സുധീഷ് പുങ്ങംചാൽ
വെള്ളരിക്കുണ്ട്: (www.kasargodvartha.com 27.05.2021) ഗൾഫിൽ നിന്നും നാട്ടിലെത്തിയ സ്ത്രീക്ക് ആർ ടി പി സി ആർ പരിശോധന നടത്തിയപ്പോൾ ഫലം വന്നത് ഒന്നര മാസം കഴിഞ്ഞ്. ഒന്നാം ഡോസ് കോവിഡ് വാക്സിൻ എടുത്ത് അടുത്ത ഡോസ് വാക്സിൻ കൂടി എടുക്കുവാൻ കാത്തു നിൽക്കുന്ന സ്ത്രീയോട് അടിയന്തിരമായി ക്വാറന്റൈനിൽ പോകാൻ ആരോഗ്യ വകുപ്പ് നിർദേശവും.
വെള്ളരിക്കുണ്ട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ സർകാർ നിയോഗിച്ച സ്വകാര്യ ഏജൻസി എപ്രിൽ 20 ന് നടത്തിയ ആർ ടി പി സി ആർ പരിശോധനയിൽ പങ്കെടുത്ത ബളാൽ പഞ്ചായത്തിലെ 60 കാരിക്ക് ആണ് വ്യാഴാഴ്ച രാവിലെ പൂടം കല്ലിലെ താലൂക് ആശുപത്രിയിൽയിൽ നിന്നും വിചിത്രമായ നിർദേശം ലഭിച്ചിരിക്കുന്നത്. മക്കൾക്കൊപ്പം ശാർജയിൽ താമസിക്കുന്ന ഇവർ എപ്രിൽ 13 ന് രാത്രിയാണ് നാട്ടിലെത്തിയത്.
വിമാനത്തിൽ കയറും മുമ്പ് ശാർജയിൽ നിന്നും ആർ ടി പി സി ആർ പരിശോധന നടത്തിയിരുന്നു. അപ്പോൾ ഫലം നെഗറ്റീവ് ആയിരുന്നു. കണ്ണൂർ വിമാനത്താവളത്തിൽ വന്ന് ഇറങ്ങിയ നേരം നടത്തിയ ആർ ടി പി സി ആർ പരിശോധനയിലും ഫലം നെഗറ്റീവ് ആയിരുന്നു. ബളാലിൽ ഉള്ള ടാക്സിയിലാണ് പിന്നീട് ഇവർ വീട്ടിൽ എത്തിയത്. അന്ന് ആരോഗ്യ വകുപ്പിന്റെ നിർദേശപ്രകാരം രണ്ടാഴ്ച വീട്ടിൽ ക്വാറന്റൈനിൽ കഴിഞ്ഞു.
കോവിഡ് പോസിറ്റീവ് ഉള്ള ആളുകൾക്ക് പെട്ടെന്ന് ഫലം ലഭിക്കുമെന്നും അതുവരെ റൂം ക്വാറന്റൈനിൽ കഴിയണമെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ നിർദേശിച്ചത് പ്രകാരം ദിവസങ്ങളോളം വീട്ടിൽ തന്നെ ഇരുന്നു. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും അറിയിപ്പ് ഒന്നും ലഭിക്കാതെ വന്നപ്പോൾ ഇവർ പ്രായമുള്ള അമ്മയുടെ അടുത്തേക്ക് താമസം മാറി.
മക്കളുടെ അടുത്തേക്ക് തിരിച്ചു പോകാനുള്ള ഒരുക്കത്തിനിടയിൽ ആദ്യ ഡോസ് വാക്സിനും സ്വീകരിച്ചു. എപ്രിൽ 22ന് വെള്ളരിക്കുണ്ട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ വെച്ചാണ് കോവിഡ് വാക്സിൻ എടുത്തത്. വിദേശത്തേക്ക് മടങ്ങാനുള്ളവരുടെ മുൻഗണന ക്രമത്തിൽ എടുത്ത വാക്സിന്റെ രണ്ടാം ഡോസിന് വേണ്ടി കാത്തു നിൽക്കുന്നതിനിടെയാണ് ബുധനാഴ്ച രാത്രി വെള്ളരിക്കുണ്ട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഉദ്യോഗസ്ഥർ ഫോണിൽ വിളിച്ചു കോവിഡ് പോസറ്റിവ് ആണെന്നും അടിയന്തിരമായി ക്വാറന്റൈനിൽ പോകണമെന്നും അറിയിച്ചത്.
പരിശോധന നടത്തി ഒരു മാസം കഴിഞ്ഞുവെന്ന സ്ത്രീയുടെ മറുപടി കേട്ട ഉദ്യോഗസ്ഥർ പൂടം കല്ല് താലൂക് ആശുപത്രിയുമായി ബന്ധപ്പെട്ടു ഇവർ തന്നെയാണെന്ന് ഉറപ്പുവരുത്തി. ഡോക്ടർ തന്നെ സ്ത്രീയെ വിളിച്ചു 14 ദിവസം ക്വാറന്റൈനിൽ കഴിയാൻ നിർദേശിക്കുകയുമായിരുന്നു.
എന്നാൽ ആർ ടി പി സി ആർ പരിശോധന നടത്തിയ ഏജൻസിക്ക് ഫോൺ നമ്പർ മാറിയത് കൊണ്ടാകാം തെറ്റായ വിവരം ലഭിച്ചതെന്നും അത് കാര്യമാക്കേണ്ടതില്ലെന്നും വെള്ളരിക്കുണ്ട് ഹെൽത് ഇൻസ്‌പെക്ടർ സ്ത്രീയോട് പറഞ്ഞിരുന്നു. താലൂക് ആശുപത്രിയിൽ നിന്നും വിളിച്ചാൽ വെള്ളരിക്കുണ്ട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകരോട് ഇതുമായി ബന്ധപ്പെട്ട് സംസാരിച്ചിട്ടുണ്ട് എന്ന് മറുപടി നൽകിയാൽ മതിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ വിവരം പൂടംകല്ലിൽ നിന്നും വിളിച്ച ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരോട് പറഞ്ഞപ്പോൾ ഞങ്ങളും അതുപോലുള്ള ആളുകൾ തന്നെയെന്നും നിർദേശം പാലിക്കണം എന്നുമായിരുന്നു മറുപടിയെന്ന് സ്ത്രീ പറഞ്ഞു.
എന്നും ആർ ടി പി സി ആർ പരിശോധന നടത്തി ഒരുമാസം കഴിഞ്ഞിട്ടും നിശ്ചിത ദിവസങ്ങൾക്കുള്ളിൽ ഫലം ലഭിക്കാതെ വരികയും ഒരുമാസത്തിന് ശേഷം ഫലം ലഭിക്കുകയും ചെയ്ത ആരോഗ്യ വകുപ്പിന്റെ വിചിത്ര നിലപാടിനെതിരെ ആരോഗ്യ വകുപ്പ് മന്ത്രി ഉൾപെടെ ഉള്ളവർക്ക് പരാതി നൽകുമെന്നും മറ്റാർക്കും ഈ ഒരു അവസ്ഥ ഉണ്ടാകരുതെന്നും സ്ത്രീ കാസർകോട് വാർത്തയോട് പറഞ്ഞു.
Keywords: Kerala, News, Kasaragod, Vellarikundu, Balal, COVID-19, Corona, Woman, Test, Report, Health-Department, Health, The woman, who came from abroad and underwent an RTPCR test, got her results one and a half month later.
< !- START disable copy paste -->