കാസർകോട്: (www.kasargodvartha.com 07.10.2021) നഗരത്തിലെ ദേശീയ പാതയോരം കാട് കയറിയത് യാത്രാദുരിതത്തിന് കാരണമാകുന്നു. ഏതാനും ചികിത്സാലയങ്ങൾ സമീപത്തായി സ്ഥിതി ചെയ്യുന്നതും ദിനേന അനവധി പേർ കടന്നുപോകുന്നതുമായ പ്രധാനപ്പെട്ട സ്ഥലത്ത് തന്നെയാണ് ഈ ദുരവസ്ഥ. ഡ്രൈവർമാർക്ക് വളവ് കഴിഞ്ഞുവരുന്ന വാഹനങ്ങൾ കാണാനാവുന്നില്ല. കാൽ നടയാത്രക്കാർക്ക് റോഡിലൂടെ തന്നെ നടന്നുപോകേണ്ട സ്ഥിതിയാണിവിടെ. ഇഴജന്തുക്കളുടെ ഭീഷണിയും വാഹനങ്ങളുടെ അപകട ഭീഷണിയും കടന്നുവേണം കാൽ നടയാത്രക്കാർക്ക് ഇതിലൂടെ സഞ്ചരിക്കാൻ.
ജില്ലയുടെ വിവിധയിടങ്ങളിൽ ഇത്തരത്തിൽ റോഡുകൾ കാട് മൂടിക്കിടക്കുന്ന അവസ്ഥയാണ്. റോഡിന്റെ ഇരുവശങ്ങളും രണ്ടാൾ പൊക്കത്തിൽ പുല്ല് വളർന്ന് മൂടിയ നിലയിലാണ് പല സ്ഥലങ്ങളുടെയും അവസ്ഥ. ഇത് അപകടങ്ങൾക്ക് വഴിവെക്കുന്നതായും പരാതി ഉയരുന്നു. ചിലയിടങ്ങളിൽ എതിരെ വരുന്ന വാഹനങ്ങൾ കാണാൻ പോലും കഴിയുന്നില്ല. ഉൾപ്രദേശങ്ങളിലെ പല റോഡുകളും ഇത്തരത്തിൽ ഏറെ ഭീഷണി ഉയർത്തുന്നു. രണ്ട് വാഹനങ്ങൾ നേർക്കുനേരെ വന്നാൽ മാറി കൊടുക്കാൻ പോലും സ്ഥലം ഇല്ലാത്ത അവസ്ഥയാണുള്ളത്.
ഇത് വഴി സഞ്ചരിക്കുന്ന കാൽനട യാത്രക്കാരും പ്രയാസം അനുഭവിക്കുന്നു. ഇവിടങ്ങളിലുള്ള ഇഴജന്തുക്കളുടെ ശല്യം വഴിയാത്രക്കാർക്ക് പേടിസ്വപ്‌നമാണ്. പല തദ്ദേശ സ്ഥാപനങ്ങളിലും തൊഴിലുറപ്പ് പദ്ധതിയിൽ കാട് വെട്ടാൻ നടപടിയില്ലാത്തതാണ് ദുരിതത്തിന് കാരണമാകുന്നതെന്നാണ് ആക്ഷേപം.
ചില സ്ഥലങ്ങളിൽ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ കാടുകൾ വെട്ടിമാറ്റി ശുചീകരണ പ്രവർത്തനങ്ങൾ നടന്നുവരുന്നുണ്ട്. കുടുംബശ്രീ വഴിയും ഇത്തരത്തിൽ പ്രവർത്തനങ്ങൾ ചെയ്തുവരുന്നു. എന്നാൽ ഇവരുടെ പരിധിക്ക് പുറത്തുള്ള സ്ഥലങ്ങളിലാണ് കൂടുതലും പ്രശ്‌നങ്ങളുള്ളത്. സന്നദ്ധ സംഘടനകളുടെയോ കുടുംബശ്രീയുടെയോ തദ്ദേശ സ്ഥാപനങ്ങളുടെയോ ശ്രദ്ധ ഇത്തരം സ്ഥലങ്ങളിലേക്ക് കാര്യമായി എത്തുന്നില്ല.
കുമ്പള കോയിപ്പാടി - കൊപ്പളം തീരദേശ റോഡും, കാട് കയറി റോഡ് ചുരുങ്ങിയ സ്ഥിതിയിലാണ്. വാഹന, കാൽനട യാത്രക്കാർക്ക് ഒരു പോലെ പ്രയാസമാണ് ഇത് സൃഷ്ടിക്കുന്നത്. റോഡിലേക്ക് വളർന്ന കാടുകൾ വെട്ടി മാറ്റാൻ കുമ്പള ഗ്രാമ പഞ്ചായത്ത് അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
സമാന ആവശ്യമാണ് വിവിധ സ്ഥലങ്ങളിൽ നിന്ന് ഉയർന്നുവരുന്നത്. സ്‌കൂളുകൾ തുറക്കുന്നതോടെ കുട്ടികൾ അടക്കം കടന്നുപോകുന്ന പാതയോരങ്ങളിലെ ഭീഷണികൾ അധികൃതർ ഇടപെട്ട് ഒഴിവാക്കി സുരക്ഷിത യാത്ര ഒരുക്കണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.
Keywords: Kerala, News, Kasaragod, Road, Road-side, Top-Headlines, Video, Passenger, Grass, Bushes, Pedestals, Roads filled with bushes.
< !- START disable copy paste -->