കാസർകോട്: (www.kasargodvartha.com 10.05.2021) ജില്ലയിൽ കനത്ത ഓക്‌സിജൻ ക്ഷാമം നേരിടുന്നതിനിടെ ഓക്സിജൻ ശേഖരം, അതിന്റെ ഉപയോഗം എന്നിവയുടെ മേൽനോട്ടത്തിനും നിരീക്ഷണത്തിനുമായി ജില്ലാതല സമിതി രൂപീകരിച്ചു. ജില്ലയിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങൾക്കും ഓക്സിജൻ തടസമില്ലാതെ ലഭ്യമാക്കാൻ ഓക്സിജൻ വാർ റൂമും സജ്ജമാക്കി. കാഞ്ഞങ്ങാട് സയൻസ് പാർകിലെ ഡി പി എം എസ് യുവിലാണ് 24 മണിക്കൂറും ഓക്സിജൻ വാർ റൂം പ്രവർത്തിക്കുക.
ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനമായത്. സമിതിയിൽ എ ഡി എം, ജില്ലാ മെഡികൽ ഓഫീസർ, ജില്ലാ വ്യവസായ കേന്ദ്രം മാനേജർ എന്നിവരാണ് ഉണ്ടാവുക. ഈ അംഗങ്ങളും ജില്ലാ പൊലീസ് മേധാവി, ആർ ടി ഒ എന്നിവരുമാണ് ഓക്സിജൻ വാർ റൂമിലെ നോഡൽ ഓഫീസർമാർ. ജില്ലാ മെഡികൽ ഓഫീസർ വാർ റൂമിന്റെ സുഗമമായ പ്രവർത്തനത്തിന് വേണ്ട ക്രമീകരണങ്ങൾ ഉറപ്പാക്കും. ജില്ലാ പൊലീസ് മേധാവി, ആർ ടി ഒ എന്നിവർ ഉദ്യോഗസ്ഥരെ വിന്യസിക്കും. ഡാറ്റാ എൻട്രിക്ക് വേണ്ട അധ്യാപകരെ ഡി ഡി ഇ നിയോഗിക്കും.
സ്വകാര്യ ആശുപത്രികളിൽ ഓക്‌സിജൻ ക്ഷാമം രൂക്ഷമായിരിക്കുകയാണ്. ഓക്‌സിജൻ എത്തിച്ചിരുന്ന മംഗളൂറിൽ നിന്ന് ഇപ്പോൾ ലഭിക്കുന്നില്ല. മറ്റൊരു കേന്ദ്രമായ കണ്ണൂരിൽ നിന്ന് ആവശ്യമായതിന്റെ മൂന്നിലൊന്ന് മാത്രമാണ് ലഭിക്കുന്നത്. പല ആശുപത്രികളും ഓക്‌സിജൻ ആവശ്യമുള്ള കോവിഡ് രോഗികളോട് മറ്റുള്ള ആശുപത്രിയിലേക്ക് പോകാൻ നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ ഓക്‌സിജൻ ദൗർലഭ്യം നേരിടുന്നതിനാൽ പുതിയ രോഗികളെ സ്വീകരിക്കാൻ മറ്റുള്ള ആശുപത്രികൾക്കും കഴിയാത്ത സാഹചര്യമാണുള്ളത്.
എംഎൽഎമാർ അടക്കമുള്ളവർ സംഭവത്തിൽ ഇടപെട്ടിരുന്നു. ജില്ലാ ഭരണകൂടം ദക്ഷിണ കന്നഡ ജില്ലാ അധികാരികളുമായും ബന്ധപ്പെട്ടിരുന്നു. ഇതിന് മറുപടിയായി ദക്ഷിണ കന്നഡ ഡെപ്യുടി കമീഷണർ ജില്ലാ ഭരണകൂടത്തിന് കത്തയച്ചിരുന്നു.പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് അടിയന്തര നടപടികൾ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിൽ കൈകൊണ്ടത്.