Join Whatsapp Group. Join now!
Aster MIMS 10/10/2023

മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രടറി; ആശുപത്രികളിൽ ജീവനക്കാരും ഓക്‌സിജനും വെന്റിലേറ്ററുമില്ല; ടാറ്റ കാണിച്ച കനിവെങ്കിലും സ്വന്തം ഭരണാധികാരികൾ കാണിക്കണമെന്ന് എ അബ്ദുർ റഹ്‌മാൻ

District General Secretary of the Muslim League with an open letter to the Chief Minister; Hospitals have no staff, no oxygen and no ventilator
കാസർകോട്: (www.kasargodvartha.com 13.05.2021) കോവിഡിന്റെ രണ്ടാം വരവ് ജില്ലയെ കൂടുതൽ മരണങ്ങളിലേക്ക് തള്ളിവിടുമെന്ന ഭീതിയിലാണ് ജനങ്ങളുള്ളതെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രടറി എ അബ്ദുർ റഹ്‌മാൻ. ഫേസ്ബുക് കുറിപ്പിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. ടാറ്റ കാണിച്ച കനിവെങ്കിലും സ്വന്തം ഭരണാധികാരികൾ കാണിക്കുമെന്നാണ് പ്രതീക്ഷ. കാസർകോട് അധികാര കേന്ദ്രത്തിൽ നിന്നും കൂടുതൽ അകലമുള്ള ജില്ലയാണെങ്കിലും കേരളത്തിൽ തന്നെയാണ്. ആധുനിക രീതിയിലുള്ള ചികിത്സാ സൗകര്യങ്ങൾ ലഭിക്കണമെങ്കിൽ മംഗളൂറിനെയാണ് ആശ്രയിക്കേണ്ടി വരുന്നത്. ലോക് ഡൗണിൽ കഴിഞ്ഞവർഷം അതിർത്തികൾ അടച്ചിട്ടതോടെ ചികിത്സ കിട്ടാതെ മരണപ്പെട്ടത് 16 പേരാണ്.

District General Secretary of the Muslim League with an open letter to the Chief Minister; Hospitals have no staff, no oxygen and no ventilator

ടാറ്റ അനുവദിച്ച കോവിഡ് ആശുപത്രി പ്രവർത്തനം ആരംഭിച്ചെങ്കിലും ആവശ്യത്തിന് ജീവനക്കാരെയും സൗകര്യങ്ങളും നൽകിയിട്ടില്ല. തസ്തിക അനുവദിച്ചതായി അറിയിച്ചിട്ട് മാസങ്ങൾ അനവധിയായി. ജില്ലയിൽ വെൻ്റിലേറ്റർ സൗകര്യങ്ങൾ പരിമിതമാണ്. മെഡിക്കൽ കോളജടക്കം സർകാർ ആശുപത്രികളിലുള്ള വെൻ്റിലേറ്ററുകൾ പ്രവർത്തനരഹിതമാണ്. പ്രവർത്തിക്കുന്നവ കണ്ണൂരിലേക്ക് എത്തിക്കാൻ ഹെൽത് ഡയറക്ടർ ഉത്തരവിട്ടിരിക്കുകയാണെന്നാണ് അറിവ്.

ഓക്‌സിജെൻ സ്റ്റോക് തീരാറായി. വന്നുകൊണ്ടിരുന്ന മംഗളൂറിൽ അവർ അതിർത്തി അടച്ചു. ഇനി ഓക്‌സിജെൻ വരേണ്ടത് സ്വന്തം സംസ്ഥാനമായ കേരളത്തിൽ നിന്നാണ്. ക്ഷാമം രൂക്ഷമായതോടെ ആശുപത്രികളിൽ അഡ്മിറ്റ് ചെയ്ത രോഗികളെ ഡിസ്ചാർജ് ചെയത് കൊണ്ടിരിക്കുകയാണ്. ചില സ്വകാര്യ ആശുപത്രി മാനേജ്മെൻ്റ് പ്രതിനിധികൾ ഓക്സിജൻ ക്ഷാമത്തെക്കുറിച്ച് സംസാരിക്കാൻ ജില്ലാ കലക്ടറെ കാണാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.


ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം:

ബഹുമാനപ്പെട്ട മുഖ്യമന്ത്രീ.. ഞങ്ങളും മനുഷ്യരും കേരളീയരുമാണ്. ഞങ്ങളെ ശ്വാസം മുട്ടിച്ച് കൊല്ലല്ലേ...
ബഹുമാന്യനായ കേരള മുഖ്യമന്ത്രി അവർകൾക്ക്,
സർ,
അങ്ങ് ഇപ്പോൾ കേരളത്തിൻ്റെ കാവൽ മുഖ്യമന്ത്രിയാണല്ലോ
വീണ്ടും അഞ്ച് വർഷം താങ്കളുടെ നേതൃത്വത്തിലുള്ള ഒരു സർക്കാർ തന്നെ കേരളത്തിലുണ്ടാകുമെന്ന് വിശ്വസിക്കുന്നു.
അഭിവാദ്യങ്ങൾ........
ഈ കുറിപ്പിൻ്റെ പ്രധാന ആധാരം കൊറോണയുടെ
രണ്ടാം വരവു തന്നെ!
സംസ്ഥാനത്തെ ജനങ്ങളെയാകെ ഭീതിയിലാക്കി കൊറോണ വ്യാപിക്കുകയാണല്ലോ. കൊറോണയുടെ രണ്ടാം വരവ് ഇങ്ങ് കാസർകോട് ജില്ലയിലെ ജനങ്ങളെ കൂടുതൽമരണങ്ങളിലേക്ക് തള്ളിവിടുമെന്ന ഭീതിയിലാണ് ഞങ്ങൾ. കാസർകോട് അധികാര കേന്ദ്രത്തിൽ നിന്നും കൂടുതൽ അകലമുള്ള ജില്ലയാണെങ്കിലും ഞങ്ങളും കേരളീയർതന്നെയല്ലേ.. ആധുനിക രീതിയിലുള്ള ചികിത്സാ സൗകര്യങ്ങൾ ജില്ലക്കാർക്ക് ലഭിക്കണമെങ്കിൽ മംഗലാപുരത്ത് തന്നെ പോകണം. ഇത് പണ്ടേയുള്ള ശീലമാണ്. കാസർകോട്ടെ നിരത്തുകളിലൂടെ ദിനംപ്രതി മംഗലാപുരം ലക്ഷ്യമാക്കി ചീറിപ്പാഞ്ഞ് കൊണ്ടിരുന്ന ആമ്പുലൻസുകളുടെ എണ്ണം ഇതിന് അടിവരയിടും. എന്നാൽ കൊറോണ കാലത്ത് ഓരോ സംസ്ഥാനവും ഓരോ രാജ്യങ്ങളെ പോലെ അതിർത്തികൾ അടച്ചിട്ടതോടെ ചികിത്സ കിട്ടാതെ കഴിഞ്ഞ വർഷം മരണപ്പെട്ടത് 16 പേരാണ്.
ജില്ലക്ക് അനുവദിച്ച മെഡിക്കൽ കോളേജിൻ്റെ സ്ഥിതി അങ്ങയോട് പറയേണ്ടതില്ലല്ലോ... ടാറ്റ അനുവദിച്ച കോവിഡ് ആശുപത്രി പ്രവർത്തനം ആരംഭിച്ചെങ്കിലും ആവശ്യത്തിന് ജീവനക്കാരെയും സൗകര്യങ്ങളും നൽകിയിട്ടില്ല ഇനിയും തസ്തിക അനുവദിച്ചതായി അങ്ങ് പത്ര സമ്മേളനം നടത്തി അറിയിച്ചിട്ട് മാസങ്ങൾ അനവധിയായി. ജില്ലയിൽ വെൻ്റിലേറ്റർ സൗകര്യങ്ങൾ പരിമിതമാണ്. മെഡിക്കൽ കോളേജടക്കം സർക്കാർ ആസ്പത്രികളിലുള്ള വെൻ്റിലേറ്ററുകൾ പ്രവർത്തനരഹിതമാണെങ്കിലും പ്രവർത്തിക്കുന്ന വെൻറിലേറ്ററുകൾ മുഴവൻ കണ്ണൂരിലേക്ക് എത്തിക്കാൻ ഹെൽത്ത് ഡയറക്ടർ ഉത്തരവിട്ടിരിക്കുകയാണത്രേ. വെൻ്റിലേറ്ററും മരുന്നുകളുമൊന്നുമില്ലെങ്കിലും നേരാംവണ്ണം ശ്വാസം വലിച്ചു മരിക്കാൻ കഴിയുമെന്ന ആശ്വാസമായിരുന്നു ഞങ്ങൾക്ക്. എന്നാൽ ആ മോഹവും വ്യാമോഹമായി മാറുകയാണെന്ന് തോന്നുന്നു. ജില്ലയിലെ ഓക്സിജൻ സ്റ്റോക്ക് തീരാറായി. ഓക്സിജൻ വന്നുകൊണ്ടിരുന്നത് നിത്യോപയോഗ സാധനങ്ങൾ പോലെ മംഗലാപുരത്ത് നിന്നാണ്.
