Join Whatsapp Group. Join now!
Aster MIMS 10/10/2023

മലേഷ്യൻ കമ്പനിയെന്ന പേരിൽ ഓൺലൈൻ വഴി വൻ മണിചെയിൻ തട്ടിപ്പ് നടന്നതായി പരാതി; നഷ്ടത്തിലായത് കോടികൾ, ഇടപാടുകാരിലും പണം നഷ്ടപ്പെട്ടവരിലും കാസർകോട്ടുകാരും

Money chain scam
കാസർകോട്: (www.kasargodvartha.com 04.05.2021) 10 ഇരട്ടി വരെ ലാഭം വാഗ്‌ദാനം ചെയ്‌തു മലേഷ്യൻ കമ്പനിയെന്ന പേരിൽ ഓൺലൈൻ വഴി വൻ മണിചെയിൻ തട്ടിപ്പ് നടന്നതായി പരാതി. ഇടപാടുകാരിലും പണം നഷ്ടപ്പെട്ടവരിലും കാസർകോട് സ്വദേശികളടക്കം നിരവധി പേർ ഉൾപെട്ടിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. പരാതിയുമായി കാസർകോട്ട് ഒരാൾ പൊലീസിനെ സമീപിച്ചിട്ടുണ്ട്. പിന്നിൽ വലിയ സംഘം പ്രവർത്തിക്കുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

                                                               
Money chain scam


ഒരു ആപിലൂടെയാണ് ബിസിനസ് നടക്കുന്നത്. മലേഷ്യൻ കമ്പനി എന്നാണ് ഇവർ അവകാശപ്പെടുന്നത്. എന്നാൽ രജിസ്റ്റർ ചെയ്തിരിക്കുന്നത് കൊച്ചി സ്വദേശിയുടെ പേരിലെന്നാണ് റിപോർട്. ചെറിയ തുകകളുടെ നിക്ഷേപത്തിൽ നിന്നു ചുരുങ്ങിയ സമയത്തിനകം വൻ ലാഭം നേടാമെന്ന് ഇവർ ബോധ്യപ്പെടുത്തുന്നു. ഒരു ലക്ഷം രൂപ നിക്ഷേപിച്ചാൽ പ്രതിദിനം ആറ് ഡോളർ ലഭിക്കുമെന്നാണ് വാഗ്‌ദാനം ചെയ്യുന്നത്.

100 കോടിയിലധികം രൂപയുടെ ഇടപാടുകൾ നടന്നിട്ടുണ്ടെന്നാണ് മനസിലാക്കുന്നത്. വ്യാജവാഗ്ദാനത്തിൽ വീണ് കാസർകോട് നിന്നടക്കം നിരവധി പേർ പണം നിക്ഷേപിച്ചിട്ടുണ്ട്. ആദ്യം പണം നിക്ഷേപിച്ചവർക്ക് വാഗ്‌ദാനം ചെയ്ത ലാഭവിഹിതം നൽകി അവരെ വിശ്വാസത്തിലെടുക്കുന്നു. പിന്നീട് ഇവരിലൂടെ 10 ശതമാനം വരെ കമീഷൻ നൽകി കൂടുതൽ നിക്ഷേപങ്ങൾ സമാഹരിക്കുകയാണ് ചെയ്യുന്നത്. എന്നാൽ ഇത്തരത്തിൽ പണം നിക്ഷേപിച്ചവർക്ക് ലാഭവിഹിതം ലഭിച്ചിട്ടില്ല. ഇത് ചോദ്യം ചെയ്തപ്പോൾ സ്വർണമായി നിക്ഷേപിച്ചിട്ടുണ്ടെന്നാണ് ബന്ധപ്പെട്ടവർ മറുപടി നൽകുന്നത്.

നിരവധി നിക്ഷേപകരെ ചേർത്ത് വഞ്ചിച്ചതായി സീതാംഗോളി, ചെർക്കള സ്വദേശികൾക്കെതിരെ പരാതികൾ ഉയർന്നിട്ടുണ്ട്. ഉയർന്ന ലാഭവിഹിതം നൽകാമെന്ന പ്രലോഭനത്തിൽ പണം നിക്ഷേപിച്ചതായും എന്നാൽ വാഗ്‌ദാനം ചെയ്തത് പോയിട്ട് മുതൽ മുടക്ക് പോലും ലഭിച്ചില്ലെന്നാണ് നിക്ഷേപകർ പറയുന്നത്.

ഹൊസങ്കടി, ഉള്ളാൾ കെ സി റോഡ് എന്നിവിടങ്ങളിൽ നിന്ന് രണ്ട് യുവാക്കളെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തിയെന്ന കേസിൽ കാസർകോട് സ്വദേശികളടക്കം ഏഴ് പേർ മംഗളൂറിൽ പൊലീസ് പിടിയിലായ സംഭവവും ഈ മണിചെയിൻ ബിസിനസുമായി ബന്ധപ്പെട്ടായിരുന്നു. പ്രതികളിലൊരാളോട് തട്ടിക്കൊണ്ട് പോകപ്പെട്ടവർ ഈ ഓൺലൈൻ ആപിൽ പണം നിക്ഷേപിക്കാൻ ആവശ്യപ്പെട്ടിരുന്നു. നിക്ഷേപത്തിന് മൂന്നിരട്ടി വരുമാനം ലഭിക്കുമെന്ന് ഇവർ ബോധ്യപ്പെടുത്തി. തുടർന്ന് 27 ലക്ഷം രൂപ നിക്ഷേപിച്ചു. ലാഭമുൾപെടെ 99 ലക്ഷം രൂപയാണ് നൽകാൻ ഉണ്ടായിരുന്നു. എന്നാൽ 10 ലക്ഷം രൂപ മാത്രമാണ് നൽകിയത്. ഒരു വർഷം കഴിഞ്ഞിട്ടും അവർ പണം നൽകാത്തതിനെ തുടർന്നാണ് ക്വടേഷൻ നൽകി തട്ടിക്കൊണ്ട് പോയത്.

പണം നഷ്ടപ്പെട്ടവരിൽ കൂടുതലും യുവാക്കളാണ്. ഉയർന്ന സമ്പാദ്യം നേടാമെന്ന മോഹത്തിൽ പലരും കടം വാങ്ങിയും ആഭരണങ്ങൾ പണയം വെച്ചുമാണ് പണം നിക്ഷേപിച്ചത്. എന്നാൽ ലാഭവിഹിതമോ മുടക്കിയ പണമോ ലഭിക്കാത്ത സാഹചര്യത്തിൽ വൻ കടബാധ്യതയിലാണ് പലരും പെട്ടിരിക്കുന്നത്. സമാന രീതിയിൽ മുമ്പും നിരവധി തട്ടിപ്പ് കഥകൾ പുറത്ത് വന്നിട്ടും വീണ്ടും ആളുകൾ ഇവരുടെ കെണിയിൽ വീഴുകയാണ് ചെയ്യുന്നത്.


Keywords: Kasaragod, Kerala, News, Money chain, Top Headlines, Money chain scam.
< !- START disable copy paste -->

Post a Comment