മംഗളുറു: (www.kasargodvrartha.com 31.05.2021) വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയ ആളോട് എക്സ്റേ എടുക്കാൻ ഡോക്ടറുടെ നിർദേശം. തുടർന്ന് എക്സ്റേ റിപോർട് കണ്ട ആശുപത്രി അധികൃതർ അമ്പരന്നു. കുടലിൽ മൂന്ന് പാകെറ്റുകളിലായി സ്വർണ ആഭരണങ്ങൾ കിടക്കുന്നതാണ് കണ്ടത്. സുള്ള്യയിലാണ് സംഭവം. തൃശൂർ സ്വദേശിയായ ഷിബുവാണ് ആശുപത്രിലെത്തിയത്.
പന്തികേട് തോന്നിയ അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസെത്തി. കൂടുതൽ പരിശോധനയ്‌ക്കൊടുവിൽ ഞായറാഴ്ച ആഭരണങ്ങൾ പുറത്തെടുത്തു. 35 ഗ്രാം സ്വർണമാണ് ലഭിച്ചത്. 30 ഓളം സ്വർണ മോതിരങ്ങളും കമ്മലുകളും ഇവയിൽ പെടുന്നു. ആഭരണങ്ങൾ മോഷ്ടിച്ചതാണെന്നും പൊലീസിൽ നിന്ന് മറച്ചുവെക്കാനായി ഐസ്ക്രീം ഉപയോഗിച്ച് വിഴുങ്ങിയതാണെന്നും ഷിബു വെളിപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. പ്രതിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
ഏകദേശം 15 ദിവസം മുമ്പാണ് ഷിബു സ്വർണ പാകെറ്റുകൾ വിഴുങ്ങിയത്. പാകെറ്റുകൾ പുറത്തേക്ക് പോകുമ്പോഴെല്ലാം വീണ്ടും വിഴുങ്ങുമായിരുന്നു. മോഷ്ടിച്ചതിന്റെ ഒരു ഭാഗം വയറ്റിൽ സൂക്ഷിച്ച് സുരക്ഷിതമാക്കുന്നതിനും, പിടിക്കപ്പെട്ടാൽ വീണ്ടെടുക്കൽ ഒഴിവാക്കുന്നതിനും ഇത് പ്രതിയുടെ സ്ഥിരം തന്ത്രമാണെന്ന് പൊലീസ് വ്യക്തമാക്കി.
പിടിക്കപ്പെടുമ്പോൾ മോഷ്ടാക്കൾ സ്വർണം വിഴുങ്ങാറുണ്ടെങ്കിലും വയറിൽ സ്വർണം ഒളിപ്പിച്ച് വെക്കുന്ന ഇത്തരം സംഭവം ആദ്യമായാണ് റിപോർട് ചെയ്യുന്നത്.
Keywords: Mangalore, Karnataka, News, Arrest, Hospital, Test, Treatment, Sullia, Thrissur, Police, Gold, Report, Gold ornaments found in man's stomach.< !- START disable copy paste -->