Join Whatsapp Group. Join now!
Aster MIMS 10/10/2023

മീന്‍കാരൻ്റെ മകന്‍

Son of a fisherman#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കഥ

ആസിഫ് പൈവളിഗെ


(www.kasargodvartha.com 20.01.2021) 
ഒരു വശത്തു നിന്ന് ഇളയ പെങ്ങള്‍ മുറ്റമടിക്കുന്ന ചൂലിന്റെ ശബ്ദം, മറ്റൊരു പെങ്ങള്‍ രാത്രിയിലെ ഭക്ഷണം പാകം ചെയ്ത പാത്രങ്ങള്‍ കഴുകുന്ന ശബ്ദം അനസിനെ ഉറക്ക പായയില്‍ നിന്നും മെല്ലെ തല പൊക്കാന്‍ പ്രേരിപ്പിച്ചു. തലേ ദിവസം രാത്രി പാകം ചെയ്ത ചാളക്കറിയുടെ മണം അപ്പോഴും പുലരിയുടെ തണുത്ത അന്തരീക്ഷത്തില്‍ പരന്നു കിടക്കുന്നു. രാത്രി പെയ്ത മഴയുടെയും ഇടിയുടെയും ആലസ്യത്തില്‍ തണുത്തുറങ്ങുന്ന പൊന്‍പുലരി അനസിന്റെ കണ്ണുകളെ കൊണ്ടെത്തിച്ചത് അയയില്‍ തലേ ദിവസം അലക്കി ഉണങ്ങാനിട്ടിരിക്കുന്ന തന്റെ യൂണിഫോമിലേക്കായിരുന്നു. കര്‍ക്കിട മാസത്തിലെ തോരാ മഴയില്‍ പള്ളിവക്കിലെ കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയ നാലഞ്ചു പൈതങ്ങള്‍ മുങ്ങി മരിക്കാന്‍ പോകുന്ന നേരത്തു ഒരു ധീരന്‍ എന്ന പോലെ, കുളത്തില്‍ ചാടി രക്ഷിച്ച ധീരനു കിട്ടുന്ന പൊന്നാട പോലെ എന്റെ യൂണിഫോം അയയില്‍ ആടി കളിക്കുന്ന ആ മനോഹാര കാഴ്ച കണ്ട് അനസ് കയ്യില്‍ ഒരു ടൂത്ബ്രഷ് പിടിച്ച് തിണ്ണയില്‍ ഇരുന്നു. 

സമയം അതിനിടെ ക്രമാനുഗതിയില്‍ സഞ്ചരിക്കുന്നത് അനസിന് മനസ്സിലായി. അനസിന് ഒരറ്റ ജോഡി യൂണിഫോം മാത്രമായിരുന്നു ഉണ്ടായിരുന്നത്. അതും അപ്പുറത്തെ വീട്ടിലെ ജാനകി ഏടത്തിയുടെ മകന്‍ മസ്‌ക്കറ്റ് നിന്നും വന്നപ്പോള്‍ അയാള്‍ ഉപയോഗിച്ച ഒരു വലിയ ശരീര പ്രക്രതിയുടെ പടച്ചട്ട എന്ന് വേണമെങ്കില്‍ പറയാം. അതിനെ മനോഹരേട്ടന്റെ ടൈലറിങ് പീടികയില്‍ കൊണ്ട് പോയി ഒരു ശില്പി തന്റെ ശില്പത്തിനെ കൊത്തിയെടുത് അവസാന രൂപത്തിലേക്ക് എത്തിക്കുന്ന പോലെ ആ ഷര്‍ട്ടിനെ ആകൃതിയാക്കി എടുത്തു. അതിന്റെ പണിക്കൂലി നിന്റെ ഉപ്പാന്റെ കയ്യില്‍ നിന്നും മീന്‍ വാങ്ങി ശരിയാകാം എന്നൊരു ചിരി മുഖത്തിലൊട്ടിച്ച മനോഹരേട്ടന്റെ ചിരിയും ഇതറിഞ്ഞ ഉപ്പാന്റെ കയ്യില്‍ നിന്നും കിട്ടിയ അടിയുടെ ചൂടും അനസിന്റെ മനസിനെ പെട്ടന്ന് ഉറക്കത്തിന്റെ ആലസ്യത്തില്‍ നിന്നും ചാടി എണീപ്പിച്ചു. 

