വെള്ളരിക്കുണ്ട്: (www.kasargodvartha.com 11.11.2021) മൺചെരുവിലെ പടവുകൾ ഇറങ്ങി ജില്ലാ പൊലീസ് മേധാവി കോളനികളിലേക്ക് എത്തിയപ്പോൾ നീറുന്ന പരാതികളും പരിഭവങ്ങളുമായി ഊരിലെ മുതിർന്നവരും അമ്മമാരും. ബളാൽ പഞ്ചായത്തിലെ ഒന്നാം വാർഡിൽപ്പെട്ട മുണ്ടപ്ലാവ് പാല വളപ്പിൽ എസ് ടി കോളനിയിലേക്കാണ് വ്യാഴാഴ്ച രാവിലെ ജില്ലാ പൊലീസ് മേധാവി പി ബി രാജീവ് എത്തിയത്.
ജില്ലയിലെ എസ് ടി കോളനിയിൽ കഴിയുന്ന ദുർബല വിഭാഗത്തിൽപ്പെട്ടവരുടെ പരാതികൾ നേരിട്ട് കേൾക്കാനും അവരെ കാണാനും ആവശ്യമായ നടപടികൾ കൈകൊള്ളാനുമായിരുന്നു പൊലീസ് മേധാവിയുടെ വരവ്. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന പാല വളപ്പിൽ കോളനിയിൽ വന്ന പൊലീസ് മേധാവി മുൻപാകെ 52 പരാതികളാണ് എത്തിയത്.
റോഡ്, കുടിവെള്ളം, വീട്, ശുചി മുറി, പഠന മുറി, ചികിത്സാ ധന സഹായം തുടങ്ങി നീറുന്ന വിഷയങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു പരാതികൾ. എഴുതി തയ്യാറാക്കിയ പരാതികളുമായി എത്തിയവരെ മുന്നിൽ വിളിച്ചിരുത്തി അവർക്ക് ആവശ്യമായ കാര്യങ്ങൾ ചെയ്തു കൊടുക്കാൻ ബന്ധപ്പെട്ട അതാത് ഉദ്യോഗസ്ഥർക്ക് പൊലീസ് ചീഫ് നിർദേശം നൽകി.
പഠനം വഴി മുട്ടി നിൽക്കുന്ന കുട്ടികൾക്ക് എസ് ടി ഫൻഡ് ഉപയോഗിച്ച് തുടർ പഠനം സാധ്യമാക്കാനും ടൂഷ്യൻ ഫീസ് ഉൾപെടെയുള്ളവ ലഭ്യമാക്കാനുള്ള നടപടികൾ കൈകൊള്ളാനും പട്ടിക വർഗ വികസന ഓഫീസറോട് അഭ്യർഥിച്ചു. കോവിഡ് കാലത്തെ അടച്ചു പൂട്ടലിനെ തുടർന്ന് ഒന്നര വർഷത്തിനു ശേഷം വെള്ളരിക്കുണ്ട് താലൂകിൽ നടന്ന കോളനി സന്ദർശനവും പരാതി സ്വീകരിക്കലും ജില്ലാ പൊലീസ് മേധാവി ഉദ്ഘാടനം ചെയ്തു.
കോളനിയിലെ മിടുക്കരായ കുട്ടികൾക്ക് പഠനോപകരണങ്ങളും പൊലീസ് മേധാവി കൈമാറി. ചടങ്ങിൽ ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം രാധാമണി, സ്പെഷ്യൽ മൊബൈൽ സ്ക്വാഡ് ഡി വൈ എസ് പി കെ പി സുരേഷ് ബാബു, ഊരു മൂപ്പൻ കൃഷ്ണൻ, വാർഡ് മെമ്പർ ജോസഫ് വർക്കി, പ്രമോടർ രാജേഷ് മണിയറ പ്രസംഗിച്ചു. കാഞ്ഞങ്ങാട് ഡി വൈ എസ് പി ഡോ. വി ബാലകൃഷ്ണൻ സ്വാഗതവും വെള്ളരിക്കുണ്ട് സി ഐ എൻ ഒ സിബി നന്ദിയും പറഞ്ഞു.
Keywords: Kerala, Kasaragod, News, Police, Top-Headlines, Complaint, DYSP, District Police Chief visited ST Colony