സുന്നി നേതാക്കൾ അനുശോചിച്ചു
കാസർകോട്: മുക്രി ഇബ്രാഹിം ഹാജിയുടെ നിര്യാണത്തിൽ കേരളാ മുസ്ലിം ജമാഅത് സംസ്ഥാന പ്രസിഡന്റ് കാന്തപുരം എ പി അബൂബകർ മുസ്ലിയാര്‍, ജനറൽ സെക്രടറി സയ്യിദ് ഇബ്രാഹിം ഖലീല്‍ അല്‍ ബുഖാരി, ജാമിഅ സഅദിയ്യ പ്രസിഡന്റ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, ജനറല്‍ സെക്രടറി സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ, വര്‍കിംഗ് സെക്രടറി എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, കേരള മുസ്ലിം ജമാഅത് ജില്ലാ പ്രസിഡന്റ് ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, ജനറല്‍ സെക്രടറി പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, ട്രഷറര്‍ ഹകീം ഹാജി കളനാട് എന്നിവരും എസ് വൈ എസ്, എസ് എസ് എഫ്, എസ് എം എ, എസ് ജെ എം ജില്ലാ കമിറ്റികളും അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ പേരില്‍ പ്രത്യേക പ്രാർഥന നടത്താനും മയ്യിത്ത് നിസ്‌കരിക്കാനും നേതാക്കള്‍ അഭ്യർഥിച്ചു.
ഹബീബ് ഹാജി ഒരു കാലഘട്ടത്തിന്റെ ഇതിഹാസമായിരുന്നുവെന്ന് എ അബ്ദുർ റഹ്‌മാൻ
കാസർകോട്: ഹബീബ് ഹാജി ഒരു കാലഘട്ടത്തിന്റെ ഇതിഹാസമായിരുന്നുവെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രടറി എ അബ്ദുർ റഹ്‌മാൻ. കാസർകോട്ടെ അറിയപ്പെടുന്ന സാമുഹ്യ, സാംസ്കാരിക, മത, രാഷ്ടിയ പ്രമുഖരുമായി അദ്ദേഹത്തിന് വളരെയേറെ ബന്ധമുണ്ടായിരുന്നു.
പൊതുരംഗത്ത് സർവ മേഖലയിലും സജീവമായിരുന്ന ഹബീബ് ഹാജി വലിയ ദീനി സേവനകനും അനേകം മത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ജീവനാഡിയുമായിരുന്നു.
ദാനധർമങ്ങൾ ജീവിതചര്യയാക്കിയ മാറ്റിയ അദ്ദേഹം വലിയ ധർമിഷ്ഠൻ ആയിരുന്നു. അദ്ദേഹത്തിന്റെ സഹായം ലഭിക്കാത്ത ദീനീ സ്ഥാപനങ്ങളോ മറ്റോ ഉണ്ടാകില്ല. ദാനം കൊണ്ട് മഹത്വമാർന്ന ജീവിതത്തിൻ്റെ ഉടമയായിരുന്ന പരേതനായ കെ എസ് അബ്ദുല്ലയുടെ സഹോദരൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ ജീവിത ശൈലി ഹബീബ് ഹാജിക്കുമുണ്ടായിരുന്നു. നൂറിലധികം ജീവനക്കാർക്ക് ജോലി നൽകിയ ഇസ്ലാമിയ ടൈൽ കമ്പനിയുടെ മാനജിംഗ് പാട്ണറായിരുന്ന അദ്ദേഹം നാനാജാതി മതസ്ഥരായ തൊഴിലാളികളുടെ ഇഷ്ടക്കാരനായിരുന്നു. ചിട്ടയായ പ്രവർത്തനങ്ങളിലൂടെ സുതാര്യമായ രീതിയിൽ കണക്കുകൾ കൈകാര്യം ചെയ്യുന്ന കാര്യത്തിൽ അദ്ദേഹം വിദഗ്ദനായിരുന്നു.
പള്ളി പരിപാലണ കാര്യത്തിൽ തൻ്റെ അഭിപ്രായം ആരുടേ മുന്നിലും തുറന്ന് പറയുന്നതിൽ അദ്ദേഹത്തിന് യാതൊരു മടിയുമുണ്ടായിരുന്നില്ലെന്നും അദ്ദേഹം അനുസ്മരിച്ചു.
