മംഗളൂരു: (www.kasargodvartha.com 03.02.2021) ഏഴുമണിക്കൂർ വീടിനു പുറത്തെ ടോയ്ലറ്റിൽ കഴിഞ്ഞ പുലി വനപാലകർ വിരിച്ച വല അതിജീവിച്ച് രക്ഷപ്പെട്ടു. ഒപ്പം ഭീതിയുടെ രാവുകൾ താണ്ടിയ തെരുവുനായെ പുറത്തെടുത്തു.
ബിലിനെലെ ഗ്രാമത്തിലാണ് സംഭവം. ഗൃഹനാഥ ബുധനാഴ്ച രാവിലെ ഏഴോടെ ശുചിമുറിയിൽ കയറാനോരുങ്ങിയപ്പോൾ കണ്ടത് മൃഗവാൽ. ഉടൻ പുറത്തുനിന്ന് പൂട്ടി അയൽക്കാരേയും പൊലീസിനേയും അറിയിച്ചു.
ചൊവ്വാഴ്ച രാത്രി പേടിച്ചോടിയ നായ അഭയംതേടിയ ശുചിമുറിയിൽ പിന്തുടർന്ന പുലിയും കയറിപ്പറ്റുകയായിരുന്നിരിക്കാമെന്ന് ദക്ഷിണ കന്നട ജില്ല പൊലീസ് സൂപ്രണ്ട് ബി എം ലക്ഷ്മിപ്രസാദ് പറഞ്ഞു. ഉച്ച രണ്ടോടെ പുലി പുറത്തുചാടുംവരെ രണ്ട് മൃഗങ്ങളും മുറിയിൽ കഴിയുകയായിരുന്നു.
മയക്കുവെടി വെക്കാനുള്ള ഇഞ്ചക്ഷൻ മംഗളൂരുവിൽ നിന്ന് എത്താൻ വൈകിയത് പുലിയെ പിടിക്കാനുള്ള യജ്ഞം പരാജയപ്പെടാൻ ഇടയാക്കിയെന്ന് സുബ്രഹ്മണ്യയിലെ സുള്ള്യ സബ്ഡിവിഷൻ അസി. ഫോറസ്റ്റ് കൺസർവേറ്റർ ഓസ്റ്റിൻ പി സോൺസ് പറഞ്ഞു. വൈകിയെത്തിയ മയക്കുമരുന്ന് സിറിഞ്ചുമായി ഉന്നംപിടിക്കുമ്പോഴേക്കും പുലി രക്ഷപ്പെട്ടു. ഇനി അതിനെ കണ്ടെത്തി പിടികൂടി കാട്ടിൽവിടണം.
Keywords: Karnataka, News, Mangalore, Tiger, Dog, Forest, Top-Headlines, House, Police, The tiger and the stray dog spent seven hours in the toilet.