കാസർകോട്: (www.kasargodvartha.com 11.10.2021) വിദ്യാർഥികൾക്കും വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർക്കും സഹായകരമാകുന്ന ഡിജിറ്റൽ പദ്ധതിയുമായി കേരള വിഷനും കാസർകോട് ജില്ലാ പഞ്ചായത്തും കൈകോർത്തു. കുറഞ്ഞ നിരക്കിൽ എല്ലാവർക്കും ഇന്റർനെറ്റ് ലഭ്യമാക്കുന്ന പദ്ധതിക്കാണ് തുടക്കമായത്. ഇതിലൂടെ 890 രൂപ നൽകിയാൽ ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാകും. ഒരു മാസത്തിനുള്ളിൽ കണക്ഷൻ എടുക്കുന്ന ഉപയോക്താക്കൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
60 എംബിപിഎസ് വേഗതയിൽ 1500 ജിബി പ്രതിമാസ പ്ലാനിനൊപ്പം അനിയന്ത്രിതമായ വോയിസ് കോളും സൗജന്യമായി ലഭിക്കും. വിദ്യാർഥികൾ ഉള്ള വീടുകളിലാണ് കണക്ഷൻ എങ്കിൽ 240 രൂപയുടെ ഡിജിറ്റൽ കേബിൾ ടി വി സേവനം ആറ് മാസത്തേക്ക് 90 രൂപയുടെ കുറവ് വരുത്തി 150 രൂപയ്ക്ക് നൽകും. ഒപ്റ്റികൽ ഫൈബർ കേബിൾ വഴിയുള്ള ഇന്റർനെറ്റ് കണക്ഷൻ എടുക്കാൻ 3000 രൂപ മുതൽ 5000 രൂപ വരെ ചിലവ് വരുന്നിടത്താണ് പുതിയ പദ്ധതി ശ്രദ്ധേയമാകുന്നത്. ജില്ലയിലെ ഇരുനൂറിലധികം ഓപറേറ്റർമാരും ജില്ലാ കമ്പനിയായ സി സി എനും 50 ലക്ഷം രൂപയാണ് ഇതിനായി ചിലവഴിക്കുന്നത്.
കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റ് എന്ന ജില്ലാ പഞ്ചായത്തിന്റെ നിർദേശത്തെ തുടർന്നാണ് കേരള വിഷൻ പുതിയ പദ്ധതി പ്രഖ്യാപിച്ചത്. ജില്ലയെ സമ്പൂർണ ഡിജിറ്റൽ ഗ്രാമമാക്കി മാറ്റുകയാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. സമ്പൂർണ ഡിജിറ്റൽ ജില്ല എന്ന ജില്ലാ പഞ്ചായത്തിന്റെ ആശയം മുൻനിർത്തി ഇന്റർനെറ്റ് സിഗ്നൽ ലഭിക്കാൻ ഏറെ പ്രയാസപ്പെടുന്ന കോളനികളിൽ സിഗ്നൽ ലഭ്യമാക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ നടത്തി വരികയാണ് കേരള വിഷൻ.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഉയർന്ന ഇന്റർനെറ്റ് കണക്ഷൻ ചാർജും പ്രതിമാസ നിരക്കും വിദ്യാർഥികളെ ഏറെ വലയ്ക്കുന്നു. ഈ പദ്ധതി നടപ്പിലാക്കുന്നതോടെ അതിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷയെന്ന് ജില്ല പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു.
ജില്ലപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ അഡ്വ. സരിത എസ് എൻ, സിസിഎൻ ചെയർമാൻ കെ പ്രദീപ് കുമാർ, വൈസ് ചെയർമാൻ ശുകൂർ കോളിക്കര, കെ സി സി എൽ ഡയറക്ടർ എം ലോഹിതാക്ഷൻ, സി ഒ എ ജില്ല പ്രസിഡണ്ട് എം മനോജ് കുമാർ, സെക്രടറി എം ആർ അജയൻ, സിഒഎ സംസ്ഥാന കമിറ്റിയംഗം സതീഷ് കെ പാക്കം, സി സി എൻ ഡയറക്ടർമാരായ അബ്ദുല്ല കുഞ്ഞി, വി വി മനോജ് കുമാർ, മേഖല സെക്രടറി സുനിൽകുമാർ എന്നിവർ സംബന്ധിച്ചു.
Keywords: Kerala, News, Kasaragod, Internet, Student, Employees, District-Panchayath, Top-Headlines, District Panchayat and Kerala Vision launches low cost Internet plan.
< !- START disable copy paste -->