കാസർകോട്: (www.kasargodvartha.com 28.01.2020) ജില്ല കളരിപ്പയറ്റ് അസോസിയേഷൻ അനധികൃത മത്സരം നടത്തി കളരി വിദ്യാർത്ഥികളെ വഞ്ചിക്കുന്നുവെന്ന ആരോപണവുമായി കളരി ഗുരുക്കൻമാർ രംഗത്ത്. കാസർകോട് പ്രസ് ക്ലബിൽ നടത്തിയ വർത്താ സമ്മേളനത്തിലാണ് ഗുരുക്കൻമാർ ആരോപണം ഉയർത്തിയത്.
ജില്ല സ്പോർട്സ് കൗൺസിൽ പിരിച്ച് വിടാൻ നിർദ്ദേശിക്കപ്പെട്ട കാസർകോട് ജില്ല കളരിപ്പയറ്റ് അസോസിയേൻ മത്സരത്തിന് സ്പോർട്സ് കൗൺസിലിന്റെ അംഗികാരമുണ്ടെന്ന് കളരി വിദ്യാർത്ഥികളെ തെറ്റിധരിപ്പിച്ചു കൊണ്ട് 2021 ജനുവരി 24 ന് പരപ്പ എടത്തോട് വച്ച് സബ് ജൂനിയർ വിഭാഗത്തിൽ മത്സരം നടത്തുകയും 2021 ജനുവരി 31 ന് ജൂനിയർ, സിനിയർ വിഭാഗത്തിൽ ചെറുവത്തൂർ കണ്ണാടിപ്പാറയിൽ വച്ച് മത്സരം സംഘടിപ്പിക്കാൻ തയ്യാറെടുക്കുകയുമാണെന്നാണ് ആക്ഷേപം.
ജില്ല സ്പോർട്സ് ചാമ്പ്യാൻഷിപ്പുകൾ ഒബ്സർവ്വറുടെ കർശന നീരിക്ഷണത്തിലാണ് നടത്തേണ്ടത്. എന്നാൽ പരപ്പയിൽ നടന്ന മത്സരത്തിന് ഒബ്സർവർ ഇല്ലായിരുന്നുവെന്ന് ഗുരുക്കൻമാർ പറയുന്നു. അനധികൃത മത്സരമാണ് എന്ന് ജില്ല സ്പോർട്ട്സ് കൗൺസിലും കണ്ടെത്തിയിരുന്നുവെന്നും ഗുരുക്കൻമാർ വ്യക്തമാക്കുന്നു.
ജില്ല സ്പോർട്സ് കൗൺസിലിന്റെ അന്വേഷണ കമിറ്റി അംഗങ്ങൾ ആകെ മൂന്ന് കളരികൾ മാത്രമെ പ്രവർത്തിക്കുന്നുള്ളു എന്ന് കണ്ടെത്തിയതിനാൽ കളരിപയറ്റ് അസോസിയേഷൻ പിരിച്ച് വിട്ട് പുന:സംഘടിപ്പിക്കാൻ നിർദേശിച്ചിരുന്നു. ജില്ലയിൽ 26 സജീവ കളരികളും 750 ൽ പരം കളരി വിദ്യാർത്ഥികളും നിലനിൽക്കുമ്പോൾ ആണ് 60 ൽ താഴെ കുട്ടികളെ വെച്ച് ജില്ല മത്സരം എന്ന പേരിൽ മത്സരം സംഘടിപ്പിക്കുന്നത്.
സ്പോർട്സ് കൗൺസിലിന്റെ നിരിക്ഷകൻ ഇല്ലാത്തതിനാൽ ജില്ല മത്സരത്തിൽ പങ്കെടുത്ത കുട്ടികൾക്ക് സംസ്ഥാന തല മത്സരത്തിൽ പങ്കെടുക്കാനുള്ള യോഗ്യത ഇല്ല. കുട്ടികളെയും രക്ഷിതാക്കളെയും ജനപ്രതിനിധികളെയും തെറ്റിധരിപ്പിച്ചു കൊണ്ട് ജില്ല കളരിപ്പയറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന മത്സരങ്ങൾ തീർത്തും അനധികൃതമാണെന്ന് ജില്ല സ്പോർട്ട് കൗൺസിൽ റിപോർടും ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ വർഷം സെന്റ് തോമസ് എൽ പി സ്കൂൾ ചിറ്റാരിക്കാലിൽ വെച്ച് നടന്ന അനധികൃത മത്സരത്തിന് എതിരെ സംസ്ഥാന മനുഷ്യവകാശ കമീഷനും പ്രധാനമന്ത്രിയുടെ ഓഫീസും റിപോർട് ആവശ്യപ്പെട്ടിരുന്നു.
വ്യാജ രേഖ ചമച്ച് ഫണ്ട് തട്ടിയെടുത്തതുമായി ബന്ധപ്പെട്ട് കളരിപ്പയറ്റ് അസോസിയേഷൻ ഭാരവാഹികൾക്കെതിരെ വിജിലൻസിലും പരാതി നിലനിൽക്കുമ്പോൾ ആണ് അസോസിയേഷൻ വീണ്ടും അനധീകൃത മത്സരം നടത്താൻ തയ്യാറെടുക്കുന്നതെന്നാണ് ആരോപണം.
പരപ്പയിൽ വെച്ച് നടന്ന ജില്ല തല മത്സരത്തിൽ അർഹരായ കളരി വിദ്യാർത്ഥികളെ ഉൾപ്പെടുത്താത്തതിനാൽ അസോസിയേഷൻ ഭാരവാഹികൾക്കെതിരെ സംസ്ഥാന ബാലാവകാശ കമീഷന് പരാതി നൽകിയിരിക്കുകയാണ് കളരി ഗുരുക്കൻമാർ .
നാഥനില്ലാ കളരികളുമായി കളരിപ്പയറ്റ് അസോസിയേഷൻ പ്രവർത്തിക്കുമ്പോൾ യഥാർത്ഥ കളരി ഗുരുക്കൻമാരും കളരി വിദ്യാർത്ഥികളും വഞ്ചിക്കപ്പെടുകയാണ് ചെയ്യുന്നത്. തുളുനാടിന്റെ കളരി പാരമ്പര്യത്തെ മുറുകെ പിടിച്ചു കൊണ്ട് അങ്കകലിപ്പോടു കൂടി കളരിപയറ്റ് അസോസിയേഷനെതിരെ തിരിഞ്ഞിരിക്കുകയാണ് കളരി ഗുരുക്കൻമാർ .
വാർത്ത സമ്മേളനത്തിൽ കളരി ഗുരുക്കൻമാരായ ഡോ. വി വി ക്രിസ്റ്റോ, ടി വി സുരേഷ്, കെ എസ് ജെയ്സൻ, ജ്യോതിഷ് സെബാസ്റ്റ്യൻ, രാജേഷ് കെ തുടങ്ങിയവർ പങ്കെടുത്തു.
Keywords: Kerala, News, Kasaragod, Press Club, Teacher, Students, Press meet, Complaint, Vigilance, Kalari Gurus says District Kalaripayat Association is cheating students by conducting illegal competitions.
< !- START disable copy paste -->