കാഞ്ഞങ്ങാട്: (www.kasargodvartha.com 27.01.2021) അനിയന്ത്രിതമായ ഡീസൽ വില വർധനവു മൂലം പ്രതിസന്ധിയിൽ കടന്നു പോകുന്ന സ്വകാര്യ ബസ് മേഖലയ്ക്ക് പൊതുഗതാഗതമെന്ന പരിഗണന നല്കി ഡീസൽ വിലയിൽ സബ്സിഡി അനുവദിക്കണമെന്ന് ഹൊസ്ദുർഗ് താലൂക് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ വാർഷിക സമ്മേളനം ആവശ്യപ്പെട്ടു.
കോവിഡ് മഹാമാരി മൂലം ദുരിതം പേറുന്ന സന്ദർഭത്തിൽ ജനുവരി മുതൽ ജി പി എസ് സംവിധാനം കൂടി നിർബന്ധമാക്കിയ നടപടി പിൻവലിക്കുക, മാർച്ച് മാസം വരെ ഒടുക്കേണ്ട റോഡ് നികുതി ഒഴിവാക്കുക, ചന്ദ്രഗിരി റോഡിൽ കോട്ടച്ചേരിയിൽ ബസ് വെയിറ്റിംഗ് ഷെഡ് സ്ഥാപിക്കുക, ജസ്റ്റീസ് രാമചന്ദ്രൻ കമീഷൻ റിപോർടിൽ പറഞ്ഞ വിദ്യാർത്ഥികളുടെ ചാർജിൽ കാതലായ മാറ്റം വേണമെന്ന കാര്യം നടപ്പിലാക്കുക, എട്ട് വർഷം പഴക്കമുള്ള വാഹനങ്ങൾക്ക് ഗ്രീൻ ടാക്സ് ഏർപെടുത്താനുള്ള കേന്ദ്ര സർക്കാർ നടപടി പിൻവലിക്കുക, വാഹനമേഖലയിൽ പതിനഞ്ച് വർഷ കാലാവധി അന്തിമമാക്കാനുള്ള നീക്കം ഉപേക്ഷിക്കുക, തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
സമ്മേളനം ജില്ലാ പ്രസിഡൻ്റ് കെ ഗിരീഷ് ഉദ്ഘാടനം ചെയ്തു. താലൂക് പ്രസിഡൻറ് സി രവി അധ്യക്ഷനായി. താലൂക് സെക്രടറി വി എം ശ്രീപതി വാർഷിക റിപോർട് അവതരിപ്പിച്ചു. ജില്ലാ സെക്രടറി സത്യൻ പൂച്ചക്കാട്, എം ഹസൈനാർ, ടി ലക്ഷമണൻ എന്നിവർ സംസാരിച്ചു.
സംഘടന തിരഞ്ഞെടുപ്പിൽ ഫെഡറേഷൻ സെൻട്രൽ കമിറ്റിയംഗം സി എ മുഹമ്മദ് കുഞ്ഞി നിരീക്ഷകനായി സംബന്ധിച്ചു. കെ ടി സുരേഷ് ബാബു സ്വാഗതവും കെ വി രവി നന്ദിയും പറഞ്ഞു.
ഭാരവാഹികളായി സി രവി ( പ്രസിഡൻ്റ്), പി വി പത്മനാഭൻ, ടി പി കുഞ്ഞികൃഷ്ണൻ (വൈസ് പ്രസിഡൻ്റ്), എം ഹസൈനാർ (ട്രഷറർ ), പി സുകുമാരൻ (സെക്രടറി), കെ വി രവി, കെ ടി സുരേഷ് ബാബു (ജോയിന്റ് സെക്രടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.
Keywords: Kerala, News, Kasaragod, Kanhangad, Bus, Employees, Bus Owners Association, Meet, Top-Headlines, Uncontrolled diesel price hike; Bus owners demand subsidized diesel for private buses.< !- START disable copy paste -->