Join Whatsapp Group. Join now!
Aster MIMS 10/10/2023

പറഞ്ഞാല്‍ തീരാത്ത നാട്ടുവിശേഷങ്ങള്‍

Endless folklore#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പുസ്തക പരിചയം

കുട്ടിയാനം മുഹമ്മദ്കുഞ്ഞി

(www.kasargodvartha.com 29.10.2021) ഒരു പുസ്തകം വായിച്ചുകഴിഞ്ഞാല്‍ അത് എന്നില്‍ ഏതെങ്കിലും തരത്തിലുള്ള സ്വാധീനം ചെലുത്തിക്കഴിഞ്ഞാല്‍ ആ പുസ്തകത്തെക്കുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്തണമെന്ന പക്ഷക്കാരനാണ് ഞാന്‍. പ്രമുഖ എഴുത്തുകാരനായ ഇബ്രാഹിം ചെര്‍ക്കളയുടെ 'ഉപ്പാപ്പയുടെ നാട്ടുവിശേഷങ്ങള്‍' എന്ന കുട്ടികള്‍ക്കുള്ള നോവല്‍ കണ്ടപ്പോള്‍ ഒന്നു വായിച്ചുനോക്കിയതാണ്. ഒറ്റ ഇരുപ്പില്‍ തന്നെ വായിച്ചു തീര്‍ക്കാനാവുന്നതരത്തിലുള്ള വായനാസുഖം പകര്‍ന്നുതരുന്നതാണ് ഈ പുസ്തകം.
 
Endless folklore

മലയാളത്തിലെ ഒട്ടുമിക്ക ആനുകാലികങ്ങളിലും നവമാധ്യമങ്ങളിലും കഥകളും ലേഖനങ്ങളും നോവലുകളും എഴുതി ശ്രദ്ധേയനായ എഴുത്തുകാരന്റെ പല രചനകളും പുസ്തകരൂപത്തിലായിട്ടുണ്ടെങ്കിലും, കുട്ടികളുടെ ഇളം മനസ്സുകള്‍ കണ്ടറിഞ്ഞ് കുഞ്ഞുങ്ങളുടെ സ്വഭാവങ്ങള്‍ ഒപ്പിയെടുത്ത് കുട്ടിത്വത്തിന്റെ മെയ്‌വഴക്കത്തോടെ എഴുതി അനുവാചക ഹൃദയങ്ങളിലേക്ക് പകുത്തുനല്‍കുക എന്നത് മറ്റു രചനകളെപ്പോലെ അത്ര എളുപ്പമുള്ള കാര്യമല്ല. ഇത്തരം രചനകള്‍ നടത്തുമ്പോള്‍ എഴുത്തുകാരന്റെ മനസ്സും ചിന്തകളുമെല്ലാം ഒരുപാട് കാലങ്ങള്‍ പിറകോട്ട് സഞ്ചരിക്കേണ്ടതായിട്ടുണ്ട്. അത് അത്ര എളുപ്പമുള്ള കാര്യമല്ലെങ്കിലും ധൈര്യത്തോടെ ഒരു പരീക്ഷണത്തിന് മുതിര്‍ന്ന ഇബ്രാഹിം ചെര്‍ക്കള എന്ന തഴക്കവും പഴക്കവും വന്ന എഴുത്തുകാരന്‍ ബാലസാഹിത്യ രചനയിലും തന്റെ മികവ് തെളിയിച്ചിട്ടുണ്ടെന്ന് ഈ കൃതി വായിക്കുന്ന ഏതൊരാളും സമ്മതിക്കേണ്ടിവരും.

