മംഗ്ളുറു: (www.kasargodvartha.com 27.10.2021) മംഗ്ളൂറിൽ നിന്ന് കുവൈറ്റിലേക്കുള്ള വിമാനത്തിന്റെ പുതിയ സമയവും ഉയർന്ന നിരക്കും യാത്രക്കാരെ വലയ്ക്കുന്നുവെന്ന് പരാതി. കോവിഡ് രണ്ടാം തരംഗം അവസാനിച്ചിട്ടും ഇതുവരെ വിമാന സെർവീസ് പുനരാരംഭിച്ചിട്ടുമില്ല. മുൻകാലങ്ങളിൽ കുവൈറ്റിൽ നിന്ന് വ്യാഴാഴ്ചകളിൽ രാത്രി പുറപ്പെടുന്ന വിമാനം വെള്ളിയാഴ്ച രാവിലെ ഇവിടെയെത്തുമായിരുന്നു. മംഗ്ളൂറിൽ നിന്ന് രാത്രി 8.45ന് പുറപ്പെട്ട് രാത്രി 11.15ന് കുവൈറ്റിലെത്തുമായിരുന്നു. തിരിച്ച് കുവൈറ്റിൽ നിന്ന് അർധരാത്രി 12.15ന് പുറപ്പെടുന്ന വിമാനം പുലർചെ 7.30ന് മംഗ്ളൂറിലെത്തിയിരുന്നു.
വ്യാഴം, വെള്ളി ദിവസങ്ങളിൽ മംഗ്ളൂറിൽ നിന്ന് പുറപ്പെടുകയോ എത്തുകയോ ചെയ്യുന്ന യാത്രക്കാർക്ക് ഈ സമയം വളരെ സൗകര്യപ്രദമായിരുന്നു. കുവൈറ്റിലെ ആഴ്ചതോറുമുള്ള അവധി വെള്ളി, ശനി ദിവസങ്ങളിലാണ്. ഈ രണ്ട് ദിവസങ്ങൾ പ്രയോജനപ്രദമായി വിനിയോഗിക്കാമെന്നതും ഒരാഴ്ചത്തെ അവധിയിൽ വരുന്ന ആളുകൾക്ക് ഈ സമയം പരമാവധി പ്രയോജനപ്പെടുത്താമെന്നതും മേന്മയായിരുന്നു
എന്നാൽ ആദ്യ ലോക് ഡൗണിന് ശേഷം കുവൈറ്റിലേക്കുള്ള എയർ ഇൻഡ്യ വിമാനങ്ങളുടെ സമയക്രമം മാറ്റുകയായിരുന്നു. ഇപ്പോഴുള്ള ബുധൻ, ശനി ദിവസങ്ങളിലെ ഈ സെർവീസ് സൗകര്യപ്രദമല്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇപ്പോൾ രാവിലെ ഏഴ് മണിക്ക് മംഗ്ളൂറിൽ നിന്ന് പുറപ്പെടുന്ന വിമാനം 11.05 ന് ബഹ്‌റൈൻ വഴി കുവൈറ്റിലെത്തും. അവിടെ നിന്ന് ഉച്ചയ്ക്ക് 12.15ന് പുറപ്പെട്ട് രാത്രി 7.15ന് ഇവിടെയെത്തും. ഏഴ് മണിക്കുള്ള വിമാനം പിടിക്കാൻ അവർ മൂന്ന് മണിക്കൂർ മുമ്പ് വിമാനത്താവളത്തിൽ എത്തുകയും വേണം. ഈ മാറ്റത്തിന് ന്യായമായ കാരണങ്ങളൊന്നും ഇതുവരെ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. അതിനാൽ നേരത്തെ നിശ്ചയിച്ച സമയക്രമം പാലിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
മംഗ്ളൂറിൽ നിന്ന് കുവൈറ്റിലേക്കുള്ള വിമാന നിരക്ക് സാധാരണയേക്കാൾ 10,000 മുതൽ 15,000 വരെ കൂടുതലാണെന്നാണ് ആക്ഷേപം. മംഗ്ളൂറിനെ അപേക്ഷിച്ച് കണ്ണൂരിൽ നിന്ന് കുവൈറ്റിലേക്കുള്ള വിമാന നിരക്ക് വളരെ കുറവാണെന്ന് സ്ഥിരം യാത്രക്കാർ പറയുന്നു. കണ്ണൂരിൽ നിന്ന് മറ്റ് രാജ്യങ്ങളിലേക്കുള്ള വിമാന സെർവീസ് കൂടിയതാണ് ഇതിന് കാരണമെന്നാണ് എയർ ഇൻഡ്യ അധികൃതർ പറയുന്നത്. അനുകൂലമായ സമയക്രമവും വിമാന നിരക്കിലെ വ്യത്യാസവും കണക്കിലെടുത്ത് പലരും കണ്ണൂരിനെ ആശ്രയിക്കുന്നത് കണ്ണൂർ വിമാനത്താവളത്തിന് നേട്ടമായി. മംഗ്ളൂറിനെയാണ് ഇത് പ്രതികൂലമായി ബാധിക്കുന്നത്.
Keywords: Karnataka, News, Mangalore, Top-Headlines, Kuwait, Airport, Flight service from Mangalore to Kuwait not resumed; Time shifts and high rates make it difficult for passengers.
< !- START disable copy paste -->