മുക്രി ഇബ്രാഹീം ഹാജിയുടെ വിയോഗത്തിലൂടെ നഷ്ടമായത് നിരാലംബരുടെ ആശ്രയമെന്ന് കുമ്പോല്‍ കെ എസ് ആറ്റക്കോയ തങ്ങള്‍
കാസര്‍കോട്: മുക്രി ഇബ്രാഹീം ഹാജിയുടെ വിയോഗത്തിലൂടെ നഷ്ടമായത് നിരാലംബരുടെ ആശ്രയമാണെന്ന് ജാമിഅ സഅദിയ്യ പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍. കുമ്പോല്‍ സാദാത് കുടുംബവുമായി വലിയ ബന്ധം പുലര്‍ത്തിയ അദ്ദേഹം ജാമിഅ സഅദിയ്യയുടെ ആദ്യകാലം മുതല്‍ക്കുള്ള സജീവ സഹകാരിയും മുംബൈ കമിറ്റി പ്രസിഡന്റുമായിരുന്നവെന്ന് തങ്ങൾ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ പേരില്‍ പ്രത്യേക പ്രാർഥന നടത്താനും അദ്ദേഹം അഭ്യർഥിച്ചു. കുമ്പോൽ സയ്യിദ് ഉമര്‍ കുഞ്ഞിക്കോയ തങ്ങളും അനുശോചനം രേഖപ്പെടുത്തി.
രണ്ട് പേരുടെയും വേർപാട് തളങ്കരയ്ക്കും സമുദായത്തിനും നികത്താനാവാത്ത നഷ്ടമാണെന്ന് ഖത്വർ കാസർകോട് മുസ്ലിം ജമാഅത് കമിറ്റി
ദോഹ: കെ എസ് മുഹമ്മദ് ഹബിബുല്ല ഹാജി, മുക്രി ഇബ്രാഹിം ഹാജി എന്നിവരുടെ നിര്യാണത്തിൽ ഖത്വർ കാസർകോട് മുസ്ലിം ജമാഅത് കമിറ്റി അനുശോചിച്ചു. രണ്ട് പേരുടെയും വേർപാട് തളങ്കരയ്ക്കും സമുദായത്തിനും നികത്താനാവാത്ത നഷ്ടമാണെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു.
മുക്രി ഇബ്രാഹീം ഹാജിയുടെയും ഹബീബ് ഹാജിയുടെയും നിര്യാണം തീരാനഷ്ടമാണെന്ന് പള്ളങ്കോട് അബ്ദുൽ ഖാദർ മദനി
കാസർകോട്: തളങ്കര മുക്രി ഇബ്രാഹീം ഹാജിയുടെ വിയോഗത്തിലൂടെ നഷ്ടമായത് പാവങ്ങളുടെ അത്താണിയേയും ഇസ്ലാമിക പാരമ്പര്യത്തിന്റെ വിളക്കുമാടമായി പ്രശോഭിക്കുന്ന തളങ്കരയുടെ കർമ സാന്നിധ്യത്തെയുമാണെന്ന് കേരള മുസ്ലിം ജമാഅത് ജില്ലാ ജനറൽ സെക്രടറി പള്ളങ്കോട് അബ്ദുൽ ഖാദർ മദനി അനുസ്മരിച്ചു. പ്രയാസപ്പെടുന്നവന്റെ മനസറിഞ്ഞ് സഹായം നല്‍കുന്നതില്‍ തളങ്കരയിലെ തന്റെ വീടിന്റെ ഗെയ്റ്റ് എപ്പോഴും തുറന്ന് തന്നെ കിടന്നു.
പല ആവശ്യങ്ങളുമായി ഹാജിയെ സമീപിക്കുന്നവർക്ക് ആവശ്യത്തിന്റെ തോതനുസരിച്ച് കയ്യില്‍ പണമുള്ള സമയത്ത് അപ്പോള്‍ തന്നെ നല്‍കി സന്തോഷിപ്പിക്കുന്ന രീതി ഇബ്രാഹീം ഹാജിക്ക് സ്വന്തമായിരുന്നു.


