തിരുവനന്തപുരം: (www.kasargodvartha.com 14.10.2021) തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുത്തുകൊണ്ടുള്ള കൈമാറ്റ കരാര്‍ അദാനി ഗ്രൂപ് ഒപ്പിട്ടു. എയര്‍പോര്‍ട് ഡയറക്ടര്‍ സി രവീന്ദ്രനില്‍ നിന്ന് അദാനി ഗ്രൂപിന് വേണ്ടി ജി മധുസൂധന റാവുവാണ് കരാര്‍ രേഖകള്‍ ഏറ്റുവാങ്ങിയത്. 50 വര്‍ഷത്തേക്കാണ് കരാര്‍. പുലര്‍ചെ 12 മണിക്കായിരുന്നു സംസ്ഥാനത്തെ ആദ്യ വിമാനത്താവളം അദാനിക്ക് കൈമാറിയത്. വിമാനത്താവളത്തിന്റെ പേര് അദാനി ഗ്രൂപ് മാറ്റിയില്ല. കൈമാറ്റത്തിന് പിന്നാലെ ദൈവത്തിന്റെ നാട്ടിലേക്ക് നിങ്ങളെ വരവേല്‍ക്കുന്നുവെന്ന് അദാനി ഗ്രൂപ് ട്വിറ്റെറില്‍ കുറിച്ചു.
രാവിലെ മുതല്‍ വിമാനത്താവളത്തിന്റെ നിയന്ത്രണം അദാനി ഗ്രൂപിനായി. ആറ് മാസത്തിനകം ഏറ്റെടുക്കാനായിരുന്നു നിര്‍ദേശമെങ്കിലും വ്യോമയാന നിയന്ത്രണങ്ങളെ തുടര്‍ന്ന് സമയം നീട്ടി നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. അദാനിക്ക് വിമാനത്താവളം കൈമാറുന്നതിനെതിരെയുള്ള സംസ്ഥാന സര്‍കാരിന്റെ ഹര്‍ജി ഹൈകോടതി തള്ളിയെങ്കിലും സുപ്രീംകോടതിയില്‍ അപീല്‍ നിലവിലുണ്ട്. ഇത് നിലനില്‍ക്കെയാണ് വിമാനത്താവളം ഏറ്റെടുക്കുന്നത്.
പൂര്‍ണ സജ്ജമാകുന്നതുവരെ ആറ് മാസത്തേക്ക് നിലവിലെ താരിഫ് നിരക്ക് തുടരുമെന്ന് എയര്‍പോര്‍ട് അതോറിറ്റി വ്യക്തമാക്കി. നിലവിലുള്ള ജീവനക്കാരെ മൂന്ന് വര്‍ഷത്തേക്ക് ഡെപ്യൂടേഷനിലെടുക്കാനാണ് അദാനിയുടെ തീരുമാനം. വിമാനത്താവളത്തില്‍ 300 ജീവനക്കാരാണുള്ളത്. ഒരു വിഭാഗം ജീവനക്കാര്‍ക്ക് എയര്‍പോര്‍ട് അതോറിറ്റിയുടെ മറ്റ് വിമാനത്താവളങ്ങളിലേക്ക് സ്ഥലം മാറി പോകേണ്ടിവരും.
നേരത്തെ ഉണ്ടായിരുന്ന വിമാനത്താവള വികസന അതോറിറ്റി തുടരാനും തീരുമാനിച്ചിട്ടുണ്ട്. കേന്ദ്രസര്‍കാരിന്റെ സാമ്പത്തിക ഉത്തേജന നയപ്രകാരമാണ് തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പും പരിപാലന ചുമതലയും അദാനി ഗ്രൂപിന് ലഭിച്ചത്. ഇതില്‍ സ്റ്റേറ്റ് സപോര്‍ട് എഗ്രിമെന്റില്‍ സംസ്ഥാന സര്‍കാര്‍ ഒപ്പിട്ടില്ലെങ്കിലും തടസമുണ്ടാകില്ലെന്നാണ് അദാനി ഗ്രൂപിന്റെ വിലയിരുത്തല്‍. വിമാനത്താവളത്തിന്റെ ഇപ്പോഴത്തെ പ്രവര്‍ത്തനത്തിന് ഇത് ബാധകമാകില്ല.
Keywords: Thiruvananthapuram, News, Kerala, Airport, Top-Headlines, Adani Group, Thiruvananthapuram airport, Adani Group now controls Thiruvananthapuram airport