സമ്പത്തും ആരോഗ്യവുമുള്ള കുടുംബനാഥനായിരുന്ന കാലത്ത് രാപ്പകല്‍ അദ്ധ്വാനിച്ച് ഭാര്യയേയും മക്കളേയും പോറ്റിവളര്‍ത്തി വയസ്സാകുമ്പോള്‍ പഴയതുപോലെ പണിയെടുക്കാനുള്ള കരുത്തില്ലാതെ വരുമ്പോള്‍ ചുക്കിച്ചുളിഞ്ഞ് ഓരോ അസുഖങ്ങളുമായി മൂലക്കിരിക്കേണ്ടി വരുമ്പോഴാണ് പല മക്കള്‍ക്കും മരുമക്കള്‍ക്കും ഈ മനുഷ്യന്‍ ഒരു ഭാരമായി മാറുന്നത്. ഈ ശല്യം ഒഴിവാക്കാനുള്ള വഴിതേടി വൃദ്ധസദനങ്ങള്‍ തിരക്കി നടക്കുന്നതിനിടയില്‍ തൊട്ടതിനും വെച്ചതിനുമെല്ലാം ഓരോ കുറ്റങ്ങള്‍ കണ്ടെത്തി കുറ്റപ്പെടുത്തുകയും ചെയ്യും. ഈ അവസ്ഥകളാണ് ഇബ്രാഹിം ഉപ്പാപ്പയിലൂടെ ഇവിടെ വരച്ചുകാണിക്കുന്നത്.

ശകാരങ്ങളും കുത്തുവാക്കുകളും മനസ്സിനെ നൊമ്പരപ്പെടുത്തുമ്പോഴും അതൊന്നും കൂട്ടാക്കാതെ രാവിലേയും വൈകുന്നേരവും സവാരിക്കിറങ്ങാറുള്ള ഉപ്പൂപ്പ വൈകുന്നേരങ്ങളിലെ നടത്തത്തിന്ന് തന്റെ പേരക്കുട്ടികളായ റഹ്‌യാനേയും റംസീനെയും ഒപ്പം കൂട്ടാറുള്ളത് കൊണ്ട് ഉപ്പാപ്പയ്ക്ക് പുതിയ ഉണര്‍വ്വും ആവേശവും പകര്‍ന്നു കിട്ടുന്നുണ്ട്. ഏറെ താമസിയാതെ തന്നെ അവരുടെ കൂട്ടുകാരായ ഗോപിക്കുട്ടനും ജാനകിയും മുസ്തഫയും സൈനബയും പിന്നെ ഗള്‍ഫില്‍ നിന്നും നാട്ടില്‍ വന്ന മൊയ്തുഹാജിയുടെ പേരക്കുട്ടികളായ ആസിഫും സഫൂറയും കൂട്ടുചേര്‍ന്നപ്പോള്‍ അവരുടെ സായാഹ്ന സവാരിക്ക് ഉഷാറും ഉന്മേഷവും വര്‍ദ്ധിച്ചു.

ഇങ്ങനെ ഉപ്പൂപ്പ തന്റെ ശാരീരിക അവശതകളും മനോവൈഷമ്യങ്ങളും മറന്ന് കൊച്ചുകുട്ടികള്‍ക്ക് സന്തോഷവും വിജ്ഞാനവും പകര്‍ന്നുകൊണ്ട് നാട്ടുവഴിയിലൂടെ തോടും പറമ്പും പാടശേഖരങ്ങളും കണ്‍കുളിര്‍ക്കെ കണ്ടും, വായനശാലയും തപാല്‍ ഓഫീസും കൂടാതെ, അരി കായ്ക്കുന്ന മരവും മാങ്ങയും ചക്കയും പേരക്കയും നെല്ലിക്കയും വിളയുന്ന മരങ്ങളും മനസ്സിലാക്കി, അവയുടെ കാര്യഗൗരവങ്ങളും അവയുടെ പിന്നിലുള്ള ചരിത്രസംഭവങ്ങളും പറഞ്ഞുപഠിപ്പിക്കുന്നതിനിടയില്‍ സ്വന്തം കീശയിലെ പൊതിയെടുത്ത് മിഠായികള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്യാറുമുണ്ട്. താളത്തില്‍ നാടന്‍പാട്ടുകള്‍ പാടിക്കൊണ്ട് ശര്‍ക്കരയുടെ മാധുര്യം നുകരുക മാത്രമല്ല, പോയകാലത്ത് ഈ വയലില്‍ വിളയിച്ചിരുന്ന കരിമ്പിന്റെയും അവ വെട്ടിയെടുത്ത് ചക്കില്‍ ആട്ടി കരിമ്പിന്‍ പാലുണ്ടാക്കി ആറ്റിക്കുറുക്കി ശര്‍ക്കരയുണ്ടാക്കിയിരുന്ന പോയി മറഞ്ഞ ഒരു കാലത്തിന്റെ മധുര സ്മരണകള്‍ അയവിറക്കിക്കൊണ്ടുള്ള യാത്ര എന്തൊരു രസമായിരുന്നു.

