Join Whatsapp Group. Join now!
Aster MIMS 10/10/2023

'യുവാവിന്റെ ഉടലും തലയും വേർപെടുത്താൻ നൽകിയത് അഞ്ചു ലക്ഷത്തിന്റെ ക്വടേഷൻ'

Reports that quotation of Rs 5 lakh given for separation of body and head of youth#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
സൂപ്പി വാണിമേൽ

മംഗ്ളുറു: (www.kasargodvartha.com 09.10.2021) ഇതര മതത്തിൽ പെട്ട അയൽക്കാരി പെൺകുട്ടിയുമായി ഇഷ്ടത്തിലായതിന് യുവാവിന്റെ ഉടലും തലയും വേർപെടുത്തി റയിൽവേ ട്രാകിൽ എറിഞ്ഞെന്ന സംഭവത്തിൽ സംഘം നടപ്പാക്കിയത് അഞ്ചു ലക്ഷം രൂപയുടെ ക്വടേഷൻ എന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചതായി റിപോർട്. പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നതെന്ന് ബെലഗാവി ജില്ല പൊലീസ് സൂപ്രണ്ട് ലക്ഷ്മൺ നിമ്പാർഗി പറഞ്ഞു.

Reports that quotation of Rs 5 lakh given for separation of body and head of youth

ഡെപ്യൂടി പൊലീസ് സൂപ്രണ്ട് ശിവാനന്ദ് കടഗി, സർകിൾ ഇൻസ്‌പെക്ടർമാരായ യു എച് സതേനഹള്ളി, സുരേഷ് സിൻഗി, എസ് ബി മലഗോണ്ട്, എസ് ഐമാരായ യു എസ് അവതി, ശിവാനന്ദ് കർജോൽ എന്നിവരാണ് ടീം അംഗങ്ങൾ. കേസ് അന്വേഷണം റെയിൽവേ പൊലീസ് ജില്ല പൊലീസിന് കൈമാറിയിരുന്നു. ബെലഗാവിയിലെ പരേതനായ മുഹമ്മദ് ഗൗസ് ശെയ്ഖിന്റെ മകൻ അർബാസ് അഫ്താബ് (24) കൊല്ലപ്പെട്ടതാണെന്ന് ബെലഗാവി ഇൻസ്റ്റിറ്റ്യൂട് ഓഫ് മെഡികൽ സയൻസസിലെ ഡോക്ടർമാരുടെ പോസ്റ്റ് മോർടെം റിപോർട് അവലംബിച്ച് പൊലീസ് വ്യക്തമാക്കിയിരുന്നു.

ഇതേത്തുടർന്ന് യുവാവ് ഇഷ്ടപ്പെട്ടതായി പറയുന്ന സ്വേത കുമ്പാറിന്റെ (20) അച്ഛൻ എരപ്പ ബസവണ്ണെ (54), അമ്മ സുശീല കുമ്പാർ (42), ശ്രീരാമ സേന (ഹിന്ദുസ്താൻ) നേതാവ് മഹാരാജ നാഗപ്പ എന്ന പുണ്ഡലിക് മുത്ഗേക്കർ (50), വാടകക്കൊലയാളികൾ എന്ന് കരുതുന്ന മാരുതി പ്രഹ്ലാദ് സുഗതെ (30), മഞ്ചുനാഥ തുകാറാം ഗൊണ്ടലി (25), ഗണപതി ജ്ഞാനേശ്വര സുഗതെ (27), പ്രശാന്ത് കല്ലപ്പ പടിൽ(28), പ്രവീൺ ശങ്കര(28), ഖുതുബുദ്ദീൻ അല്ലാബക്ഷ്(36), ശ്രീധര മഹാദേവ ഡോണി(30) എന്നിവരെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ മാസം 28നാണ് യുവാവിന്റെ മൃതദേഹം ബെലഗാവി ഖാനപൂർ റെയിൽപാളത്തിൽ കണ്ടെത്തിയത്. തല വേർപെട്ട മൃതദേഹത്തിൽ കൈകൾ പിറകിൽ ചേർത്തു കെട്ടിയ നിലയിലുമായിരുന്നു. റയിൽവേ പൊലീസ് തീവണ്ടി തട്ടി മരണത്തിൽ ഉൾപെടുത്താൻ തുനിഞ്ഞ സംഭവത്തിൽ അഫ്താബിന്റെ ഉമ്മ നസീമ ശെയ്ഖിന്റെ പരാതിയെത്തുടർന്നാണ് കേസ് റജിസ്റ്റർ ചെയ്തത്. സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെ പൊലീസ് അറസ്റ്റ് നടപടികളിലേക്ക് കടന്നു.

അഫ്താബിന്റെ മൃതദേഹം കണ്ട ദിവസം വൈകുന്നേരം 6.30നും 7.30നും ഇടയിൽ അഞ്ചുപേരെ ട്രാകിനടുത്ത് കണ്ടതായി പൊലീസിന് വിവരം ലഭിച്ചുവെന്നാണ് റിപോർട്. അറസ്റ്റിലായ 10 പേരിൽ ഈ അഞ്ചു പേർക്കാണ് കൊലപാതകത്തിൽ നേരിട്ട് പങ്കെന്നും പൊലീസിന് സൂചന കിട്ടി. അറസ്റ്റിലായ ഖുതുബുദ്ദീനും കൂട്ടത്തിൽ ഉണ്ടായിരുന്നുവെന്നാണ് പറയുന്നത്. ശ്രീരാമ സേന (ഹിന്ദുസ്താൻ) നേതാക്കൾക്കും അഫ്താബിനും ഇടയിൽ മധ്യസ്ഥനായാണ് ഇയാൾ രംഗത്തുവന്നിരിക്കുന്നതെന്നാണ് വിവരം.


