കാസർകോട്: (www.kasargodvartha.com 25.02.2021) ദേശീയപാത ആറ് വരിയാക്കുന്നതിന്റെ കേരളത്തിലെ ആദ്യ റീചായ തലപ്പാടി - ചെങ്കള പാതയുടെ കരാർ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോപറേറ്റീവ് സൊസൈറ്റി നേടി. 1704.125 കോടി രൂപയ്ക്കാണ് സൊസൈറ്റിക്കു കരാർ ലഭിച്ചത്. ടെൻഡറിൽ പങ്കെടുത്ത അദാനി ഗ്രൂപ്, മേഘ, കെ എൻ ആർ. തുടങ്ങിയ വൻകിട കമ്പനികളുമായി മത്സരിച്ചാണ് ഊരാളുങ്കൽ സൊസൈറ്റി കരാർ സ്വന്തമാക്കിയത്. കേരളത്തിലെ ഒരു കരാർ സ്ഥാപനത്തിന് ലഭിക്കുന്ന ഏറ്റവും വലിയ കരാർ ആണ് ഇതെന്ന സവിശേഷതയും ഉണ്ട്.
ദേശീയപാത 66 ൽ തലപ്പാടി മുതൽ ചെങ്കളവരെയുള്ള 39 കിലോമീറ്റർ ആണ് ആദ്യത്തെ റീചിൽ പെടുന്നത്. ഭാരത് മാല പദ്ധതിയിൽ പെടുന്ന റോഡാണിത്. രണ്ട് വർഷമാണ് നിർമാണ കാലാവധി. പതിനഞ്ചുവർഷത്തെ പരിപാലനം കൂടി ഉൾപ്പെടുന്ന ഹൈബ്രിഡ് ആനുവിറ്റി മാതൃകയിലാണു വികസിപ്പിക്കുന്നത്. എസ്റ്റിമേറ്റു തുക 1268.53 രൂപയാണ്. കരാറിന്റെ 40 ശതമാനം തുകയേ നിർമാണസമയത്തു ലഭിക്കൂ. ബാക്കി തുക 15 വർഷംകൊണ്ടു 30 ഗഡുക്കളായാണ് നല്കുക. നിർമാണത്തിന്റെ 60 ശതമാനം തുക കരാറുകാരായ സൊസൈറ്റി കണ്ടെത്തണം. ഇതിന്റെ പലിശയും സൊസൈറ്റി വഹിക്കണം. അദാനി ഗ്രൂപ് 1836.49 കോടി രൂപയും മേഘ ഗ്രൂപ് 1965.99 കോടി രൂപയും കെഎൻആർ ഗ്രൂപ് 2199 കോടി രൂപയുമാണ് ക്വോട് ചെയ്തത്.
ആദ്യമായാണ് ഊരാളുങ്കൽ സൊസൈറ്റി ദേശീയപാത നിർമാണ കരാർ ഒറ്റയ്ക്ക് നേടുന്നത്. ഇത്തരം പ്രവൃത്തികൾ ഏറ്റെടുത്തു നടത്താൻ കഴിയുന്ന രാജ്യത്തെ ഏക സഹകരണ സംഘവും ഊരാളുങ്കലാണ്. 1925-ല്‍ കൂലിവേലക്കാരുടെ പരസ്പര സഹായ സഹകരണ സംഘം എന്ന പേരില്‍ തുടങ്ങിയ സൊസൈറ്റി ആണ് ഊരാളുങ്കൽ. ഇന്ന് 400 കോടിയിലേറെ വാര്‍ഷിക ടേണ്‍ ഓവറും 2000-ത്തിലധികം ഓഹരി ഉടമകളുമായി ലോകത്തെ ഏറ്റവും ബൃഹത്തായ സൊസൈറ്റിയായി മാറിയിരിക്കുന്നു. സഹകരണ പ്രസ്ഥാനങ്ങളുടെ ആഗോള സംഘടനയായ ഇന്റര്‍നാഷണൽ കോ-ഓപറേറ്റീവ്സ് അലയൻസിൻ്റെ വേൾഡ് കോ-ഓപറേറ്റീവ് മോണിറ്റർ 2020 റിപോർടിൽ ഊരാളുങ്കലിന് രണ്ടാം സ്ഥാനം ലഭിച്ചിരുന്നു.
കേന്ദ്രസർകാരിന്റെ കരാറുകൾ ലഭിക്കുന്ന നിലയിലേക്കുള്ള ഊരാളുങ്കൽ സൊസൈറ്റിയുടെ വളർച്ച ഗുണമേന്മയ്ക്കും മികച്ച സേവനത്തിനുമുള്ള അംഗീകാരമാണെന്ന് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി പറഞ്ഞു. ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കി ഉടന്‍ നിര്‍മാണം ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
Keywords: Kerala, News, Kasaragod, Road, Development project, Thalappady, Chengala, Top-Headlines, Six Line National Highway: Thalappadi - Chengala Reach Contract to Uralungal Society.