സഅദിയ്യയുടെ മുംബൈ ആസ്ഥാനം സ്ഥാപിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചു. തുടക്കം മുതല്‍ തന്നെ പ്രസ്തുത കമിറ്റി പ്രസിഡന്റായിരുന്നു. 35 വര്‍ഷം മുമ്പ് സഅദിയ്യ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ സ്ഥാപിക്കുന്നതില്‍ മുന്‍പന്തിയിലിരുന്ന അദ്ദേഹം ബില്‍ഡിങ് നിർമാണത്തില്‍ വലിയ പങ്ക് വഹിച്ചു. ആര്‍ട്‌സ് ആൻഡ് സയന്‍സ് കോളജിന് അംഗീകാരം ലഭിച്ചപ്പോള്‍ അതിന്റെ കെട്ടിട നിര്‍മാണത്തിലും വലിയ സഹായം നല്‍കി. നാടിന്റെ വിവിധ ഭാഗങ്ങളിലുളള പള്ളി, മദ്‌റസകളേയും വിദ്യാഭ്യാസ സ്ഥാപനങ്ങളേയും രാഷ്ടീയ സാമൂഹിക സംഘടനകളേയും സഹായിക്കുന്നതിലും ഇബ്രാഹീം ഹാജി മുന്നിലായിരുന്നു.
കേരള മുസ്ലിം ജമാഅത് നിലവില്‍ വന്നതു മുതൽ തന്നെ അതിന്റെ ജില്ലാ വൈസ് പ്രസിഡണ്ടായി പ്രവര്‍ത്തിച്ച് വരുന്ന ഇബ്രാഹീം ഹാജി പ്രവര്‍ത്തന രംഗത്ത് എന്നും ആവേശമായിരുന്നു. കാന്തപുരം ഉസ്താദുമായി വലിയ ബന്ധം പുലര്‍ത്തിയിരുന്നു. അദ്ദേഹത്തിന്റെ വീട് റയില്‍വേ സ്‌റ്റേഷന് അടുത്തായത് കൊണ്ട് ഉസ്താദ് വരുമ്പോള്‍ താമസിക്കാനും വിശ്രമിക്കാനും പ്രത്യേകം റൂം തന്നെ തയ്യാറാക്കിയിരുന്നു. പണ്ഡിതന്മാരുമായും സാദാത്തുക്കളുമായും ബന്ധം പുലര്‍ത്തിയ ഇബ്രാഹീം ഹാജി കുമ്പോല്‍ സാദാത്തു കുടുംബവുമായും വലിയ ബന്ധമായിരുന്നു. രാഷ്ടീയ സാമുദായിക പ്രമുഖരുമായും അടുത്ത ബന്ധം പുലർത്തിയ ഇബ്രാഹീം ഹാജി അകമഴിഞ്ഞ സഹായമാണ് എല്ലാവർക്കും നൽകിയിത്.
തളങ്കര എന്ന ഇസ്ലാമിക പ്രഭാ കേന്ദ്രത്തിന് ഒരേ ദിവസം തന്നെ രണ്ടു പ്രമുഖരെയാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി വിടപറഞ്ഞ പൗരപ്രമുഖനും വ്യവസായിയുമായിരുന്ന കെ എസ് മുഹമ്മദ് ഹബീബ് ഹാജിയുടെ വിയോഗവും തീരാനഷ്ടമാണ്. സാദാത്തുക്കളുമായും പണ്ഡിതന്മാരുമായും അടുത്ത ബന്ധമുള്ള മുഹമ്മദ് ഹബീബ് ഹാജി മർഹും വലിയുല്ലാഹി വടകര മുഹമ്മദ് ഹാജി അടക്കമുള്ള ആത്മീയ നേതാക്കളുടെ ഖാദിമായിരുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു.
Keywords: Kerala, News, Kasaragod, Thalangara, Death, Sunni, Remembrance, STU-Abdul-Rahman, Kanthapuram, A.P Aboobacker Musliyar, Condolences on the death of Mukri Ibrahim Haji and KS Habibullah Haji.