Join Whatsapp Group. Join now!
Aster MIMS 10/10/2023

വൃക്ക രോഗികൾക്ക് ആശ്വാസം പകർന്ന് 'കരുതൽ' പദ്ധതിയുമായി കാറഡുക്ക ബ്ലോക് പഞ്ചായത്ത്; ഡയാലിസിസ് സെന്റര്‍ ഡിസംബര്‍ ഒന്നിന് തുറക്കും

Dialysis center of Karaduka Block Panchayat will open on December 1#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 29.11.2021) എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരും കര്‍ഷകരും കൂടുതലായി അധിവസിക്കുന്ന കാറഡുക്ക ബ്ലോക് പഞ്ചായത്ത് പരിധിയില്‍പ്പെട്ട ഏഴ് പഞ്ചായത്തുകളിലെ വൃക്ക രോഗികള്‍ക്ക് സൗജന്യമായും ചെലവ് കുറഞ്ഞ രീതിയിലും ഡയാലിസിസ് സംവിധാനം സജ്ജമാക്കാന്‍ ലക്ഷ്യമിട്ട് ബ്ലോക് പഞ്ചായത്ത് ഭരണസമിതി മുളിയാര്‍ സി എച് സിയില്‍ സജ്ജമാക്കിയ ഡയാലിസിസ് യൂനിറ്റ് 'കരുതല്‍' ഡിസംബര്‍ ഒന്നിന് പ്രവര്‍ത്തനമാരംഭിക്കുമെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പദ്ധതിയുടെ ലോഗോ ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം മധുസൂദനൻ പ്രസ് ക്ലബ് പ്രസിഡന്റ് മുഹമ്മദ് ഹാശിമിന് നൽകി പ്രകാശനം ചെയ്തു.

Kerala, Kasaragod, News, Top-Headlines, Dialysis-centre, Press Club, Pressmeet, Karadukka, Panchayath, Inauguration, Free Treatment, Hospital, Muliyar,  Dialysis center of Karaduka Block Panchayat will open on December 1.

 
രാവിലെ ഒമ്പതിന് നടക്കുന്ന പ്രവര്‍ത്തനോദ്ഘാടന പരിപാടിയില്‍ അഡ്വ. സി എച് കുഞ്ഞമ്പു എംഎല്‍എ, ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു എന്നിവരും മറ്റ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കും. മുന്‍ എംഎല്‍എ കെ കുഞ്ഞിരാമന്റെ പ്രദേശിക വികസനഫൻഡില്‍ നിന്ന് അനുവദിച്ച 50 ലക്ഷം രൂപയും കാസര്‍കോട് വികസന പാകേജില്‍ നിന്നും അനുവദിച്ച 52 ലക്ഷവും, കാറഡുക്ക ബ്ലോക് പഞ്ചായത്തില്‍ നിന്ന് 45 ലക്ഷം രൂപയും വകയിരുത്തിയാണ് യൂനിറ്റ് നിര്‍മിച്ചത്. മുന്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീചറാണ് കെട്ടിടോദ്ഘാടനം നിര്‍വഹിച്ചത്.

മുളിയാര്‍ സി എച് സിയില്‍ എന്‍ഡോസള്‍ഫാന്‍ പാകേജ് നബാര്‍ഡ് പദ്ധതിയില്‍ നിര്‍മിച്ച കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് സയാലിസിസ് യൂനിറ്റ് സജ്ജീകരിച്ചിരിക്കുന്നത്. കാറഡുക്ക ബ്ലോക് പഞ്ചായത്ത് പരിധിയില്‍പെടുന്ന മുളിയാര്‍, കാറഡുക്ക, ദേലംപാടി, ബേഡകം, കുറ്റിക്കോല്‍, ബെള്ളൂര്‍, കുമ്പഡാജെ പഞ്ചായത്തുകളിലായി 54 രോഗികളാണ് ഡയാലിസിസിന് അപേക്ഷിച്ചിട്ടുള്ളത്. അപേക്ഷിച്ചവരുടെ വീടുകളില്‍ ചെന്ന് വിദഗ്ധ സംഘം പരിശോധന നടത്തി, ഏറ്റവും കൂടുതല്‍ പരിഗണന അര്‍ഹിക്കുന്ന 24 പേരെ ആദ്യഘട്ടത്തില്‍ ഡയാലിസിസിനായി തെരഞ്ഞെടുത്തിട്ടുണ്ട്. തുടര്‍ന്ന് രണ്ടും, മൂന്നും ഷിഫ്റ്റുകളിലായി മുഴുവന്‍ രോഗികള്‍ക്കും ഡയാലിസിസിന്റെ പ്രയോജനം ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. യൂനിറ്റിന്റെ തുടര്‍ പ്രവര്‍ത്തനത്തിന് ഒരുമാസം ഒമ്പത് ലക്ഷത്തിലധികം രൂപ ചെലവാണ് പ്രതീക്ഷിക്കുന്നത്.

ഡയാലിസിസ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായി വരുന്ന തുക ത്രിതലപഞ്ചായത്തുകള്‍ പദ്ധതിയിനത്തില്‍ മാറ്റി വെച്ച തുകയും, ജനങ്ങളില്‍ നിന്നും, സംഘടനകളില്‍ നിന്നും ലഭിക്കുന്ന സംഭാവനയും ഉപയോഗപ്പെടുത്തി കണ്ടെത്തും. നിലവില്‍ തൃക്കരിപ്പൂര്‍, മഞ്ചേശ്വരം, കാഞ്ഞങ്ങാട് ബ്ലോക് പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കാസര്‍കോട്, പരപ്പ ബ്ലോക് പഞ്ചായത്തുകളുടെ നേതൃത്വത്തിലും ഡയാലിസിസ് സെന്ററുകള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

ഇതുകൂടി യാഥാർഥ്യമാവുന്നതോടെ ജില്ലയിലെ മുഴുവൻ വൃക്ക രോഗികൾക്കും ഡയാലിസിസ് ചെയ്യുന്നതിനുള്ള സൗകര്യം സർകാർ ആശുപത്രികളിൽ തന്നെ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുള്ള കാസർകോട് ഇനിഷ്യേറ്റീവ് ഫോർ ഡയാലിസിസ് സപോർട് ഇതിനാവശ്യമായ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.

വാർത്താസമ്മേളനത്തിൽ ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു, വൈസ് പ്രസിഡന്റ് കെ രമണി, സ്ഥിരം സമിതി അധ്യക്ഷന്മാരായ ബി കെ നാരായണൻ, പി സവിത, ബ്ലോക് പഞ്ചായത്ത് അംഗം എം കുഞ്ഞമ്പു നമ്പ്യാർ, മെഡികൽ ഓഫീസർ ഡോ. എസ് ലേഖ, എച് എം സി പ്രതിനിധി കെ ബി മുഹമ്മദ് കുഞ്ഞി, ഹെഡ് ക്ലർക് അശോക് കുമാർ കോടോം എന്നിവർ പങ്കെടുത്തു.

Keywords: Kerala, Kasaragod, News, Top-Headlines, Dialysis-centre, Press Club, Pressmeet, Karadukka, Panchayath, Inauguration, Free Treatment, Hospital, Muliyar,  Dialysis center of Karaduka Block Panchayat will open on December 1.
< !- START disable copy paste -->

Post a Comment