മംഗളൂരു: (www.kasargodvartha.com 23.02.2021) എടിഎം കൗണ്ടറിൽ തട്ടിപ്പ് നടത്താൻ ശ്രമിക്കുന്നത് ആളുകൾ കണ്ടപ്പോൾ ഓടി രക്ഷപെടാൻ ശ്രമിച്ച രണ്ട് പേരെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. മംഗളൂരു നഗരത്തിലെ മംഗളാദേവിയിലാണ് സംഭവം നടന്നത്. എടിഎം കൗണ്ടർ കേന്ദ്രീകരിച്ച് കവർച നടത്തുന്ന ആറംഗ സംഘത്തിലെ കണ്ണികളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. 40 ഓളം സമാന കേസുകളിൽ ഇവർ ഉൾപെട്ടിരുന്നതായും പൊലീസ് അറിയിച്ചു.
എടിഎം കൗണ്ടറിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ സ്ഥാപിച്ച് അതിലൂടെ ഉപയോക്താക്കളുടെ കാർഡുകളുടെ വിശദാംശങ്ങൾ ചോർത്തിയെടുക്കും. അത് ഉപയോഗിച്ച് വ്യാജ കാർഡുകൾ നിർമിച്ച് പണം പിൻവലിക്കുന്ന രീതിയായിരുന്നു പിടിയിലായവർ അവലംബിച്ചിരുന്നത്.
അതിനിടെ മോഷ്ടാക്കൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നത്തിന്റെയും നാട്ടുകാർ പിടികൂടുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. അനേകം പേരാണ് വീഡിയോ പങ്കിട്ടത്.
നഗരത്തിലെ എടിഎം കൗണ്ടറുകളിൽ ഹൈടെക് മോഷണങ്ങൾ കൂടി വരുന്നതിനിടെയാണ് രണ്ട് പേർ പിടിയിലായത്. ഇവരിലൂടെ സംഘത്തിൽ പെട്ട കൂടുതൽ ആളുകളിലേക്ക് എത്താനാവുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.
Keywords: Mangalore, News, Karnataka, ATM, Robbery, Attempt, Accuse, Arrest, Robbery-Attempt, Top-Headlines, Video, ATM 'skimming' attempt – Two accused detained.