‌റൈന്‍, ഒമാന്‍ എന്നീ ജിസിസി രാജ്യങ്ങളില്‍ നിന്നുമായി 75 കഥകളാണ് മത്സരത്തിനുണ്ടായിരുന്നത്.

സാഹിത്യകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ അശോകന്‍ ചരുവില്‍, സാഹിത്യനിരൂപകനും എഴുത്തുകാരനുമായ ഇ പി രാജഗോപാലന്‍, തിരക്കഥാകൃത്തും എഴുത്തുകാരനുമായ കെ എ മോഹന്‍ദാസ്‌ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാര നിര്‍ണയം നടത്തിയത്. നവംബര്‍ അഞ്ചിന് വൈകീട്ട് നാല് മണിക്ക് ഐസിസി അശോക ഹാളില്‍ നടക്കുന്ന സംസ്കൃതി കേരളോത്സവം പരിപാടിയില്‍ പുരസ്കാര സമര്‍പണം നടക്കും.

കാസര്‍കോട് ചൗക്കി സ്വദേശിയാണ് സ്വാദിഖ് ‌ കാവിൽ. 12 വര്‍ഷത്തോളമായി ദുബൈയിൽ മനോരമ ഓണ്‍ലൈന്‍ റിപോര്‍ടറാണ്. മാധ്യമപ്രവര്‍ത്തനത്തിനൊപ്പം ആനുകാലിക ലേഖനങ്ങളും കഥകളും കവിതകളും എഴുതുന്നു. പരേതരായ കാവിൽ സുലൈമാൻ ഹാജി– മറിയം ഉമ്മ ദമ്പതികളുടെ മകനാണ്.

ഡിസി ബുക്സ് പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ 'ഔട്പാസ്’ എന്ന നോവൽ മികച്ച നോവലിനുള്ള ദോഹ ഗള്‍ഫ്‌ ഇൻഡ്യ ഫ്രൻഡ്ഷിപ് അസോസിയേഷന്‍റെ പ്രഥമ സാഹിത്യ പുരസ്കാരം, പ്രവാസി ബുക്‌ ട്രസ്റ്റ്‌ അവാര്‍ഡ് എന്നിവ നേടിയിട്ടുണ്ട്. 'ഖുഷി’ എന്ന ബാലനോവലിന് ചിരന്തന സാഹിത്യ പുരസ്‌കാരം ലഭിച്ചു. നാഷണല്‍ ബുക് ട്രസ്റ്റ് കഥാ പുരസ്‌കാരം, എം ഇ എസ് പൊന്നാനി അലുംനെ കഥാ അവാര്‍ഡ് തുടങ്ങിയവയും ലഭിച്ചിട്ടുണ്ട്.

'കാവിലെ പൂക്കള്‍ക്കും കിളികള്‍ക്കും’ (ഓര്‍മക്കുറിപ്പുകള്‍ -2018), ‘ജീവിതത്തിന്‍റെ നല്ലൊരു ഭാഗം’ (ഗള്‍ഫ് അനുഭവക്കുറിപ്പുകള്‍ - 2014), ‘കന്യപ്പാറയിലെ പെണ്‍കുട്ടി’ (നോവെല – 2014), ‘പ്രിയ സുഹൃത്തിന്’ (കഥകള്‍ - 2000), ജീവിതം എന്നിവയാണ് പ്രസിദ്ധീകരിച്ച മറ്റ് പുസ്തകങ്ങള്‍. ‌കഥയും ജീവിതവും, വിവേകാനന്ദം (ജീവിതകഥ), ബുകിഷ് എന്നീ പുസ്തകങ്ങൾ എഡിറ്റ് ചെയ്തു.

പുരസ്‍കാര വിതരണത്തിൽ ജൂറി അംഗങ്ങള്‍ ഓണ്‍ലൈന്‍ ആയി പരിപാടിയില്‍ പങ്കെടുക്കും. വൈകീട്ട് ആറ് മണിക്ക് നടക്കുന്ന സംസ്കൃതി കേരളോത്സവത്തിൽ വിവിധ കേരളീയ കലകൾ അരങ്ങേറും.

സംസ്കൃതി പ്രസിഡന്റ് അഹ്‌മദ്‌ കുട്ടി ആറളയില്‍, ജനറല്‍ സെക്രടറി എ കെ ജലീല്‍, പുരസ്കാര സമിതി കണ്‍വീനര്‍ ഇ എം സുധീര്‍, കേരളോത്സവം പ്രോഗ്രാം കണ്‍വീനര്‍ ഒ കെ സന്തോഷ്‌ എന്നിവര്‍ വാർത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Keywords: Award, Doha, Qatar, Gulf, News, Cash, Kerala, Kasaragod, Chowki, Book, Sadiq Kavil won Samskruthi - CV Shriraman Literary Award.

Post a Comment