കാസർകോട്: (www.kasargodvartha.com 20.02.2021) യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കാസർകോട് സന്ദർശനത്തിനെതിരെ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്ന് പോപ്പുലർ ഫ്രണ്ട് നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ക്രമിനൽ രാഷ്ട്രീയത്തിന്റെ വക്താവും അക്രമണോത്സുക ഹിന്ദുത്വത്തിന്റെ പ്രചാരകനുമാണ് യോഗിയെന്നും നേതാക്കൾ പറഞ്ഞു.
എല്ലാ ജനാധിപത്യ മര്യാദകളെയും ചവിട്ടി മെതിച്ചാണ് യുപിയിൽ യോഗിയും സർകാരും ഫാസിസ്റ്റ് രാജ് നടപ്പാക്കി കൊണ്ടിരിക്കുന്നത്, പൗരാവകാശങ്ങൾക്ക് വിലക്കേർപ്പെടുത്തിയും വിയോജിപ്പുകളെ അടിച്ചമർത്തിയും വിമർശകരെ ജയിലിലടച്ചും സമാനതകളില്ലാത്ത ഭീകരതയാണ് യോഗിയുടെ നേതൃത്വത്തിൽ യുപിയിൽ അരങ്ങേറുന്നത്, കള്ളക്കഥകൾ മെനഞ്ഞുണ്ടാക്കി മലയാളിയായ മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പനെ സകല മനുഷ്യാവകാശങ്ങളും നിഷേധിച്ച് യുപിയിൽ ജയിലിലടച്ചിരിക്കുന്നു, പൗരത്വ പ്രതിഷേധത്തിൽ പങ്കെടുത്തതിന്റെ പേരിൽ പ്രതികാര നടപടിയെന്നോണം മലയാളിയായ വിദ്യാർഥി നേതാവ് റഊഫ് ശരീഫിനെ യുപി പൊലീസ് അറസ്റ്റ് ചെയ്ത് ഇല്ലാത്ത കുറ്റങ്ങൾ ചുമത്തി ജയിലിലടച്ചിരിക്കുകയാണ്, ഏറ്റവും ഒടുവിൽ മലയാളികളായ രണ്ട് പോപുലർ ഫ്രണ്ട് പ്രവർത്തകരെ അപസർപ്പക കഥകൾ മെനഞ്ഞുണ്ടാക്കി തടവിലിട്ടിരിക്കുകയാണെന്നും നേതാക്കൾ ആരോപിച്ചു.
ആൾകൂട്ടക്കൊല, വർഗീയ കലാപം, ദലിത് പീഡനം തുടങ്ങിയ ആർഎസ്എസ് പ്രവർത്തകർ പ്രതികളായ കേസുകൾ അവഗണിക്കുകയും അവർക്ക് സർക്കാർ സംരക്ഷണം നൽകുകയും ചെയ്യുന്നു, വ്യാജ ഏറ്റുമുട്ടൽ കൊലകളിലൂടെ ഭരണകൂടം നേരിട്ട് വേട്ടയാടുന്നതും യോഗിയുടെ യുപിയിൽ വർധിച്ചിരിക്കുന്നു, ആർഎസ്എസിന്റെ വർഗീയ അജണ്ടകളെ വിമർശിച്ചതിന്റെ പേരിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർക്കെതിരെ യുപി പൊലീസാണ് കേസെടുക്കുന്നത്, ഭരണഘടനയെയും നിയമവ്യവസ്ഥയെയും നോക്കു കുത്തിയാക്കി സമ്പൂർണ്ണ ഏകാധിപത്യമാണ് യോഗിയുടെ നേതൃത്വത്തിൽ യുപിയിൽ നടപ്പിലാക്കുന്നത്, യോഗി കേരളം സന്ദർശിക്കുന്നത് കേരളത്തെ വർഗീയമായി ധ്രുവീകരിക്കാനും ജനങ്ങളിൽ വിഭജനം തീർക്കാനുമാണ്, യോഗി പങ്കെടുക്കുന്ന പരിപാടി നടക്കുന്ന കാസർകോട് നഗരത്തിൽ അതിനെതിരായ ജനകീയ പ്രതിഷേധവും സംഘടിപ്പിക്കും, ഈ പ്രതിഷേധം ഹിന്ദുത്വ ഫാസിസത്തിന്റെ ഇരകളായി യുപി ജയിലുകളിൽ കഴിയുന്ന നിരപരാധികൾക്കുള്ള കേരളത്തിന്റെ ഐക്യദാർഢ്യം കൂടിയാണെന്നും നേതാക്കൾ പറഞ്ഞു.
വാർത്താസമ്മേളനത്തിൽ പോപുലർ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് സി ടി സുലൈമാൻ, സെക്രടറി ടി കെ ഹാരിസ് മൗലവി, വൈ മുഹമ്മദ് എന്നിവർ പങ്കെടുത്തു.
Keywords: Kasaragod, Kerala, News, BJP, Uthar Pradesh, Yogi Adithyanath, Visit, Protest, Minister, Popular front of india, Popular Front to protest against Kasargod UP Chief Minister Yogi's visit.