Son of a fisherman, Asif Paivalike

പെട്ടന്നായിരുന്നു തലേ ദിവസം ക്ലാസ് സാറായ പ്രകാശന്‍ സാര്‍ നാളെ രക്ഷാകര്‍ത്താക്കളുടെ മീറ്റിംഗ് ഉണ്ടെന്നും ആയതിനാല്‍ അവരവരുടെ രക്ഷാ കര്‍ത്താകളെ കൊണ്ട് വരണമെന്നും പറഞ്ഞത് ഒന്ന് കൂടി ഓര്‍മ്മ വന്നത്. അക്കാര്യം ഞാന്‍ ഉമ്മച്ചിയോട് തലേ ദിവസം വൈകുന്നേരം പറഞ്ഞിരുന്നു. കേട്ട പാതി കേക്കാത്ത പാതി ഉമ്മ എന്തോ പിറു പിറുപിറുത്തു. ഏഴു വയര്‍ നിറക്കാന്‍ പെടാപാട് പെടുമ്പോഴാ ഒന്റെയൊരു രക്ഷകര്‍ത്താക്കളുടെ മീറ്റിംഗ്. തലേ ദിവസം രാത്രിയില്‍ ഉപ്പ വന്നത് വളരെ വൈകിയാണ്. കാരണം ടൗണില്‍ പ്രതീക്ഷിക്കാതെ പുറത്തു നിന്ന് വണ്ടിയില്‍ വന്ന മീന്‍ വില്പനക്കാരന്റെ വരവ് ഉപ്പയുടെ മീന്‍ കച്ചോടം രാത്രിയുടെ ഇരുട്ടിലേക് തള്ളിയിട്ടു എന്ന് വേണമെങ്കില്‍ പറയാം.

ആ സമയം ഞാന്‍ ഉറക്കത്തിന്റെ പറുദീസയിലേക് വട്ടമിട്ട് പോയെങ്കിലും ഉമ്മച്ചിയുടേം ഉപ്പയുടേം നാളത്തെ രക്ഷകര്‍ത്താക്കളുടെ മീറ്റിംഗ് സംഭാഷണം എന്റെ കാതുകളെ ഒന്ന് ഉണര്‍ത്തുന്നുണ്ടായിരുന്നു. നാട്ടിലെ ഒരു പ്രമുഖന്‍ തന്റെ പഴയ വസ്ത്രം കളയണ്ട എന്ന് വിചാരിച്ചു എന്റെ വീട്ടില്‍ വന്നു തന്ന പച്ച കളറുള്ള ഷര്‍ട്ട് നല്ല ചേര്‍ച്ചയുണ്ടെന്നു ഉമ്മച്ചി ഉപ്പയോട് പറയുന്നത് ഞാന്‍ ഉറക്കത്തില്‍ കേട്ടിരുന്നു. സൂര്യ കിരണിന്റെ ശക്തമായ ഇടപെടല്‍ മൂലം എന്റെ യൂണിഫോം ഉണങ്ങി കിട്ടിയത് ഞാന്‍ മെല്ലെ തൊട്ടു നോക്കി, ക്ലാസില്‍ തലേ ദിവസം ആശിഖും ഫൈസലും മജീദുമെല്ലാം പറഞ്ഞ ആ വാക്കുകള്‍ എന്നെ വല്ലാതെ ആലോസ്യപെടുത്തുന്നതായിരുന്നു.

