Join Whatsapp Group. Join now!
Aster MIMS 10/10/2023

മഞ്ചേശ്വരത്ത് വിദ്യാലയങ്ങളിൽ മലയാളം വിരുന്നെത്തുന്നു; താലൂക് ഭരണ ഭാഷാ വികസന സമിതിക്ക് അഭിമാന നേട്ടം

Malayalam in schools in Manjeshwar; Proud achievement for Taluk Administrative Language Development Committee#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തക
സൂപ്പി വാണിമേൽ

കാസർകോട്: (www.kasargodvartha.com 31.05.2021) അത്യുത്തര കേരളത്തിലെ വിദ്യാലയങ്ങളിൽ മലയാളം അതിഥിയായി എത്തുന്നതിന്റെ സന്തോഷത്തിലാണ് മഞ്ചേശ്വരം താലൂക് ഭരണ ഭാഷാ വികസന സമിതി. കന്നഡ മാധ്യമം വിദ്യാലയങ്ങളിൽ ദിവസ വേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിച്ച് മലയാളം പഠിപ്പിക്കാൻ അനുമതി നൽകിക്കൊണ്ടുള്ള സർകാർ ഉത്തരവ് സമിതിയുടെ സമര, പരിശ്രമങ്ങളുടെ നേട്ടം. ഇത് ആഘോഷമാക്കി ഈ മാസം 25ന് വൊർക്കാടിയിൽ നടക്കേണ്ടിയിരുന്ന മലയാള സമ്മേളനം ലോക് ഡൗൺ കാരണം മുടങ്ങി.

Malayalam in schools in Manjeshwar; Proud achievement for Taluk Administrative Language Development Committee

മുഖ്യമന്ത്രി ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയായി സമ്മേളനം നടത്താനാണ് ശ്രമം. അതേസമയം ലോക് ഡൗൺ കാരണം ഔദ്യോഗിക നടപടികൾ വൈകുന്നതിനാൽ മലയാളം പഠിക്കാൻ അവസരമില്ലാതെ മറ്റൊരു ഓൺലൈൻ അധ്യായന വർഷം പിറക്കുന്നത്. സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ മലയാളം നിർബന്ധമാക്കി 2017ൽ സർകാർ പുറപ്പെടുവിച്ച വിജ്ഞാപനവും കഴിഞ്ഞ ഫെബ്രുവരിയിൽ കാസർകോട് ജില്ലക്ക് പ്രത്യേകമായി ഇറക്കിയ ഉത്തരവും നിലനിൽക്കെയാണ് ഈ അവസ്ഥ.

സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ മലയാളം നിർബന്ധമാക്കിയുള്ള ഉത്തരവ് (8445/എൽഇജി/ഡി2/2017) ഉടൻ പ്രാബല്യത്തോടെ കേരളമാകെ നടപ്പാക്കിയിട്ടും മഞ്ചേശ്വരം താലൂകിലെ കന്നഡ മാധ്യമം സ്കൂൾ മാനജ്മെന്റുകൾ മർക്കടമുഷ്ടി തുടർന്നു. ജില്ലയിൽ മലയാളത്തെ പുറത്തുനിറുത്തിയ 84 വിദ്യാലയങ്ങളിൽ 65 എണ്ണവും മഞ്ചേശ്വരം താലൂകിലാണ്. താലൂകിൽ 60 ശതമാനം ജനങ്ങളുടേയും മാതൃഭാഷയാണ് മലയാളം. 28 ശതമാനത്തിന്റെ ഭാഷ തുളു. ആറ് ശതമാനമാണ് കന്നഡക്കാർ. ശേഷിക്കുന്നവർ ഉർദു, കൊങ്കണി, മറാഠി, ബ്യാരി ഭാഷകൾ സംസാരിക്കുന്നു.എം കെ അലി മാസ്റ്റർ 

ഒന്നാംതരത്തിൽ 10 കുട്ടികൾ മലയാളം പഠിക്കാൻ സന്നദ്ധമെങ്കിൽ മലയാളം സമാന്തര വിഭാഗം ആരംഭിക്കാം എന്ന വ്യവസ്ഥ 1958 മുതൽ കേരള വിദ്യാഭ്യാസ ചട്ടങ്ങളിൽ (കെ ഇ ആർ) ഉണ്ട്. അതൊന്നും പാലിക്കാത്ത കന്നഡ ഭാഷാ ആധിപത്യത്തിനെതിരെ മഞ്ചേശ്വരം താലൂക് ഭരണ ഭാഷാ വികസന സമിതി നടത്തിയ സമരത്തിന്റേയും തേടിയ സമാന്തര വഴിയുടേയും ഫലമായാണ് കഴിഞ്ഞ ഫെബ്രുവരിയിൽ ദിവസവേതന അടിസ്ഥാനത്തിൽ മലയാളം അധ്യാപകരെ നിയമിക്കാൻ സർകാർ ഉത്തരവിറക്കിയത് (ജി.ഒ(ആർടി)നമ്പർ1886/2021/ജിഇഡിഎൻ).


