കാസർകോട്: (www.kasargodvartha.com 09.09.2021)കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കാസർകോട് നഗരസഭ കാഴ്ച വെച്ചത് മികവാർന്ന പ്രവർത്തനം. ആവശ്യമായ ബോധവൽകരണം നടത്തിയും രോഗികൾക്കാവശ്യമായ സൗജന്യ ആംബുലൻസ്, മരുന്നുകൾ ലഭ്യമാക്കിയും നഗരസഭ അധികൃതർ ശ്രദ്ധേയ പ്രവർത്തനങ്ങളാണ് കാഴ്ച വെച്ചത്. സി എഫ് എൽ ടി സി, ഡി സി സി തുടങ്ങിയവയും ഒരുക്കിയിരുന്നു. അനവധി വാക്സിനേഷൻ ക്യാമ്പുകളാണ് സംഘടിപ്പിച്ചത്.
ജനപ്രതിനിധികൾ, ആരോഗ്യ വിഭാഗം ജീവനക്കാർ, സെക്ടറൽ മജിസ്ട്രേറ്റുമാർ, മാഷ് പദ്ധതി അംഗങ്ങൾ, ആശാ വർകർമാർ, ജാഗ്രതാ സമിതി അംഗങ്ങൾ തുടങ്ങിയവരെല്ലാം കാണിച്ചത് മാതൃകാപരമായ പ്രവർത്തനങ്ങളാണ്. കോവിഡ് രോഗികൾക്കാവശ്യമായ മരുന്നുകൾ അർബൻ പി എച് സിയിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ ആശാ വർകർമാരും ജനപ്രതിനിധികളും വീടുകളിൽ നേരിട്ടെത്തിച്ചു കൊടുക്കുകയായിരുന്നു.
ജില്ലയിലെ പല മേഖലകളും സ്തംഭിച്ചപ്പോൾ കാസർകോട് നഗരസഭാ പ്രദേശം വലിയ പോറൽ ഏൽക്കാതെയും വ്യാപാര മേഖല അധികം തളരാതെയും അതിജീവിക്കുകയായിരുന്നു. കോവിഡ് മഹാമാരിയുടെ വ്യാപനത്തെ തടയാൻ നഗരസഭയ് ക്കൊപ്പം നിന്ന മുഴുവൻ പേരെയും നഗരസഭ ചെയർമാൻ അഡ്വ. വി എം മുനീറും ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ ഖാലിദ് പച്ചക്കാടും അഭിനന്ദിച്ചു.
തുടർന്നും ഇത്തരം മഹാമാരിക്കെതിരെ ജാഗ്രത കൈവിടാതെ ഒത്തൊരുമയോടെ പ്രതിരോധ പ്രവർത്തനങ്ങളുമായി എല്ലാവരും സഹകരിക്കണമെന്നും വാക്സിൻ എടുക്കാത്തവർ ജനപ്രതിനിധികളെയോ ആശാ വർകർമാരെയോ ബന്ധപ്പെട്ട് വാക്സിൻ എടുക്കാൻ മുന്നോട്ടു വരണമെന്നും ഭരണസമിതി അഭ്യർഥിച്ചു.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ മികവിന് കാസർകോട് നഗരസഭയ്ക്ക് അഭിനന്ദങ്ങളുമായി വ്യാപാരി, യുവജന സംഘടനകളും, വിവിധ ക്ലബുകളും രംഗത്തെത്തി.
Keywords: Kerala, News, Kasaragod, COVID-19, Corona, Kasaragod-Municipality, Kasaragod Municipality perform best in COVID defense.
< !- START disable copy paste -->