നാളെ യൂണിഫോമില്ല, കളര്‍ ഡ്രസ് ഇടാന്‍ പ്രകാശന്‍ മാഷ് പറഞ്ഞിരുന്നു. അനസിന് വെള്ളിയാഴ്ചയും, സ്‌കൂള്‍ കലോത്സവ ദിനങ്ങളും വളരെ പേടിയാണ്, കാരണം കളര്‍ ഡ്രസ് ആണ്. അതവന് ഇല്ലാത്തതാണ് കാരണം. ക്ലാസിലെ ഇരുപത്തി രണ്ടു പേരുടെ ഉപ്പമാരും വിദേശത്തും സ്വദേശത്തും നല്ല നിലയില്‍ ജീവിക്കുന്ന രക്ഷകര്‍ത്താകളുടെ മക്കളാണ്. മാത്രമല്ല രണ്ടു ദിവസം മുന്‍പ് അവൻ്റെ കൂട്ടുകാര്‍ക്കിടയില്‍ വളരെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയം ഞാന്‍ നാളെ എന്റെ ഉപ്പാന്റെ കൂടെ കാറിലാണ് വരുന്നതെന്ന് എന്നായിരുന്നു.

തലേ ദിവസം പകുതിയില്‍ പഠിച്ച് നിര്‍ത്തിയ ഹിസ്റ്ററിയുടെ നോട്ട് ബുക്കെടുത്ത് തന്റെ പ്ലാസ്റ്റിക് കവറില്‍ ആക്കി, അപ്പുറത്തെ സുഹ്റത്തായുടെ മകന്റെ കുടയില്‍ ഒന്നിച്ച് നിന്ന് സ്‌കൂളിന്റെ അങ്കണത്തില്‍ എത്തി. ക്ലാസില്‍ രണ്ട് മൂന്ന് പെണ്‍കുട്ടികള്‍ എത്തിയതല്ലാതെ വേറെ ആരും എത്തിയിട്ടില്ല. ക്ലാസ്സിന്റെ ജനാല അഴികള്‍ക്കിടയില്‍ രാത്രി പെയ്ത മഴയുടെ ജാലംശം ഒരു മുത്ത് കണികൾ പോലെ തൂങ്ങി നില്കുന്നത് കണ്ട് അതിനെ വിരല്‍ തുമ്പ് കൊണ്ട് തുടച്ച ഞാന്‍ സ്വയം പുളകിതനായി അവിടെ നിന്നു.

നീണ്ട മണിയൊച്ചയോടു കൂടി ദേശ ഭക്തി ഗാനം ഉച്ച ഭാഷിണിയിലൂടെ എന്റെ ചെവിയില്‍ എത്തുമ്പോള്‍ ക്ലാസില്‍ എല്ലാരും എത്തി കഴിഞ്ഞിരുന്നു. ക്ലാസിലെ മജീദും ആശിഖും ഫൈസലും എല്ലാരും കളര്‍ ഡ്രസ് ഇട്ടാണ് വന്നിരിക്കുന്നത്, കൂട്ടത്തില്‍ ഞാന്‍ മാത്രം ഒരു മാലാഖയെപ്പോലെ കത്തി ജ്വലിക്കുന്നത് ആരും ശ്രദ്ധിച്ചിരുന്നില്ല. എങ്ങും നിശബ്ദത, പ്രകാശന്‍ മാഷും രാജിവൻ മാഷും ഹെഡ് മാഷും എല്ലാരും വാ തോരാതെ പഠന കാര്യത്തെ കുറിച്ച്‌ സംസാരിക്കുന്നത് എന്റെ കാതില്‍ എത്തിയതേ ഇല്ല. ക്ലാസില്‍ നല്ല ഫോറിന്‍ പെര്‍ഫ്യൂമുകളുടെയും പുത്തന്‍ ഡ്രസുകളുടെയും മണം.