അവർ അതിർത്തി അടച്ചു. ഇനി ഞങ്ങൾക്കു് ഓക്സിജൻ വരേണ്ടത് ഞങ്ങളുടെ സ്വന്തം സംസ്ഥാനമായ കേരളത്തിൽ നിന്നാണ്. തരുമോ... ഞങ്ങൾക്ക് ജീവവായു..?
ഓക്സിജൻ ക്ഷാമം രൂക്ഷമായതോടെ ആശുപത്രികളിൽ അഡ്മിറ്റ് ചെയ്ത രോഗികളെ ഡിസ്ചാർജ് ചെയത് കൊണ്ടിരിക്കുകയാണ്. ചില സ്വകാര്യ ആസ്പത്രി മെനേജ്മെൻ്റ് പ്രതിനിധികൾ ഓക്സിജൻ ക്ഷാമത്തെക്കുറിച്ച് സംസാരിക്കാൻ ജില്ലാ കലക്ടർ ഏമാനെ കാണാൻ ചെന്നപ്പോൾ രണ്ട് മണിക്കൂറുകളോളം പൊരിവെയിലത്ത് നിർത്തിച്ചതിന് ശേഷം മുഖം നൽകിയില്ല പോലും, ഇത് പോലുള്ള നാട്ടുരാജാക്കമാരുടെ സന്തതികളെയാന്ന് ഞങ്ങളെ സംരക്ഷിക്കാൻ ഇവിടെ ചുമതലപ്പെടുത്തിരിക്കുന്നത്. ഞങ്ങളുടെ ജനപ്രതിനിധികളുടെ നിവേദനങ്ങളും വാക്കുകളും കേൾക്കാൻ ആളില്ല...
ശ്വസിക്കാൻ ജീവവായു കിട്ടാൻ ഞങ്ങൾക്കും അവകാശമില്ലേ... പേരിന് ഞങ്ങൾക്കും ഒരു ജില്ലാ ഭരണകൂടവും കലക്ടറും പോലീസുമൊക്കെയുണ്ട്... കഴിഞ്ഞ അഞ്ച് കൊല്ലം അങ്ങയുടെ കൂടെ രണ്ടാം സ്ഥാനക്കാരനായിരുന്ന ഒരു മന്ത്രിയും ഉണ്ടായിരുന്നു. പാവം ഒരു മിണ്ടാപ്രാണി!
അവഗണനക്ക് ഒരു കാലത്തും അറുതി ഉണ്ടായിരുന്നില്ല. മെഡിക്കൽ കോളേജിന് വേണ്ടി സെക്രട്ടേറിയറ്റിന് മുൻപിൽ കൂട്ടക്കരച്ചിൽ നടത്തിയവരാണ് ഞങ്ങൾ. ഇപ്പോൾ ഞങ്ങൾ നിലവിളിക്കുകയാണ്.. ജീവൻ നിലനിർത്താൻ വേണ്ടി...
കനിയുമോ... സാർ.
ടാറ്റ ഞങ്ങളോട് കാണിച്ച കനിവെങ്കിലും സ്വന്തം ഭരണാധികാരികളിൽ നിന്ന് കിട്ടുമെന്ന് പ്രതീക്ഷിച്ച് കൊണ്ട്...
ജില്ലയിലെ ജനങ്ങൾക്ക് വേണ്ടി
എ അബ്ദുൾ റഹ്മാൻ
കാസർകോട്

Keywords: Kerala, News, Kasaragod, Top-Headlines, STU, STU-Abdul-Rahman, Pinarayi-Vijayan, Hospital, Treatment, COVID-19, Corona, Doctor, District General Secretary of the Muslim League with an open letter to the Chief Minister; Hospitals have no staff, no oxygen and no ventilator.
< !- START disable copy paste -->


Post a Comment