കോഴിക്കോട്: (www.kasargodvartha.com 05.02.2021) കോവിഡ്-19 ന്റെ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഈ വര്‍ഷത്തെ ലോക കാന്‍സര്‍ ദിനവും കടന്ന് വന്നിരിക്കുന്നത്. അര്‍ബുദത്തിനെതിരായ പതിവ് ബോധവത്കരണ പരിപാടികള്‍ എന്നതില്‍ നിന്ന് മാറി ക്രിയാത്മകമായി ഏത് രീതിയില്‍ കാന്‍സര്‍ പ്രതിരോധ പ്രവര്‍ത്തനം വ്യാപകമാക്കാം എന്ന ആശയത്തിന്റെ ഭാഗമായാണ് കോഴിക്കോട് കോര്‍പറേഷന്‍ കേന്ദ്രീകരിച്ച് 'ഹരിത ആരോഗ്യ ഭവനം' ആശയം വ്യാപകമാക്കുവാന്‍ ആസ്റ്റര്‍ മിംസ് തീരുമാനിക്കുന്നത്.
ഹരിത കേരള മിഷന്‍, ഇന്ത്യന്‍ അകാഡമി ഓഫ് പീഡിയാട്രിക്സ്, നിറവ് ഓര്‍ഗാനിക് വിലേജ്, പൊട്ടാഫോ എന്നിവരുമായി സഹകരിച്ചാണ് 'ഹരിത ആരോഗ്യ ഭവനം' പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്.
കോഴിക്കോട് കോര്‍പറേഷനിലെ റസിഡന്‍ഷ്യല്‍ അസോസിയേഷനുകള്‍ക്ക് ഈ നൂറ് ദിന കര്‍മ്മ പദ്ധതിയില്‍ പങ്കെടുക്കാം. രജിസ്ട്രേഷന്‍ തികച്ചും സൗജന്യമാണ്. ഇങ്ങനെ രജിസ്റ്റര്‍ ചെയ്യുന്ന റസിഡന്‍സ് അസോസിയേഷനുകളിലെ പ്രതിനിധികളെ ഉള്‍പ്പെടുത്തി ആദ്യ ഘട്ടത്തില്‍ വിശദമായ പഠന ക്ലാസ്സ് നല്‍കും.
ഓരോ റസിഡന്‍സ് അസോസിയേഷനുകളിലെയും ഭവനങ്ങളില്‍ നടപ്പിലാക്കേണ്ട ഹരിത വല്‍ക്കരണ പദ്ധതികള്‍, മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതികള്‍, വീട്ടില്‍ തന്നെ കൃഷി ചെയ്ത് ഉത്പാദിപ്പിക്കാവുന്ന പച്ചക്കറികളെക്കുറിച്ചുള്ള അറിവുകളും അതിനായുള്ള സഹായങ്ങളും, ഓരോ റസിഡന്‍സ് അസോസിയേഷന്‍ കേന്ദ്രീകരിച്ച് ജീവന്‍ രക്ഷാ സേവന രൂപീകരിക്കാനുള്ള ക്ലാസ്സുകളും സഹായങ്ങളും, കുഞ്ഞുങ്ങള്‍, സ്ത്രീകള്‍, മുതിര്‍ന്നവര്‍ എന്നിവര്‍ക്കായുള്ള പ്രത്യേക ആരോഗ്യ ക്ലാസ്സുകള്‍, അടിസ്ഥാന ജീവന്‍ രക്ഷാ മാര്‍ഗങ്ങളിലുള്ള ക്ലാസ്സുകള്‍ തുടങ്ങിയവ ഉള്‍പ്പെടെ വിവിധ ഘട്ടങ്ങളിലായി ഓരോ റസിഡന്‍സ് അസോസിയേഷനകളിലും നടപ്പിലാക്കും.
ഇത്തരം മാര്‍ഗനിര്‍ദ്ദശങ്ങളും അവബോധ ക്ലാസുകളുമെല്ലാം പൂര്‍ത്തിയാക്കിയ ശേഷം നിശ്ചിത സമയപരിധിക്കുള്ളില്‍ വിദഗ്ദ്ധ സമിതി അംഗങ്ങള്‍ ഓരോ റസിഡന്‍സ് അസോസിയേഷനുകളും സന്ദര്‍ശിക്കുകയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്യും. ഏറ്റവും മികച്ച രീതിയില്‍ പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കിയ റസിഡന്‍സ് അസോസിയേഷന് ഒരു ലക്ഷം രൂപയും രണ്ടാം സ്ഥാനത്തിന് അന്‍പതിനായിരം രൂപയും മൂന്നാം സ്ഥാനത്തിന് ഇരുപത്തി അഞ്ചായിരം രൂപയും സമ്മാനമായി ലഭിക്കും. ഏറ്റവും മികച്ച രീതിയില്‍ പദ്ധതി നടപ്പിലാക്കിയിരിക്കുന്ന പത്ത് ഭവനങ്ങള്‍ക്ക് പതിനായിരം രൂപ വീതം ലഭിക്കും.
ബഹു. കോഴിക്കോട് കോര്‍പറേഷന്‍ ഡെപ്യൂടി മേയര്‍ ശ്രീ. മുസാഫിര്‍ അഹ്മദ് പരിപാടി ഉദ്ഘാടനം ചെയ്തു. കോര്‍പറേഷന്‍ കൗണ്‍സിലറും ഐ എം എ മുന്‍ പ്രസിഡന്റുമായ ഡോ. അജിത പിഎന്‍ മുഖ്യാതിഥിയായി പങ്കെടുത്തു. ആസ്റ്റര്‍ മിംസ് സി ഇ ഒ ഫര്‍ഹാന്‍ യാസിന്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ. സുരേഷ് കുമാര്‍ ഇകെ, ഡോ. മോഹന്‍ദാസ് നായര്‍, ശ്രീ. ബാബു പറമ്പത്ത്, ഡോ. അനൂപ് എംപി, ഡോ. കേശവന്‍ എംആര്‍ എന്നിവര്‍ ആശംസകള്‍ അര്‍പിച്ച് സംസാരിച്ചു. ശ്രീ. ഷറഫുദ്ദീന്‍ സി പി എം നന്ദി പറഞ്ഞു.
Keywords: News, Kerala, State, Kozhikode, Top-Headlines, Health, Health-Department, Doctors, Kozhikode Aster Mims launches 'Haritha Arogya Bhavanam' project for resident associations on World Health Day