ഇങ്ങനെ ഓരോ സായാഹ്നങ്ങളും വന്നെത്താന്‍ കാത്തിരിക്കുമായിരുന്ന വൈകുന്നേരങ്ങള്‍ എത്ര പെട്ടെന്നാണ് കൊഴിഞ്ഞുപോയത്. കുട്ടികളോട് വിശേഷങ്ങള്‍ പങ്കുവെച്ച് നാട്ടിന്‍പുറങ്ങള്‍ ചുറ്റിക്കറങ്ങി പുതിയ പുതിയ അത്ഭുതങ്ങള്‍ കണ്ട് സായൂജ്യമടയുന്ന ഇളംമനസ്സുകളോടൊപ്പം ഒരു യാത്രക്കാരനായി, അവരുടെ കളിക്കൂട്ടൂകാരനായി കറങ്ങി നടക്കുന്ന വായനക്കാരനും പുസ്തകം വായിച്ചുതീര്‍ന്നല്ലോ എന്ന നിരാശയോടെ, ഉപ്പാപ്പയുടെ നാട്ടുവിശേഷങ്ങള്‍ അവസാനിക്കുന്നിടത്തുനിന്നാണ് പുതുതലമുറയ്ക്കു അന്യമായിപ്പോയ എഴുത്തുപെട്ടിയുടെ കഥ പറഞ്ഞു തുടങ്ങുന്നത്.

ഒരുകാലത്ത് നമ്മുടെ ഉള്‍നാടന്‍ ഗ്രാമങ്ങളുടെ പ്രതീകമായിരുന്ന ചായമക്കാനിയും ബാര്‍ബര്‍ ഷോപ്പുകാരനും അതിലുപരി കുഞ്ഞുമനസ്സുകളില്‍ ഏറെ സ്വാധീനം ചെലുത്താറുള്ള അഞ്ചലോട്ടക്കാരനും ഒരു നാടിന്റെ പ്രതീകമായി നാട്ടുകാരുടെ മനസ്സില്‍ കുഞ്ഞുനാളുതൊട്ടേ പതിഞ്ഞ രൂപങ്ങളാണ്. കാരണം എല്ലാവരോടും തമാശകള്‍ പറഞ്ഞു കളിച്ചു ചിരിച്ച് നിത്യവും കാണാറുള്ള ആ മുഖം ആര്‍ക്കാണ് മറക്കാനാവുക. കത്തും മണിയോര്‍ഡറുകളും ദുബായില്‍ നിന്നുള്ള ഡ്രാഫ്റ്റും ബുക്കും പാര്‍സലുകളുമായി വന്നെത്താറുള്ള രാമേട്ടനും, വേണുവേട്ടനും എന്റെ നാട്ടിലെ ഭാസ്‌കരനും, രാജുവുമെല്ലാം ആരുടെ മനസ്സില്‍ നിന്നാണ് മാഞ്ഞുപോവുക. ആ ഒരു കാലത്തിന്റെ ജീവന്‍ തുടിക്കുന്ന വാങ്മയ ചിത്രങ്ങളാണ് ഇബ്രാഹിം ചെര്‍ക്കള വര്‍ണ്ണ ഭംഗികളോടെ കോറിയിട്ട് പുതുതലമുറയിലെ കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ വിസ്മയം കൊള്ളിച്ചിരിക്കുന്നത്.

കേവലം അറുപത്തിനാലു പേജ് മാത്രമുള്ള ഈ കൊച്ചു പുസ്തകത്തില്‍ രണ്ടു ലഘുനോവലുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും കുട്ടികള്‍ക്ക് വേണ്ടി പറയുന്ന ഈ കഥയിലൂടെ വലിയ സന്ദേശവും അറിവും പകര്‍ന്നുതരുവാന്‍ എഴുത്തുകാരന് സാധിച്ചിട്ടുണ്ട്, എന്നത് തന്നെയാണ് ഈ പുസ്തകത്തിന്റെ വേറിട്ട വായനാനുഭവം പകര്‍ന്നുതരുന്നത്. വിജയാശംസകള്‍.

Keywords: Kerala, Kasaragod, Book review, Book, Ibrahim Cherkala, Kutityanam Muhammed Kunhi, Endless folklore.
< !- START disable copy paste -->

Post a Comment