കാസർകോട്: (www.kasargodvartha.com 02.05.2021) ജനങ്ങളുടെ കൂടെ നിൽക്കുന്ന പൊതുപ്രവർത്തകനെയും പാർടിയെയും മുന്നണിയെയും ജനങ്ങൾക്ക് മടുക്കുകയില്ല എന്നതിന്റെ തെളിവാണ് തനിക്ക് ലഭിച്ച വലിയ ഭൂരിപക്ഷവും മൂന്നാം ജയവുമെന്ന് എൻ എ നെല്ലിക്കുന്ന്. വർഗീയതയ്ക്ക് പാകമായ മണ്ണല്ല കാസർകോട് എന്ന് വിശ്വസിക്കുന്ന ജനങ്ങൾ നൽകിയ വിജയമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത് മുതൽ തനിക്കെതിരെ പലരും പലരൂപത്തിലും പ്രചാരണങ്ങൾ നടത്തി. വികസന പ്രവർത്തനങ്ങൾ ജാതി, മതം, പാർടി നോക്കിയാണ് നൽകുന്നതെന്ന് എതിർ സ്ഥാനാർഥി പ്രചരിപ്പിച്ചു. തളങ്കര സ്‌കൂളിന് അഞ്ച് കോടി നൽകിയപ്പോൾ മുസ്ലിം സ്‌കൂളായത് കൊണ്ടാണ് ഫൻഡ് നൽകിയതെന്ന് പ്രചരിപ്പിച്ചു.
എന്നാൽ ഇതൊന്നും ജനങ്ങൾ മുഖവിലക്കെടുത്തില്ലെന്നതാണ് എതിർസ്ഥാനാർഥിക്ക് ഏറ്റ ദയനീയ പരാജയം വ്യക്തമാക്കുന്നത്. മതേതരത്വവും ജനാധിപത്യവും സാഹോദര്യവും നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന ജനങ്ങൾ നൽകിയിട്ടുള്ള വലിയ വിജയമാണിതെന്നും എൻ എ പറഞ്ഞു.
ശക്തമായ പോരാട്ടം നടന്ന കാസർകോട് മണ്ഡലത്തിൽ വൻ ഭൂരിപക്ഷത്തിലാണ് എൻ എ നെല്ലിക്കുന്ന് വിജയിച്ചത്. ഇത് മൂന്നാം തവണയാണ് എൻ എ തെരഞ്ഞെടുക്കപ്പെടുന്നത്. 13314 വോടിന്റെ റെകോർഡ് ഭൂരിപക്ഷത്തിലാണ് ബിജെപി ജില്ലാ പ്രസിഡന്റ് കൂടിയായ അഡ്വ. കെ ശ്രീകാന്തിനെ എൻ എ നെല്ലിക്കുന്ന് പരാജയപ്പെടുത്തിയത്. 2011 ൽ 9738 വോടിൻ്റെയും 2016ൽ 8,667 വോടിൻ്റെയും ഭൂരിപക്ഷത്തിലാണ് ജയിച്ചതെങ്കിൽ ഇത്തവണ ഇത് മറികടന്നുള്ള വിജയമായിരുന്നു എൻ എ സ്വന്തമാക്കിയത്.
Keywords: Kasaragod, Kerala, News, N.A.Nellikunnu, Muslim-league, UDF, NA Nellikunnu says victory of the people who believe that Kasargod is not a fertile ground for communal-ism.