റാന്നി: (www.kasargodvartha.com 05.10.2021) പ്രണയം നിരസിച്ചതിന് പെണ്‍കുട്ടിയെ വീട്ടിലെത്തി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി. വെച്ചൂച്ചിറയിലാണ് സംഭവം. പരാതിയുടെ അടിസ്ഥാനത്തില്‍ എരുമേലി സ്വദേശി ആശിഖ് അശ്‌റഫിനെ (26) പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച വൈകീട്ടാണ് യുവാവ് വീട്ടിലെത്തി ആക്രമിച്ചതെന്ന് 23കാരിയായ വെണ്‍കുറിഞ്ഞി സ്വദേശിനിയുടെ പരാതില്‍ പറയുന്നു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: രണ്ടുവര്‍ഷത്തോളമായി ഇരുവരും പ്രണയത്തിലായിരുന്നു. ഇതിനിടെ യുവാവിന്റെ സ്വഭാവദൂഷ്യത്തെ തുടര്‍ന്ന് പെണ്‍കുട്ടി പ്രണയത്തില്‍നിന്ന് പിന്‍മാറി. ഇതോടെയാണ് യുവാവ് ഭീഷണിയുമായി രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം എരുമേലിയില്‍വച്ച് ഇരുവരും കണ്ടിരുന്നു. എന്നാല്‍ പ്രണയതാല്‍പര്യക്കുറവ് അറിയിച്ചശേഷം പെണ്‍കുട്ടി ഓടോയില്‍ തിരിച്ച് വീട്ടിലെത്തി.
ഇതിന് പിന്നാലെ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ യുവാവ് വീട്ടുകാരോട് പ്രണയ വിവരം പറഞ്ഞു. വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്നും അറിയിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയോട് ബൈകില്‍ കയറാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. വീട്ടുകാരുടെ ബഹളം കേട്ട് നാട്ടുകാരും എത്തി. എന്നാല്‍, പ്രണയത്തിലായിരുന്നപ്പോള്‍ എടുത്ത ചിത്രങ്ങളും മറ്റും കാണിച്ച് പെണ്‍കുട്ടിയെ യുവാവ് ഭീഷണിപ്പെടുത്തുകയും പെണ്‍കുട്ടിയെയും മാതാവിനെയും മര്‍ദിക്കുകയുമായിരുന്നു.
സ്ത്രീത്വത്തെ അപമാനിക്കല്‍, വീട് കയറി ആക്രമണം, ഐടി നിയമത്തിലെ 66 ഇ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇരുവരുടെയും സ്വകാര്യ സംഭാഷണത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് പറഞ്ഞ് പ്രതി ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി മൊഴി നല്‍കി.
പെണ്‍കുട്ടിയുടെ പരാതിയില്‍ റാന്നി ഡിവൈ എസ് പിയുടെ സ്‌ക്വാഡാണ് അറസ്റ്റ് ചെയ്തത്. കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.
Keywords: News, Top-Headlines, Pathanamthitta, Case, Complaint, Police, Girl, Attack, Young man alleged attack against girl who had withdrawn from love, Arrested