Join Whatsapp Group. Join now!
Aster MIMS 10/10/2023

നഗരമുണരാത്തൊരു പെരുന്നാൾ കൂടി വരവായ്

Another Eidul Fitr without celebrations#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ബസരിയ റശീദ്

(www.kasargodvartha.com 12.05.2021) ശാന്തമായ നഗര വീചികൾ! ശബ്ദ കോലാഹലങ്ങളോ വാഹനങ്ങളുടെ പുകച്ചുരുളുകളോ ഇല്ലാത്ത മൗനമായ തെരുവുകൾ! പതിവ് കാഴ്ചകളിൽ നിന്ന് നന്നേ വിപരീതമായി ജനനിബിഡമോ ആൾക്കൂട്ടങ്ങളോ പൂർണ്ണമായും ഒഴിവാക്കപ്പെട്ട കടകമ്പോളങ്ങൾ.

റമളാൻ ആദ്യം തൊട്ട് അവസാനം വരെ ഉള്ള പെരുന്നാൾ സീസണിൽ ഉപഭോക്താക്കളെ ഊറ്റിപിഴിഞ്ഞെടുക്കുന്ന ലാഭ കച്ചവടത്തിന് അവസരങ്ങൾ പൂർണ്ണമായോ ഭാഗികമായോ നഷ്ടപെടും വിധം കോവിഡിന്റെ രണ്ടാം തരംഗം വൻ തടസ്സമായി തുടരുന്നു. ഈ പെരുന്നാളും കോവിഡ് കൊണ്ട് പോയി. പള്ളികളിലെ തക്ബീർ ധ്വനികൾക്കൊപ്പം ചേരാൻ, പുത്തനുടുപ്പിന്റെയും അത്തറിന്റെയും ശാന്ത ഭംഗിയോടെ ഉപ്പയും സഹോദരങ്ങളും കെട്ടിയോനും പള്ളിയിൽ പോവുന്നത് കാണാൻ ഈ പെരുന്നാളിനും കഴിയില്ലല്ലോ.

Another Eidul Fitr without celebrations

മൈലാഞ്ചിയുടെ ചുവന്ന നിറത്തിനും പതിവ് ഭംഗി ഇല്ലാത്ത പോലെ. പെരുന്നാളുടുപ്പിന്റെ പുതുമണമൊന്നും പഴയ പോലെ ഉള്ളിലാഹ്ലാദം തരുന്നേ ഇല്ല. പൊരിയുണ്ടയും ബാട്ട് പത്തലും കൊട്ടയപ്പവും അടുക്കളയിലെ രുചിക്കൂട്ടിലെ താരമായില്ല. പെരുന്നാൾ ബിരിയാണിയും ചിക്കൻ ഫ്രൈ ഒന്നും മനസിലാഘോഷം വാരി വിതറില്ല. കൂട്ടുകാരും കുടുംബക്കാരും അയൽക്കാരുമൊന്നും പെരുന്നാൾ വിരുന്നിന് അതിഥികളാവില്ലല്ലോ.

തൊപ്പിവെച്ചും മക്കനയിട്ടും മൈലാഞ്ചി മൊഞ്ചിന്റെ അരുമയോടെ പെരുന്നാൾ പൈസക്ക് കുഞ്ഞു കൈകൾ നീട്ടാൻ കുട്ടിപ്പട്ടാളം വരില്ലല്ലോ. കോവിഡിന്റെ വരവ് വല്ലാത്തൊരു വരവായി പോയി. മാസ്കും സാനിറ്റൈസറും വാണിടും കാലം എന്ന് വരും തലമുറകൾക്ക് വിശേഷിപ്പിക്കാൻ ഉദാഹരണമായി മാറിയോ വർത്തമാന കാലഘട്ടം.?

പെരുന്നാളിന്റെ പൊലിവുകളൊന്നുമില്ലെങ്കിലും കോവിഡ് പ്രോട്ടോകോൾ അനുസരിച്ചെങ്കിലും ഈദ് ഗാഹ് വേണമെന്ന് ആശിച്ചു പോവുന്നു. ലോക മുസ്ലിംകളുടെ ആഘോഷങ്ങളുടെ നെടും തൂണാണ് പെരുന്നാൾ. പുണ്യ റമളാനിന്റെ 29/30 ദിവസങ്ങളിൽ ജലപാനമില്ലാതെ ഇബാദത്തുകളും ഇസ്തിഗ്ഫാറും കൊണ്ട് ആത്മ നിർവൃതി പൂണ്ട സത്യവിശ്വസിയായ ഓരോ മുസൽമാനും പെരുന്നാളൊരു ഹൃദയ തന്ദ്രികളെ ആഹ്ലാദത്തിന്റെ പൊൻനിലാവെളിച്ചം പകർത്തുന്ന ദിനമാണ്.

