ചെന്നൈ: (www.kasargodvartha.com 20.09.2021) മാതാപിതാക്കള്‍ക്കും മറ്റ് ഒമ്പത് പേര്‍ക്കുമെതിരെ കേസ് ഫയല്‍ ചെയ്ത് തമിഴ് നടന്‍ വിജയ്. പൊതുജനങ്ങളെ സംഘടിപ്പിക്കാനോ യോഗങ്ങള്‍ നടത്താനോ തന്റെ പേര് ഉപയോഗിക്കരുത് എന്നാവശ്യപ്പെട്ട് നടന്‍ മദ്രാസ് ഹൈകോടതിയെ സമീപിച്ചു.
പിതാവ് എസ് എ ചന്ദ്രശേഖര്‍, മാതാവ് ശോഭ, ബന്ധുവും ആരാധകരുടെ സംഘടനയായ 'വിജയ് മക്കള്‍ ഇയക്കം' ഭാരവാഹിയുമായ പത്മനാഭന്‍, സംഘടനയുടെ 8 ഭാരവാഹികള്‍ എന്നിവര്‍ക്കെതിരെയാണ് നടന്‍ കോടതി നടപടി ആവശ്യപ്പെട്ടത്. തന്റെ പേര് ഉപയോഗിച്ച് പാര്‍ടി രൂപീകരിക്കുന്നതും യോഗം ചേരുന്നത് അടക്കമുള്ള കാര്യങ്ങളും തടയണമെന്നാവശ്യപ്പെട്ടാണ് വിജയ് ചെന്നൈ കോടതിയില്‍ ഇവര്‍കെതിരെ സിവില്‍ കേസ് ഫയല്‍ ചെയ്തത്.
വിജയ് രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന് ചന്ദ്രശേഖര്‍ പ്രഖ്യാപിച്ചിരുന്നു. വിജയ് മക്കള്‍ ഇയക്കത്തെ രാഷ്ട്രീയ പാര്‍ടിയായി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമീഷനില്‍ രെജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഇതിനെതിരെ വിജയ് രംഗത്തുവന്നിരുന്നു. തനിക്ക് പാര്‍ടിയുമായി ബന്ധമില്ലെന്നായിരുന്നു നടന്റെ പ്രതികരണം. തന്റെ പേരും ചിത്രവും ഫാന്‍ ക്ലബുകളെയും രാഷ്ട്രീയ അഭിലാഷങ്ങള്‍ക്കായി ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചാല്‍, അവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും വിജയ് വ്യക്തമാക്കി.
കേസ് സെപ്റ്റംബര്‍ 27ന് പരിഗണിക്കും. ഒന്‍പത് തമിഴ്‌നാട് ജില്ലകളില്‍ ഒക്ടോബര്‍ ആറ്, ഒമ്പത് തീയതികളില്‍ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളായി മത്സരിക്കുമെന്ന് വിജയ് ആരാധകരുടെ സൊസൈറ്റിയായ വിജയ് മക്കള്‍ മന്‍ട്രം പ്രഖ്യാപിച്ചിരുന്നു. ഇതിനു വിജയ് യുടെ മാതാപിതാക്കള്‍ അനുവാദവും നല്‍കി. പിന്നാലെയാണ് വിജയ് കോടതിയെ സമീപിച്ചത്.
2020ല്‍ എസ് എ ചന്ദ്രശേഖര്‍ അഖിലേന്ത്യ ദളപതി വിജയ് മക്കള്‍ ഇയക്കം എന്ന പേരില്‍ പാര്‍ടി രൂപീകരിച്ചിരുന്നു. വിജയ് പിതാവിന്റെ പാര്‍ടിയില്‍ ചേരുമെന്നും റിപോര്‍ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ പിതാവിന്റെ രാഷ്ട്രീയ പാര്‍ടിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ആരാധകര്‍ പാര്‍ടിയില്‍ ചേരരുതെന്നും വിജയ് പ്രതികരിച്ചിരുന്നു
Keywords: News, National, India, Chennai, Actor, Entertainment, Trending, Top-Headlines, Complaint, Court, Case, Actor Vijay files a case against 11 respondents including his parents