Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസർകോട്ട് ആശുപത്രികളിൽ ഓക്‌സിജൻ ക്ഷാമം; പ്രതിസന്ധിയിലായി രോഗികൾ

Oxygen shortage in Kasargod hospitals; Patients in crisis #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്:(www.kasargodvartha.com) ജില്ലയിൽ ഓക്സിജൻ ക്ഷാമം രൂക്ഷമാവുന്നു. ഇത് സംബന്ധിച്ചു കാസർകോട് വാർത്ത കഴിഞ്ഞ ദിവസം റിപോർട് നൽകിയിരുന്നു. അതിനിടെ ഒരു സ്വകാര്യ ആശുപത്രിയിൽ ഓക്‌സിജൻ ഉടൻ തീരുമെന്ന് അധികൃതർ വ്യക്തമാക്കി. 21 കോവിഡ് രോഗികളാണ് ഇവിടെ ചികിത്സയിലുള്ളത്. ഇതിൽ എട്ട് പേർക്കാണ് ഓക്‌സിജൻ ആവശ്യമുള്ളത്. എന്നാൽ ഉച്ചവരെയുള്ള ഓക്‌സിജൻ സ്റ്റോക് മാത്രമാണ് ഉള്ളതെന്ന് അധികൃതർ പറയുന്നു.

Kasaragod, COVID-19, Kerala, Malayalam, News, Government, Top-Headlines, Oxygen shortage in Kasargod hospitals; Patients in crisis.

 

അതിനാൽ നിലവിലുള്ള രോഗികളോട് മറ്റുള്ള ആശുപത്രികളിലേക്ക് പോകാൻ നിർദേശം നൽകിയിരിക്കുകയാണ്. ഓക്സിജൻ ആവശ്യമുള്ള കോവിഡ് രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റിയേക്കും. എന്നാൽ ഓക്‌സിജൻ ദൗർലഭ്യം നേരിടുന്നതിനാൽ പുതിയ രോഗികളെ സ്വീകരിക്കാൻ മറ്റുള്ള ആശുപത്രികൾക്കും കഴിയാത്ത സാഹചര്യമാണുള്ളത്. ഒരു സഹകരണ ആശുപത്രിയിലും സമാന പ്രശ്‌നം നേരിടുകയാണ്.

കണ്ണൂരിൽ നിന്നും മംഗളൂറിൽ നിന്നുമാണ് ഓക്‌സിജൻ സിലിൻഡെറുകൾ നഗരത്തിലെ ആശുപത്രികളിലേക്ക് പ്രധാനമായും എത്തിക്കുന്നത്. ഏകദേശം 70 - 75 സിലിൻഡെറുകളാണ് ഒരുദിവസം ഈ സ്വകാര്യ ആശുപത്രിയിലേക്ക് വേണ്ടി വരുന്നത്. എന്നാൽ ഇപ്പോൾ കണ്ണൂരിൽ നിന്ന് പരമാവധി 35 വരെ സിലിൻഡെറുകൾ മാത്രമാണ് ലഭിക്കുന്നത്.

കുറവ് പരിഹരിക്കാൻ ആശ്രയിച്ചിരുന്ന മംഗളൂറിൽ നിന്ന് ഓക്‌സിജൻ ലഭിക്കുന്നുമില്ല. കാസർകോട്ടെ തന്നെ മറ്റു സ്വകാര്യ ആശുപത്രികളും ഈ കേന്ദ്രത്തെ ആശ്രയിക്കുന്നു. കേരളത്തിലേക്കുള്ള ഓക്സിജൻ തടഞ്ഞു കൊണ്ട് ദക്ഷിണ കന്നഡ ഡെപ്യുടി കമീഷണർ നിർദേശം നൽകിയിരിക്കുകയാണ്. മംഗളുറു ബൈകമ്പാടി മലബാർ ഓക്സിജൻ പ്രൈവറ്റ് ലിമിറ്റഡിൽ നിന്നുമാണ് കാസർകോട്ടേക്കടക്കം ഓക്സിജൻ എത്തിച്ചിരുന്നത്. ശനിയാഴ്ച രാവിലെ ഓക്സിജൻ എടുക്കാൻ ചെന്നപ്പോഴാണ് ഉദ്യോഗസ്ഥർ ഡെപ്യൂടി കമീഷണറുടെ ഉത്തരവ് പ്രകാരം ഓക്സിജൻ വിതരണം നിർത്തിവെച്ചതായി അറിയിച്ചത്. അടിയന്തര സാഹചര്യം അറിയിച്ചതിനാൽ ഒരു വണ്ടി നാല് സിലിൻഡെറുമായി മടങ്ങി.

സിലിൻഡെർ ക്ഷാമത്തിൽ ജില്ലാ ഭരണകൂടം ഇടപെടണമെന്ന് വ്യാപക ആവശ്യം ഉയർന്നിരുന്നു. ഇതിന് പിന്നാലെ ദക്ഷിണ കന്നഡ ജില്ലാ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടതിനെ തുടർന്ന് ദക്ഷിണ കന്നഡ ഡെപ്യുടി കമീഷണർ ജില്ലാ ഭരണകൂടത്തിന് കത്തയച്ചിരുന്നു. ഓക്സിജൻ സിലിൻഡെറുകൾ ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കി ആശുപത്രികൾക്കും ഡീലർമാർക്കും ജില്ലാ ഭരണകൂടം അംഗീകാരം നൽകണമെന്ന് കത്തിൽ ആവശ്യപ്പെട്ടിരുന്നു.

അതേസമയം ദക്ഷിണ കന്നഡ ജില്ലാ ഡെപ്യുടി കമീഷണറുമായി ബന്ധപ്പെട്ട് കൊണ്ടിരിക്കുകയാണെന്ന് എൻ എ നെല്ലിക്കുന്ന് എംഎൽഎ കാസർകോട് വാർത്തയോട് പറഞ്ഞു. പല ആശുപത്രികളും ഓക്‌സിജൻ ക്ഷാമം ചൂണ്ടിക്കാട്ടി ബന്ധപ്പെട്ടു. ജില്ലാ മെഡികൽ ഓഫിസറുമായി സംസാരിച്ചപ്പോൾ പരിഹാരം കാണുമെന്ന് പറഞ്ഞതായും എംഎൽഎ വ്യക്തമാക്കി.

അഡ്വ. സി എച് കുഞ്ഞമ്പു എംഎൽഎയും അധികൃതരുമായി ബന്ധപ്പെട്ടിരുന്നു. അടിയന്തരമായി ഓക്‌സിജൻ എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.

Keywords: Kasaragod, COVID-19, Kerala, Malayalam, News, Government, Top-Headlines, Oxygen shortage in Kasargod hospitals; Patients in crisis.
< !- START disable copy paste -->

Post a Comment