ഞാന്‍ എന്റെ മിഴികളെ രക്ഷകര്‍ത്താകള്‍ക്ക് ഇരിക്കാന്‍ പ്രത്യേകം സജ്ജമാക്കിയ ഇരിപ്പിടത്തിലേക്ക് ഒന്നോടിച്ചു നോക്കി. എന്റെ ഉപ്പ അവിടെ ഉണ്ടോ എന്ന്. തന്റെ മക്കളുടെ പഠന നിലവാരത്തെ കുറിച്ച് വാ തോരാതെ സംസാരിക്കുന്ന രക്ഷകര്‍ത്താക്കള്‍, ഇടയില്‍ മക്കളോടുള്ള അവരുടെ ശാസന. ഇതിനിടയില്‍ പ്രകാശ് മാഷ് എണീറ്റ് നിന്നു രക്ഷകര്‍ത്താക്കള്‍ വന്ന എല്ലാ കുട്ടികളുടെയും പേര് ഏതാ ക്രമപ്രകാരം വായിച്ചു. പക്ഷെ എന്റെ രക്ഷകര്‍ത്താവ് എത്തിയിട്ടില്ല.രമേശ് സര്‍ ഉറക്കെ ചോദിച്ചു അനസിന്റെ രക്ഷകര്‍ത്താവ് എത്തിയിട്ടില്ലലോ. ഞാന്‍ മെല്ലെ ബെഞ്ചില്‍ എണീറ്റ് നിന്ന് സാറിനോട് പറഞ്ഞു. ഉപ്പാന്റെ മീന്‍ വിറ്റ് തീര്‍ന്നിട്ടുണ്ടാവില്ല സര്‍, അത് കൊണ്ടാ. പെട്ടെന്ന് ആ മീറ്റിംഗ് ഒരു നിശബ്ദമായി മാറി, പ്രകാശന്‍ സര്‍ ഒന്നെണീറ്റു നിന്നു ഉറക്കെ പറഞ്ഞു ഈ ക്ലാസില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് ഉള്ള കുട്ടിയാണ് അനസ്. ഇത് കേട്ടതും രക്ഷ കര്‍ത്തകളില്‍ ഒരാള്‍ എണീറ്റ നിന്നു കയ്യടിക്കുകയും, പല തരത്തിലുള്ള പ്രോത്സാഹന വാക്കുകളും ക്ലാസിന്റെ ചുവരില്‍ അലയടിക്കുകയും കഴിഞ്ഞിരുന്നു.

ക്ലാസിന്റെ ഇടത് വശത്തെ തുറന്ന ജനാലക്കിടയിലൂടെ ഒരു പച്ച ഷര്‍ട്ട് ഇട്ടു കൊണ്ട് കയ്യില്‍ വലിയ ഒരു സഞ്ചിയുമായി ഒരാള്‍ ക്ലാസിന്റെ വാതില്‍ പടിയില്‍. ക്ലാസില്‍ ഉണ്ടായിരുന്ന എല്ലാരും ഒരു നിമിഷം മൂക്കില്‍ കൈ പൊത്തി കൊണ്ടുള്ള ആംഗ്യം കാണിച്ചു. പ്രകാശന്‍ മാഷ് അയാളോട് ആരുടെ രക്ഷകര്‍ത്താവ് എന്ന് ചോദിച്ചപ്പോള്‍ അനസിന്റെ ഉപ്പയാണ് എന്ന് പറഞ്ഞു പുറത്തു നിന്നു. പ്രകാശന്‍ മാഷ് അയാളെ ക്ലാസിന്റെ ഉള്ളിലേക്കു വരാന്‍ പറഞ്ഞപ്പോള്‍ അയാള്‍ ആ ക്ഷണം നിരസിച് പ്രോഗ്രസ് കാര്‍ഡില്‍ ഒപ്പിട്ട് ആ സ്‌കൂള്‍ വരാന്തയില്‍ കൂടി നടന്നകന്നു പോകുമ്പോള്‍ ക്ലാസിലെത്തിയ എല്ലാ രക്ഷകര്‍ത്താകളും പറഞ്ഞു 'ആ മീന്‍ കാരൻ്റെ മകനെ കണ്ട് പഠിക്കട' എന്ന്. ഇത് പിന്നിൽ നിന്നും മെല്ലെ അനസിനെ തല പൊക്കാന്‍ പ്രേരിപ്പിച്ചു.

Keywords: Kerala, Story, Fishermen, Asif Paivalige, School, Education, Student, Son, Son of a fisherman.


Post a Comment