കുമ്പള: (www.kasargodvartha.com 29.04.2021) മീൻ പിടുത്തക്കാരുടെ നീണ്ട കാലത്തെ ആവശ്യത്തിന് ഒടുവിൽ പച്ചക്കൊടി. ആരിക്കാടി ഷിറിയ കടപ്പുറത്ത് പുലിമുട്ട് നിർമിക്കാൻ 24.30 കോടി രൂപയുടെ ഭരണാനുമതിയായി. ഹാർബർ എൻജിനിയറിങ് വകുപ്പിന്റെ കീഴിൽ റി ബിൽഡ് കേരള പദ്ധതിയിലാണ് നിർമാണം നടക്കുക. പുലിമുട്ട് നിർമാണത്തിനും കണ്ടൽക്കാട് സംരക്ഷണത്തിനുമാണ് തുക അനുവദിച്ചത്.
മൊഗ്രാൽ മുതൽ ഉപ്പള വരെയുള്ള മീൻ പിടുത്തക്കാർക്കും അവരെ ആശ്രയിച്ചു കഴിയുന്ന നൂറ് കണക്കിന് കുടുംബങ്ങൾക്കും ആശ്വാസം നൽകുന്ന പദ്ധതിയാണിത്. ഷിറിയ അഴിമുഖത്ത് ആഴമില്ലാത്തിനാൽ തോണികൾ കടലിലേക്ക് ഇറക്കാൻ ആകുന്നില്ല. കേടുപാടുകളും സംഭവിക്കുന്നു. ഇത് കാരണം ഷിറിയ തീരദേശ പൊലീസ് സ്റ്റേഷനിലെ ബോട് കാസർകോട്ടാണ് നിർത്തിയിരിക്കുന്നത്.
അതിനാൽ തന്നെ ഈ ഭാഗങ്ങളിലുള്ളവർ കാസർകോട്, മഞ്ചേശ്വരം എന്നിവിടങ്ങളിൽ പോയാണ് മീൻ പിടിക്കുന്നത്. മീൻ കിട്ടാതെ വരുന്ന അവസരങ്ങളിൽ വൻ സാമ്പത്തിക നഷ്ടമാണ് ഇവർക്ക് നേരിടേണ്ടി വരുന്നത്. കൂടാതെ വെള്ളം കയറുന്നത് മൂലം കർഷകരും ദുരിതം നേരിടുന്നു. വയലുകളിലും വീടുകളിലും വെള്ളം കയറുന്ന അവസ്ഥയുമുണ്ട്.
പുലിമുട്ടിനായി സിപിഎം കുമ്പള ഏരിയ കമിറ്റി നിരന്തരം ഇടപെട്ടിരുന്നു. വൈകാതെ തന്നെ നിർമാണം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുലിമുട്ട് വരുന്നതോടെ ബംബ്രാണയിലെ പ്രദേശങ്ങളിൽ ഉപ്പുവെള്ളം കയറുന്നതും നിൽക്കും.
Keywords: Kumbala, News, Kasaragod, Kerala, Fish, Water, Construction plan, News, Top-Headlines, Shiriya breakwater construction will start soon.