അതിർത്തിയിൽ പരിശോധനയ്ക്ക് വിധേയമാകുന്നവരുടെ ഫോൺ നമ്പറും മറ്റുവിവരങ്ങളും ശേഖരിച്ച ശേഷമാണ് കടത്തിവിടുന്നത്. പരിശോധനയ്ക്കായി മൂന്ന് ഷിഫ്റ്റുകളിലായി മുഴുവൻ സമയവും ഉദ്യോഗസ്ഥരെയും കർണാടക നിയോഗിച്ചിട്ടുണ്ട്. കാസർകോട്-മംഗ്ളുറു പാതയിൽ ബസ് സെർവീസ് നിർത്തിയിട്ടില്ല. കർണാടക ആർടിസിയുടെ ബസിൽ കയറുന്നവർ ആർടി പിസിആർ നെഗറ്റീവ് സെർടിഫികറ്റ് കാണിക്കണം. പരിശോധിക്കാൻ അധികൃതർ ബസ് ജീവനക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
പാരാമെഡികൽ സയൻസ്, മെഡികൽ, എൻജിനീയറിങ് തുടങ്ങി എല്ലാ കോളജുകളിലും കഴിഞ്ഞ 17 ദിവസങ്ങളിലായി ദക്ഷിണ കന്നഡ ജില്ലയിൽ എത്തിയ കേരളത്തിൽ നിന്നുള്ള വിദ്യാർഥികളുടെ പട്ടിക തയ്യാറാക്കാൻ കോളജുകൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും ഡോ. കിഷോർ കുമാർ അറിയിച്ചു. കേരളത്തിൽ നിന്നുള്ള എല്ലാ വിദ്യാർഥികളെയും, മുമ്പത്തെ പരിശോധന റിപോർട് പരിഗണിക്കാതെ ആർടി-പിസിആർ പരിശോധനയ്ക്ക് വിധേയരാക്കാനാണ് തീരുമാനം.
കാസർകോട്ട് നിന്ന് ദക്ഷിണ കന്നഡയിലേക്ക് നിത്യേന യാത്ര ചെയ്യുന്നവർ 14 ദിവസത്തിൽ ഒരിക്കൽ പരിശോധന നടത്തണം. മംഗ്ളൂറിലെ റെയിൽവേ സ്റ്റേഷനുകളിലും പരിശോധന തുടരുമെന്ന് വ്യക്തമാക്കിയ ജില്ലാ ആരോഗ്യ ഓഫീസർ, മാളുകളിൽ പ്രവേശിക്കുന്നതിന് വാക്സിനേഷൻ സെർടിഫികറ്റ് നിർബന്ധമാണെന്നും അറിയിച്ചു.
അതേസമയം നിരന്തരമുള്ള അതിർത്തിയിലെ നിയന്ത്രണങ്ങൾ യാത്രക്കാരിലും പ്രതിഷേധം ഉയർത്തുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ കർണാടകയുടെ നടപടിയെ വ്യാപകമായി വിമർശിക്കുന്നുണ്ട്. ദക്ഷിണാഫ്രികയിൽ കോവിഡ് വൈറസിന്റെ വകഭേദം കണ്ടെത്തിയപ്പോൾ കേരള-കർണാടക അതിർത്തിയായ തലപ്പാടിയിൽ എന്തിന് നിയന്ത്രണങ്ങൾ വേണമെന്നാണ് പല യാത്രക്കാരും ചോദിക്കുന്നത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി കാസർകോട് ജില്ലയിൽ കോവിഡ് കേസുകൾ ഗണ്യമായി കുറഞ്ഞിട്ടും അതിർത്തിയിൽ പരിശോധന നടത്തുന്നതിന്റെ യുക്തിയും അവർ ചോദ്യം ചെയ്യുന്നു.
കാസർകോട്ടെ വിദ്യാർഥികൾ, ജീവനക്കാർ, വ്യാപാരികൾ, വിമാനത്താവളത്തിലേക്കും ആശുപത്രികളിലേക്കും യാത്ര ചെയ്യുന്നവർ ഉൾപെടെ അനവധി പേരാണ് ദിനേന മംഗ്ളൂറിനെ ആശ്രയിക്കുന്നത്. ഇവർക്കെല്ലാം പ്രതിസന്ധിയാണ് അതിർത്തിയിലെ നിയന്ത്രങ്ങൾ വരുത്തിവെക്കുന്നത്.
Keywords: News, Kerala, Karnataka, Kasaragod, Top-Headlines, Mangalore, Thalappady, COVID-19, Certificates, Passenger, Government, Mobile Phone, Bus, District, State, Protest, Students, Karnataka tightens restrictions in Thalappadi border.
< !- START disable copy paste -->