കാഞ്ഞങ്ങാട്: (www.kasargodvartha.com 01.03.2021) വാഹന ഷോറൂം ജീവനക്കാരനായ പുല്ലൂര്‍ സ്വദേശിയായ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായതായി പരാതി. പുല്ലൂര്‍ എടമുണ്ടയിലെ പ്രവാസി പാറ്റേന്‍ ചന്ദ്രന്റെ മകന്‍ അമല്‍ ചന്ദ്രനെ (21) യാണ് ശനിയാഴ്ച മുതല്‍ കാണാതായത്. കൊവ്വല്‍ പള്ളിയിലെ ടിവിഎസ് ഷോറൂം ജീവനക്കാരനാണ് അമല്‍. ശനിയാഴ്ച രാവിലെ ജോലിക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു.
പതിവിലും നേരെത്തെ വീട്ടില്‍ നിന്നും ഇറങ്ങിയ അമല്‍ വൈകുന്നേരം എത്തേണ്ട സമയമായിട്ടും തിരിച്ചെത്തിയിരുന്നില്ല. ജോലി ചെയ്യുന്ന ഷോറൂമില്‍ വിളിച്ച് അന്വേഷിച്ചപ്പോള്‍ അമല്‍ ശനിയാഴ്ച അവിടെ ജോലിക്ക് എത്തിയിരുന്നില്ല എന്ന് കൂടെ ജോലി ചെയ്യുന്നവര്‍ പറഞ്ഞു എന്ന് അമലിന്റെ പിതാവ് ചന്ദ്രന്‍ പറഞ്ഞു.
കാണാതായ വിവരം പൊലീസില്‍ അറിയിച്ചിട്ടുണ്ടെന്നും പൊലീസ് അന്വേഷണത്തില്‍ അമലിന്റെ മൊബൈല്‍ ഫോണ്‍ ഒരു തവണ സ്വിച്ച് ഓണ്‍ ആയതായും അറിഞ്ഞു. തിരുവനന്തപുരത്ത് വച്ചാണ് മൊബൈല്‍ ഓണ്‍ ആയതെന്ന് പോലീസ് പറഞ്ഞതായും അമലിന്റെ പിതാവ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
വീട്ടുകാരോട് പറയാതെ അമല്‍ ദൂരസ്ഥലങ്ങളിലൊന്നും പോകാറില്ലെന്നും അമലിന് യാതൊരു പ്രശനങ്ങളൂം ഉണ്ടായിരുന്നില്ല എന്നും പിതാവ് വെളിപ്പെടുത്തി. യുവാവിന്റെ തിരോധാനം വീട്ടുകാരെയും നാട്ടുകാരെയും ഒരേ പോലെ ആശങ്കയിലാക്കിയിട്ടുണ്ട്.