സർകാർ ഉത്തരവ്


ഇതനുസരിച്ച് അഞ്ച് വിദ്യാലയങ്ങൾക്ക് ഒന്ന് എന്ന അനുപാതത്തിൽ മഞ്ചേശ്വരം താലൂകിൽ 65 സ്കൂളുകളിലായി 13 അധ്യാപകരെ നിയമിക്കാം. എസ് എസ് എ മുഖേന ഇതിനുള്ള നടപടികൾ മുന്നോട്ട് നീക്കാൻ ധാരണയായതിനെത്തുടർന്നാണ് സർകാർ ഉത്തരവിറക്കിയത്. ഇത് തമിഴ് ഭാഷ മാധ്യമ വിദ്യാലയങ്ങൾക്കും ബാധകമാണ്. അധ്യാപക വേതനത്തിനാവശ്യമായ 62 ലക്ഷം രൂപ ത്രിതല പഞ്ചായത്ത്-നഗരസഭകൾ നൽകുന്നതാണ് രീതി. ഗ്രാമപഞ്ചായത്തുകൾ - ഒരു ലക്ഷം രൂപ, ബ്ലോക് പഞ്ചായത്തുകൾ - രണ്ട് ലക്ഷം, നഗരസഭകൾ - മൂന്ന് ലക്ഷം, ജില്ല പഞ്ചായത്ത് - എട്ട് ലക്ഷം എന്നിങ്ങിനെയാണ് വിഹിതം.

പ്രത്യേക അധ്യാപന രീതിക്കനുസരിച്ച പാഠപുസ്തകം നിർമാണം, അധ്യാപക നിയമനം തുടങ്ങിയ നടപടികൾ ലോക് ഡൗൺ കാരണം മുടങ്ങിക്കിക്കിടക്കുന്നതാണ് അവസ്ഥ. ഉപവിദ്യാഭ്യാസ ഡയറക്ടർ ഓഫീസിൽ ബന്ധപ്പെട്ട വിഭാഗം പ്രവർത്തിച്ചാൽ മാത്രമേ അധ്യാപക നിയമനം സാധ്യമാവൂ. പാഠപുസ്തകം തയ്യാറാക്കേണ്ട എസ് ഇ ആർ ടിയും ലോക് ഡൗൺ കാരണം ഏകോപനമില്ലാത്ത അവസ്ഥയിലാണ്.

മാറ്റിവെച്ച മലയാള സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്റെ സൗകര്യം മുൻനിറുത്തി ഓൺലൈനായി സംഘടിപ്പിക്കുമെന്ന് ഭരണ ഭാഷാ സംരക്ഷണ സമിതി പ്രസിഡണ്ട് എം കെ അലി മാസ്റ്റർ പറഞ്ഞു. സർകാരിന് സാമ്പത്തിക ബാധ്യതയില്ലാത്ത പ്രൊജക്ട് സമിതി സമർപിച്ചത് അംഗീകരിച്ചാണ് ഉത്തരവിറങ്ങിയത്. എസ് വിനായകൻ മാസ്റ്റർ, സത്യൻ സി ഉപ്പള, അബ്ബാസ് ഓണന്ത, ബി മുഹമ്മദ് കുഞ്ഞി, ബി എ അബ്ദുൽ മജീദ്, അലി മജീർപള്ള, ഡി എ അബ്ദുൽ മജീദ് എന്നിവരാണ് സമിതിയുടെ മറ്റു ഭാരവാഹികൾ.

Keywords: Kerala, News, Kasaragod, Manjeshwaram, Malayalam, Students, School, Education, Teacher, Pinarayi-Vijayan, Malayalam in schools in Manjeshwar; Proud achievement for Taluk Administrative Language Development Committee.
< !- START disable copy paste -->


Post a Comment