കാസർകോട്: (www.kasargodvartha.com 15.02.2021) കോവിഡ് എന്ന കുഞ്ഞൻ വൈറസ് ലോകത്തെ മുഴുവൻ പിടിച്ചു കുലുക്കി ജനങ്ങളെയാകെ മാസങ്ങളോളം അകത്തിരുത്തി. 2019 മാർച്ച് 22 ന് ഇന്ത്യ മുഴുവൻ ലോക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ നിലച്ചതാണ് നമ്മുടെ പൊതുഗതാഗതം.

എന്നാൽ ലോക് ഡൗൺ നിയന്ത്രണങ്ങൾ എതാണ്ട് പൂണ്ണമായും നീക്കുകയും പൊതുഗതാഗത സംവിധാനം സാധാരണഗതിയിലാവുകയും ചെയ്തെങ്കിലും സാധാരണക്കാർ ആശ്രയിക്കുന്ന പാസഞ്ചർ ട്രെയിനുകൾ മാത്രം ഇനിയും ട്രാകിൽ കയറിയില്ല.
ഇതുകാരണം കഷ്ടത്തിലായത് ട്രെയിൻ ഗതാഗതം മാത്രം ആശ്രയിച്ചിരുന്ന സാധാരണക്കാരായ യാത്രക്കാരാണ്. കാസർകോട് ജില്ലയിൽ നിരവധി ആളുകളാണ് അയൽ ജില്ലകളിലേക്കും മറ്റും ജോലിക്ക് പോകാൻ ട്രെയിൻ മാത്രം ആശ്രയിക്കുന്നത്.
കാസർകോട് ടൗണിലേക്ക് നീലേശ്വരം, കാഞ്ഞങ്ങാട്, ചെറുവത്തൂർ ഭാഗങ്ങളിൽ നിന്നും നിരവധി യാത്രക്കാർ ജോലി ആവശ്യത്തിന് വേണ്ടി വരുന്നുണ്ട്. പാസഞ്ചർ ട്രെയിനുകളുടെ കുറവുമൂലവും നിലവിൽ ട്രാകിൽ ഇറങ്ങിയ ട്രെയിനുകളിൽ സീസൺ ടികെറ്റ് ഇല്ലാത്തതിനാലും ദിവസവും വലിയൊരു തുകയാണ് ബസിലോ മറ്റു സ്വകാര്യ വാഹനങ്ങളിലോ വന്ന് ഇവർക്ക് ചിലവാകുന്നത്.
സ്കൂളുകളും കോളജുകളും കൂടി തുറന്നതോടെ ജോലി ആവശ്യത്തിന് വരുന്നവർക്കും പഠനത്തിനായി പോകുന്ന വിദ്യാർഥികൾക്കും പാസഞ്ചർ ട്രെയിൻ ഓടിക്കാത്തത് ഒരു പോലെ ബുദ്ധിമുട്ടായി. ജനുവരി മുതൽ കെ എസ് ആർ ടി സി ഇൻറർ സ്റ്റേറ്റ് സെർവീസുകൾ അനുവദിച്ചെങ്കിലും ട്രെയിനുകളെ അപേക്ഷിച്ചു നേരെ ഇരട്ടിചിലവാണ്.
സൂപർഫാസ്റ്റ്, എക്സ്പ്രസ് ട്രെയിനുകളിൽ പകുതിയിലേറെയും സർവിസ് നടത്തുന്നുണ്ടെങ്കിലും റിസർവേഷൻ ചെയ്യാതെ ഇതിൽ യാത്രചെയ്യാനും സാധിക്കില്ല എന്നത് മറ്റൊരു പ്രശ്‌നമാണ്. ജില്ലയിൽ ഏറ്റവും കൂടുതൽ ആളുകൾ ട്രെയിൻ ആശ്രയിക്കുന്നത് കാസർകോട്, കാഞ്ഞങ്ങാട്, നീലേശ്വരം, തൃക്കരിപ്പൂർ എന്നിവിടങ്ങളിൽ നിന്നാണ്. ദിനം പ്രതി നിരവധി ആളുകൾ ആണ് യാത്രയുടെ പേരിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത്.
അതേസമയം നിർത്തിവെച്ച പാസഞ്ചർ, മെമു ട്രെയിൻ സെർവീസുകൾ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് കേരളം റെയിൽവേ അധികൃതർക്ക് കത്തയച്ചിരുന്നു. എന്നാൽ കേരളത്തിന്‍റെ ആവശ്യത്തോട് റെയിൽവേ ഇതുവരെയും പ്രതികരിച്ചിട്ടില്ല.
ഇക്കഴിഞ്ഞ ജനുവരി ഒമ്പതാം തീയതി ഗതാഗത വകുപ്പ് പ്രിൻസിപൽ സെക്രടറി കെ ആർ ജ്യോതിലാൽ അയച്ച കത്തിൽ റിസർവ്ഡ് അല്ലാത്ത ട്രെയിനുകൾ ഓടിക്കണമെന്നായിരുന്നു പ്രധാനമായും ആവശ്യപ്പെട്ടിരുന്നത്. എന്നാൽ കേരളം ആവശ്യപ്പെടാത്തതുകൊണ്ടാണ് പാസഞ്ചർ, മെമു സെർവീസുകൾ പുനരാരംഭിക്കാത്തതെന്ന ന്യായമാണ് റെയിൽവേ ഇത്രയും ദിവസം പറഞ്ഞുകൊണ്ടിരുന്നത്.
സംസ്ഥാനത്തിന്‍റെ കത്ത് റെയിൽവേ ബോർഡിലേക്ക് പോയതിനാൽ ഇനി തീരുമാനമെടുക്കേണ്ടത് റെയിൽവേയുടെ ഉന്നത അധികൃതരാണ്. സാമൂഹിക അകലം പാലിച്ചു ട്രെയിനുകളോടിക്കാമെന്നിരിക്കേ റെയിൽവേ അധികൃതർ ഇനിയും ജനങ്ങളെ ബുദ്ധിമുട്ടിലാക്കരുതെന്ന് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ പോലുള്ള സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്.
എന്തായാലും ജനജീവിതം പഴയ രീതിയിലാവുമ്പോൾ പാസഞ്ചർ, മെമു ട്രെയിൻ സെർവീസ് കൂടി പഴയരീതിയിലാവണമെന്നാണ് ജനങ്ങളുടെ ആഗ്രഹം.
Keywords: Kasaragod, Kerala, News, Train, Railway, Top-Headlines, Travlling, What is the obstacle to getting on the passenger train track?.