'മറന്നേക്ക് മോനേന്ന് പലവട്ടം പറഞ്ഞുനോക്കി; മരണക്കത്തി അവനെത്തേടിയെത്തി'

അയൽക്കാരി പെൺകുട്ടിയുമായി അഫ്താബിനുള്ള ബന്ധം അറിഞ്ഞ മുതൽ പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നതായി ഉമ്മ ബെലഗാവി ഗവ. സ്കൂൾ ഉർദു അധ്യാപിക നസീമ പറഞ്ഞു. 'ബെലഗാവിയിൽ നിന്ന് 26 കിലോമീറ്റർ അകലെ ഖാനപൂരിലെ താമസക്കാലത്താണ് ഇരുവരും തമ്മിലുള്ള ഇഷ്ടം മനസിലായത്. അവിടം വിട്ട് കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ മൂന്നിടങ്ങളിൽ മാറിമാറി താമസിച്ചു. ഖാനപൂരിലേക്ക് തന്നെ മടങ്ങാം ഉമ്മാ എന്നാണ് അവൻ എപ്പോഴും പറയുക. തയ്യൽക്കാരനായ അവന്റെ ഉപ്പ നാലു വർഷം മുമ്പ് മരിച്ചിരുന്നു. സഹോദരി തർസില അതാബ് ഭർത്താവിനൊപ്പം യു കെയിലാണ് താമസം.

പാസ്പോർട് സംബന്ധമായ കാര്യങ്ങൾക്ക് താൻ ഗോവ പനാജിയിലേക്ക് പോയി തീവണ്ടിയിൽ മടങ്ങിയ ദിവസമാണ് മകന്റെ ഫോണിൽ നിന്ന് റയിൽവേ പൊലീസ് വിളിച്ച് റെയിൽപാളത്തിൽ മൃതദേഹം കിടക്കുന്നു എന്നറിയിച്ചത്. അവർ അവന്റെ ജീവനെടുക്കാൻ പിന്നാലെ ഉണ്ടെന്ന് അറിയാമായിരുന്നതിനാൽ അതൊരു അപകടമോ ആത്മഹത്യയോ അല്ലെന്ന് തനിക്ക് ഉറപ്പായിരുന്നു. ഈ മാസം മൂന്നിനാണ് ജില്ല പൊലീസ് സൂപ്രണ്ടിന് പരാതി നൽകിയത്. പൊലീസിൽ നിന്ന് നീതി ലഭിക്കും എന്നാണ് വിശ്വാസം' - നസീമ പറഞ്ഞു.


പ്രതികൾ എന്റെ അനുയായികളെന്ന് രമാകാന്ത്

കേസിൽ പ്രതി ചേർത്തവർ തന്റെ അനുയായികളാണെന്ന് ശ്രീരാമ സേന (ഹിന്ദുസ്താൻ) ബെലഗാവി ജില്ല പ്രസിഡണ്ട് രമാകാന്ത് കൊണ്ടുസ്കർ പറഞ്ഞു. 'സേന ബെലഗാവി താലൂക് പ്രസിഡണ്ടാണ് മുത്ഗേക്കർ. അദ്ദേഹത്തിന്റേയും സഹപ്രവർത്തകരുടേയും പ്രവർത്തനങ്ങളിൽ അഭിമാനമുണ്ട്. നൂറുക്കണക്കിന് ഇത്തരം ബന്ധങ്ങൾ അവർ വേർപെടുത്തി. എന്നാൽ ആരേയും കൊന്നിട്ടില്ല' - രമാകാന്ത് പറഞ്ഞു. ശ്രീരാമ സേന നേതാവ് പ്രമോദ് മുതലികുമായി അകന്ന് മറ്റൊരു സേനയുണ്ടാക്കിയ രമാകാന്ത് ബെലഗാവിയിൽ നിന്ന് രണ്ടു തവണ നിയമസഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടിരുന്നു.


അറസ്റ്റ് നടന്നതിനാൽ ഉവൈസിയുടെ പരിപാടി മാറ്റിയതായി ലത്വീഫ് ഖാൻ പതൻ

യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് ഓൾ ഇൻഡ്യ മജ്ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ ആഭിമുഖ്യത്തിൽ നടത്താൻ നിശ്ചയിച്ച പരിപാടികൾ കേസിൽ അറസ്റ്റുകൾ നടന്നതിനാൽ മാറ്റിവെച്ചതായി സംസ്ഥാന സെക്രടറി ലത്വീഫ് ഖാൻ പതൻ പറഞ്ഞു. പാർടി ചെയർമാൻ അസദുദ്ദീൻ ഉവൈസി എം പി പ്രതിഷേധത്തിൽ കണ്ണിയാവാൻ എത്തുമെന്ന് അറിയിച്ചിരുന്നു.

Keywords: Karnataka, News, Mangalore, Top-Headlines, Murder-case, Murder, Boy, Love, Political party, Arrest, Police, Investigation, Reports that quotation of Rs 5 lakh given for separation of body and head of youth.

< !- START disable copy paste -->

Post a Comment