റമളാൻ 29 കഴിഞ്ഞ ആ രാത്രി. മാനത്തെ മൊഞ്ചുള്ള നിലാവിന്റെ വരവും കാത്തൊരു ഇരിപ്പുണ്ട്. ഉള്ളിലെ ഉൾപുളകങ്ങൾ ഒന്നിച്ചുണർത്തിയ അനുഭൂതിയാണ് തകബീറിന്റെ അലയൊലികൾ കേട്ടാൽ. പിന്നെയൊരോട്ടമായിരിക്കും ആ നിമിഷം തൊട്ട്. മൈലാഞ്ചിയുടെ മണം മാത്രമായിരിക്കും വീട് മൊത്തം. തറാവീഹ് ഇല്ലല്ലോ നോമ്പ് തീർന്ന് പോയല്ലോ എന്നൊക്കെ നീറ്റലായി ഉള്ളിൽ തോന്നുമെങ്കിലും പള്ളിയിലെ ഉസ്താദിന്റെ തക്ബീർ മൊഴിയഴകിൽ അതെല്ലാം അലിഞ്ഞില്ലാതാവും.

ഇക്കൊല്ലം പെരുന്നാളിനും പള്ളികളിൽ തക്ബീർ ധ്വനികൾ കൊണ്ട് നാടുണർത്തണം. കോവിഡിന്റെ രോഗ വിളികളും മരണ വിളികളും ആശാന്തമായ ഖൽബിനുള്ളിലേക്ക് തക്ബീർ മൊഴികൾ ആഹ്ലാദത്തിന്റെ കുളിരു പകരണം. പ്രാർത്ഥനകൾ കൊണ്ട് കോവിഡ് വൈറസുകൾ അതിവിദൂരമാവട്ടെ. കണ്മുന്നിൽ നമ്മുടെ സഹോദരങ്ങൾ കോവിഡ് രോഗികളായി മരിച്ചു വീഴുമ്പോൾ ആഘോഷങ്ങളൊന്നുമല്ല ആശകളിൽ. എങ്കിലും ഓരോ റമളാനും പെരുന്നാളും കോവിഡ് ലോക് ഡൗൺ കൊണ്ട് പോകുമ്പോൾ ഉള്ളിലൊരു നിരാശ.

ആ നിരാശയ്ക്കൊരൽപ്പം ശമനമായിട്ടെങ്കിലും ഒരു കോവിഡ് വൈറസിനും തകർക്കാൻ കഴിയാത്ത വിധം പെരുന്നാൾ ഞങ്ങളാഘോഷിക്കും. വീട്ടിലാണെങ്കിലും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് തന്നെ സ്‍മാർട് ഫോണിന്റെ ക്യാമറക്കണ്ണിൽ പല പല പോസുകളിൽ നിന്ന് ഓരോ ക്ലിക്കിലും പെരുന്നാൾ ആഘോഷഭരിതമാക്കും. വരും പെരുന്നാളുകളിൽ മതി മറന്നാഘോഷിക്കുമ്പോൾ റമളാനിലും പെരുന്നാളിലും മാത്രം ശക്തമായ് വരുന്ന കോവിഡിനെ ഓർക്കാനായെങ്കിലും ഓരോ ക്ലിക്കും മറക്കാനാവാത്ത പകർപ്പായ് സൂക്ഷിച്ച് വെക്കും.

വിനോദങ്ങളും വലിയ വിശേഷങ്ങളും ആരവങ്ങളൊന്നുമില്ലാത്ത വീടിനുള്ളിലെ മതിലുകൾക്കുള്ളിൽ ഉമ്മയും ഉപ്പയും സഹോദരങ്ങളും മാത്രം ഒത്തു കൂടുന്ന പെരുന്നാളിന്റെ ശാന്തതയിലേക്ക് എന്റെയും കുടുംബത്തിന്റെയും സ്നേഹത്തിന്റെയും ഒരുമയുടെയും ചെറിയ പെരുന്നാളാശംസകൾ.

Keywords: Kerala, Kasaragod, Article, Basariya Rasheed, COVID-19, Corona, Eid, Ramadan, Religion, Festival, Celebration, Another Eidul Fitr without celebrations.

Post a Comment