ചട്ടഞ്ചാൽ: (www.kasargodvartha.com 06.01.2021) സമസ്ത കേന്ദ്ര കമിറ്റി വൈസ് പ്രസിഡന്റും മലബാർ ഇസ്ലാമിക് കോംപ്ലക്‌സ് സ്ഥാപകനും ചെമ്പരിക്ക - മംഗലാപുരം സംയുക്ത ഖാസിയുമായിരുന്ന സി എം അബ്ദുല്ല മൗലവി, കാസർകോട്ടെ മുസ്ലിം ജനതയ്ക്കും എം ഐ സി സ്ഥാപനത്തിനും നൽകിയ സേവനങ്ങളും സംഭാവനകളും അമൂല്യവും ചിരകാലം സ്മരിക്കപ്പെടുന്നതുമാണെന്ന് എംഐസി മാനേജിംഗ് കമിറ്റി യോഗം വിലയിരുത്തി.
അദ്ദേഹത്തിൻ്റെ വിയോഗത്തിന് പത്താണ്ട് കഴിഞ്ഞെങ്കിലും ആ വേർപാട് സൃഷ്ടിച്ച നഷ്ടങ്ങൾ ഇപ്പോഴും അപരിഹാര്യമായി നില നിൽക്കുകയാണ്. സി എം അബ്ദുല്ല മൗലവിയുടെ മരണം കൊലപാതകമാണെന്ന കാര്യത്തിൽ എംഐസിക്കോ അതിൻ്റെ പ്രവർത്തകർക്കോ യാതൊരു സംശയവുമില്ല. അതിൻ്റെ പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിൻ്റെ മുന്നിൽ കൊണ്ട് വരണമെന്നത് തുടക്കം മുതലുള്ള സ്ഥാപനത്തിൻ്റെ നിലപാടാണെന്നും അതിൽ മാറ്റമില്ലെന്നും യോഗം അഭിപ്രായപ്പെട്ടു.
എം ഐ സി സീനിയർ വൈസ് പ്രസിഡന്റ് കെ മൊയ്‌തീൻ കുട്ടി ഹാജി, ജനറൽ സെക്രടറി യു എം അബ്ദുർ റഹ്‍മാൻ മൗലവി എന്നിവരുടെ പേര് പരാമർശിക്കുകയും എം ഐ സി യുടെ കീഴിൽ ഒരു എയ്ഡഡ് സ്ഥാപനം ഉണ്ടായിരുന്നു എന്നുമുള്ള പരാമർശങ്ങൾ വസ്തുതാ വിരുദ്ധമാണ്. ഔദ്യോഗിക അന്വേഷണ ഏജൻസികൾ കൃത്യമായി തെളിയിക്കുന്നത് വരെ ആരെയും വ്യക്തിപരമായി പ്രതിസ്ഥാനത്ത് നിർത്താനാവില്ല. വസ്തു നിഷ്ഠമായ അന്വേഷണം നടത്താതെ ഊഹാപോഹങ്ങളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നവർ യഥാർത്ഥ കുറ്റവാളികൾക്ക് രക്ഷപ്പെടാൻ പഴുതുകൾ നൽകുകയാണെന്ന കാര്യം മറക്കരുത്. അതിനാൽ സ്ഥാപനത്തിനും ഖാസി കേസിനും ദോഷകരമായി ഭവിക്കുന്ന ഇത്തരം നീക്കങ്ങളെ സംബന്ധിച്ച് സമൂഹവും സിഎം ഉസ്താദിനെ സ്നേഹിക്കുന്നവരും ജാഗ്രത പുലർത്തണമെന്നും സ്ഥാപനത്തോട് എല്ലാവരും സഹകരിക്കണമെന്നും യോഗം അഭ്യർത്ഥിച്ചു. ഇത്തരം വ്യാജ പ്രചാരണത്തിനെതിരെ എം ഐ സി പ്രവർത്തക സമതി യോഗം ശക്തമായ പ്രതിഷധം അറിയിച്ചു
സ്ഥാപനത്തിൻ്റെ ശിൽപിയായ സി എം അബ്ദുല്ല മൗലവിയുടെ സ്മരണാർത്ഥം അദ്ദേഹത്തിൻ്റെ ചരമദിനമായ ഫെബ്രുവരി 15ന് എല്ലാ വർഷവും സിഎം ഉസ്താദ് ഓർമദിനമായി ആചരിക്കും. അദ്ദേഹം വിദ്യാഭ്യാസ രംഗത്ത് അർപിച്ച നിസ്തുല സംഭാവനകൾ പരിഗണിച്ച് എം ഐ സി കാമ്പസിൽ ബൃഹത്തായ ലൈബ്രറി സ്ഥാപിക്കാനുള്ള പദ്ധതിയും തയ്യാറാക്കും.
ജനറൽ സെക്രടറി യുഎം അബ്ദുർ റഹ് മാൻ മൗലവി ഉൽഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഖത്വർ അബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ചു. എം എസ് തങ്ങൾ മദനി പ്രാർത്ഥന നടത്തി. വർകിങ്ങ് സെക്രടറി സ്വാലിഹ് മാസ്റ്റർ സ്വാഗതം പറഞ്ഞു. ചെങ്കള അബ്ദുല്ല ഫൈസി, മൊയ്തീൻ കുട്ടി ഹാജി, ടി എ അബ്ദുൽ ഖാദർ ഹാജി, സിദ്ദിഖ് നദ്‌വി ചേരൂർ, ടിഡി അബ്ദുർറഹ്മാൻ ഹാജി, സയ്യിദ് ഹുസൈൻ തങ്ങൾ മാസ്തിക്കുണ്ട്, ടിഡി കബീർ തെക്കിൽ, അബ്ദുൽ ഖാദർ സഅദി, അബ്ബാസ് ഫൈസി ചേരൂർ, അബ്ദുൽ ഖാദർ മൗലവി ചേരൂർ, ഇ അബൂബകർ ഹാജി, എംപി മുഹമ്മദ് ഫൈസി, ബേർക്ക അബ്ദുല്ല ഹാജി, അഡ്വ. ഹനീഫ് ഹുദവി, മല്ലം സുലൈമാൻ ഹാജി, ബാവിക്കര അബ്ദുൽ ഖാദർ ഹാജി എന്നിവർ യോഗത്തിൽ സംബന്ധിച്ചു.
Keywords: Kerala, News, Kasaragod, MIC, Qasi Thaqa Ahmed Maulavi, Case, Top-Headlines, Khasi case: MIC warns of caution against exceptions.
< !- START disable copy paste -->