കാമ്പസിൽ സർകാറിന്‍റെ കോവിഡ് പ്രോടോകോൾ പാലിക്കാൻ ഭൂരിപക്ഷം വിദ്യാർഥികളും തയ്യാറാവുന്നുണ്ട്. അതിനു കൂട്ടാക്കാത്ത വിദ്യാർഥികളെ ഉത്തരവാദപ്പെട്ട പ്രിൻസിപൽ എന്ന നിലക്ക് ശാസിച്ചിട്ടുണ്ട്. എന്നാൽ, മാസ്ക് അണിഞ്ഞു കൂട്ടംകൂടാതെ നിൽക്കണമെന്ന് പറഞ്ഞപ്പോൾ വിദ്യാർഥി അപ്രതീക്ഷിതമായി തന്നെ ദേഹോപദ്രവമേൽപ്പിക്കാൻ കൈ ഉയർത്തി വരികയാണുണ്ടായത്. പൊലീസ് ഇടപെട്ട് കോവിഡ് പ്രോടോകോൾ ലംഘിച്ചതിന് വിദ്യാർഥിയെ പിഴയടപ്പിച്ചു. അതിനു ശേഷം വിദ്യാർഥി സ്വമേധയാ വന്ന് ക്രിമിനൽ കേസ് എടുത്താൽ ജീവിതം ബുദ്ധിമുട്ടിലാവും സഹായിക്കണമെന്നും പറഞ്ഞ് കുനിഞ്ഞു നിന്ന് മാപ്പ് പറഞ്ഞു. അത് അന്നവിടെ അവസാനിച്ചതായിരുന്നു.
അത് ഒരു അടവായിരുന്നു എന്നത് ഇപ്പോഴാണറിയുന്നത്. മാപ്പ് പറയുന്നതിന്‍റേതാണെന്ന പേരിൽ ഇപ്പോൾ ഒരു വ്യാജ ഫോടോയും പ്രചരിപ്പിക്കുന്നു. ഞാൻ വിദ്യാർഥിയോട് കാൽപിടിച്ച് മാപ്പുപറയാൻ പറഞ്ഞുവെന്നും അതിനു നിർബന്ധിച്ചു എന്നും പറയുന്നത് പച്ചക്കള്ളമാണ്. കോളജിലെ എല്ലാ വിദ്യാർഥി സംഘടനകളോടും ഒരേ സമീപനമാണ് പ്രിൻസിപൽ എന്ന നിലക്ക് സ്വീകരിക്കുന്നത്. നവാഗതരായ വിദ്യാർഥികളെ സ്വീകരിക്കുന്നതിന് എല്ലാ വിദ്യാർഥി സംഘടനകളും കാമ്പസിൽ കൊടികളും തോരണങ്ങളും സ്ഥാപിച്ചിരുന്നു. എന്നാൽ, കോളജിൽ ദേശീയപതാക ഉയർത്തുന്ന കൊടിമരത്തിൽ എം എസ് എഫ്. അവരുടെ കൊടിയും തോരണങ്ങളൂം കെട്ടിയത് എടുത്തുമാറ്റാൻ പറഞ്ഞത് അവർക്ക് ഇഷ്ടമായിട്ടില്ല. അതിന്‍റെ പേരിൽ നേതാക്കൾ തനിക്കെതിരെ നേരിട്ട് നിരന്തരം ഭീഷണി മുഴക്കുകയുണ്ടായി.
കോളജ് പ്രിൻസിപൽ സ്ഥാനത്ത് നിർത്തില്ലായെന്നും നാട്ടിൽ ജോലിയെടുത്തു കഴിയാൻ വിടില്ലെന്നുമാണ് ഭീഷണിപ്പെടുത്തുന്നത്. അതിനു വേണ്ടികെട്ടിച്ചമച്ച അസത്യ കഥകൾ പ്രചരിപ്പിക്കുകയാണ്. പർദ ധരിച്ച് വരുന്ന പെൺകുട്ടികളെയും ഉയരം കുറഞ്ഞ കുട്ടിയെയും ആക്ഷേപിച്ചുവെന്ന് പറയുന്നത് സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യമാണ്. ഒരിക്കലും അങ്ങനെ ചെയ്തിട്ടില്ല. ഇതിൽ സാമുദായിക വികാരം വളർത്തിക്കൊണ്ടുവരാനുള്ള നീചമായ ശ്രമമാണ് ഇങ്ങനെയൊക്കെ പ്രചരിപ്പിച്ച് എം എസ് എഫ് നേതാവ് നടത്തുന്നതെന്ന് ആർക്കും മനസിലാകും. മാസ്ക് ധരിച്ച് സാമൂഹ്യ അകലം പാലിച്ചു മാത്രം കാമ്പസിൽ പെരുമാറണമെന്ന് കർശന നിർദേശമുള്ളപ്പോൾ അങ്ങനെയല്ലാതെ തികച്ചും അസ്വാഭാവികമായി കണ്ട വിദ്യാർഥികളെ ശാസിച്ചിട്ടുണ്ട്.
പകർചവ്യാധി പടരുന്ന ഈ സന്ദർഭത്തിൽ അതല്ലാതെ പറ്റില്ല. കോവിഡ് കാലത്ത് ഏത് കോളജ് കാമ്പസിലാണ് ഏത് പ്രിൻസിപലാണ് അത്തരം കാര്യങ്ങൾ അനുവദിച്ചിരിക്കുന്നത് എന്നറിയില്ല. 20 വർഷത്തിലധികമായി വിദ്യാർഥികളുടെയും കോളജിന്‍റെയും ക്ഷേമം മാത്രം മുൻനിർത്തി പ്രവർത്തിക്കുന്ന ഒരു അധ്യപികയായ തന്നെക്കുറിച്ച് വിദ്യാർഥികൾക്കിടയിലും പൊതുസമൂഹത്തിനിടയിലും അപകീർത്തിയുണ്ടാക്കാനുള്ള ഈ ശ്രമം ദുരുപദിഷ്ടമാണ്. അകാഡെമിക് രംഗത്ത് അഖിലേന്ത്യാടിസ്ഥാനത്തിൽ തന്നെ ഉയർന്ന ഗ്രേഡോടെ തല ഉയർത്തി നിൽക്കുന്ന കാസർകോട് ഗവ കോളജിന്‍റെ സമാധാനാന്തരീക്ഷം തകർത്ത് രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ദുഷ്ടലാക്ക് തിരിച്ചറിയണമെന്നും അതിനെതിരെ പൊതു മനഃസാക്ഷി ഉണരണമെന്നും ഡോ. രമ പറഞ്ഞു.
Keywords: Kasaragod, Kerala, News, Top-Headlines, Govt.college, Teacher, Issue,MSF, Case, Police, President, Social-Media, Media worker, Government, COVID-19, Kasaragod Govt College Principal in Charge says that to take legal action against MSF state president.