തിരുവനന്തപുരം: (www.kasargodvartha.com 17.10.2021) പൂഞ്ഞാറില്‍ കനത്ത മഴയെ തുടര്‍ന്ന് രൂപപ്പെട്ട വെള്ളക്കെട്ടിലൂടെ സാഹസികമായി ബസ് ഓടിച്ച കെ എസ് ആര്‍ ടി സി ഡ്രൈവര്‍ക്ക് സസ്പെന്‍ഷന്‍. ഈരാറ്റുപേട്ട ഡിപോയിലെ ഡ്രൈവര്‍ എസ് ജയദീപിനെയാണ് സസ്പെന്‍ഡ് ചെയ്തത്. സെന്റ് മേരീസ് പള്ളിക്കുമുന്നിലെ വലിയ വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ച് യാത്രക്കാരുടെ ജീവന് ഭീഷണിയും ബസിന് നാശനഷ്ടവും വരുത്തിയ ഡ്രൈവറെ സസ്പെന്‍ഡ് ചെയ്യാന്‍ ഗതാഗതമന്ത്രി ആന്റണി രാജുവാണ് കെ എസ് ആര്‍ ടി സി മാനേജിംഗ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയത്.
വെള്ളക്കെട്ട് മറികടക്കാനുള്ള ശ്രമത്തിനിടെ ബസ് മുങ്ങുകയും ചെയ്തു. തുടര്‍ന്ന് ബസിലുണ്ടായിരുന്ന യാത്രക്കാരെ നാട്ടുകാര്‍ ചേര്‍ന്നാണ് പുറത്ത് എത്തിച്ചു. ഇതിന്റെ വീഡിയോ പുറത്തുവന്നു.
കോട്ടയത്ത് ശക്തമായ മഴ തുടരുകയാണ്. മലയോരമേഖലയിലും നഗരത്തിലും കനത്ത മഴയാണ് തുടരുന്നത്. കാഞ്ഞിരപ്പള്ളി ടൗണിലടക്കം ഇക്കുറി വെള്ളം കേറി. കാഞ്ഞിരപ്പള്ളിയില്‍ മലവെള്ളപ്പാച്ചില്‍ മൂലം ആളുകള്‍ കുടുങ്ങി കിടക്കുന്ന സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനായി ജില്ലാ ഭരണകൂടം വ്യോമസേനയുടെ സഹായം തേടി.