കാസര്‍കോട്: (www.kasargodvartha.com 05.06.2021) കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് മത്സരിച്ച ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ്റെ അപരൻ കെ സുന്ദരയ്ക്ക് മത്സര രംഗത്ത് നിന്നും പിൻമാറാൻ 15 ലക്ഷം രൂപയും കർണാടകയിൽ വീടും, വൈൻ പാർലറും വാഗ്ദാനവും ചെയ്തുവെന്ന് വെളിപ്പെടുത്തൽ.
മത്സര രംഗത്ത് നിന്നും പിന്മാറിയ കെ സുന്ദര തന്നെയാണ് മാധ്യമങ്ങളോട് ഇക്കാര്യം വെളിപ്പെടുത്തിയത്. തനിക്ക് രണ്ട് ലക്ഷവും മൊബൈൽ ഫോണും ബിജെപി നേതാക്കൾ നൽകിയതായും അദ്ദേഹം പറഞ്ഞു.
ബിജെപി നേതാക്കൾ രണ്ട് ലക്ഷം രൂപയും സ്മാർട് ഫോണും വീട്ടിലെത്തിയാണ് നൽകിയത്. പണം അമ്മയുടെ കൈയ്യിലാണ് കൊടുത്തത്. 15 ലക്ഷമാണ് ചോദിച്ചതെങ്കിലും രണ്ട് ലക്ഷം രൂപയാണ് കിട്ടിയതെന്ന് സുന്ദര പറയുന്നു.
സുരേന്ദ്രൻ മഞ്ചേശ്വരത്ത് ജയിച്ചാൽ കർണാടകത്തിൽ വൈൻ പാർലറും പുതിയ വീടും വാഗ്ദാനം ചെയ്തെന്നും കെ സുന്ദര പറഞ്ഞു.
2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ സുരേന്ദ്രൻ 89 വോടിനാണ് തോറ്റത്. അന്ന് അപരനായ കെ സുന്ദര 462 വോടുകൾ പിടിച്ചു. ബി എസ് പി സ്ഥാനാർഥിയായാണ് കെ സുന്ദര മത്സരിച്ചത്.
പത്രിക പിൻവലിക്കുന്നതിന് അഞ്ചു ദിവസം മുൻപ് ബി ജെ പി പ്രവർത്തകർ വൈകീട്ട് വീട്ടിൽ വന്നു. നോമിനേഷൻ പിൻവലിക്കണം എന്ന് അവർ ആവശ്യപ്പെട്ടു. ബിഎസ്പിക്കാരോട് ചോദിക്കട്ടെ എന്നാണ് താൻ പറഞ്ഞത്. തൻ്റെ അയൽവാസിയായ ബി ജെ പി പ്രവർത്തകൻ സുരേഷ് നായിക് വന്നവരോട് പിൻവലിപ്പിക്കാം എന്ന് പറഞ്ഞു. അവരുടെ സമ്മർദം ശക്തമായിരുന്നു. സുരേന്ദ്രേട്ടൻ ഇക്കുറി ജയിക്കണം എന്നാണ് പറഞ്ഞത്. താൻ സംസാരിക്കുന്ന സ്മാർട് ഫോൺ പോലും അവർ തന്നതാണ്. എനിക്ക് വാട്സ്ആപ് ഉളള ഫോൺ ഇല്ലായിരുന്നു. കെ സുരേന്ദ്രൻ നേരിട്ട് വിളിച്ചിച്ച് പത്രിക പിൻവലിക്കാൻ ആവശ്യപ്പെട്ടു. വൈൻ ഷോപ്, വീട് ഒക്കെ വേണമെന്ന് അവരോട് പറഞ്ഞിരുന്നു. അത് ചെയ്യാമെന്ന് അവർ പറഞ്ഞു. കർണാടകത്തിൽ വൈൻ ഷോപ് വേണമെന്നാണ് ആവശ്യപ്പെട്ടതെന്ന് സുന്ദര പറഞ്ഞു. ഇപ്പോൾ ചികിത്സയുമായി ബന്ധപ്പെട്ട് സുന്ദര കർണാടകയിലാണ് ഉള്ളത്.
കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് ബി ജെ പി നേതാക്കൾക്കെതിരെ നടക്കുന്ന പൊലീസ് അന്വേഷണം തനിക്കെതിരെയും തിരിഞ്ഞേക്കാമെന്ന ഭയമാണ് സുന്ദരയെ മാധ്യമങ്ങൾക്ക് മുന്നിൽ വന്ന് കോഴ ഇടപാടിനെ കുറിച്ച് വെളിപ്പെടുത്താൻ ഇടയാക്കിയത്. അതിനിടെ കോഴ ഇടപാടിനെ കുറിച്ച് അന്വേഷണം വേണമെന്ന് നിയമസഭയിൽ ഉന്നയിക്കുമെന്ന് മഞ്ചേശ്വരം എം എൽ എയായ എ കെ എം അശ്‌റഫ് പറഞ്ഞു.
Keywords: Kasaragod, Kerala, News, Karnataka, Election, Media worker, Mobile, BJP, House, Disclosure that K Surendran's alias K Sundara was offered a house and a wine parlor in Karnataka to withdraw Manjeswaram.
< !- START disable copy paste -->