കാസര്‍കോട്: (www.kasargodvartha.com 30.01.2021) ജില്ലയിലെ ജനങ്ങളുടെ ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്നതിനുവേണ്ടി സംസ്ഥാനത്തെ എറ്റവും വലിയ ആശുപത്രി ശ്രൃംഖലയായ ആസ്റ്റര്‍ മിംസിലെ ഡോക്ടര്‍മാരുടെ സേവനം കാസര്‍കോട് അരമന ആശുപത്രിയില്‍ തുടക്കമായി.
ആസ്റ്റര്‍ മിംസ് കണ്ണൂര്‍, കോഴിക്കോട്, കോട്ടക്കല്‍ എന്നിവിടങ്ങളിലെ സ്പെഷ്യാലിറ്റി വിഭാഗത്തിലെ ഡോകടര്‍മാരുടെ സേവനവും ഡോകടര്‍മാരുമായി വീഡിയോ കണ്‍സല്‍ടേഷനുള്ള സൗകര്യവുമാണ് അരമന ആശുപത്രിയില്‍ ഒരുക്കിയിരിക്കുന്നത്. ഇതിനായി പ്രത്യേക കിയോസ്‌ക് പ്രവര്‍ത്തനമാരംഭിച്ചു.
ഇതിനോടനുബന്ധിച്ച് കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ നടന്ന പ്രൗഡമായ ചടങ്ങ് കാസര്‍കോട് എം എല്‍ എ, എന്‍ എ നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്തു. ലോക്ഡൗണ്‍ കാലത്ത് വിദഗ്ധ ചികിത്സയ്ക്ക് ഏറെ ബുദ്ധിമുട്ടിയിരുന്ന കാസര്‍കോട്ടെ ജനങ്ങളെ എല്ലാനിലക്കും സഹായിച്ച ആസ്റ്റര്‍ മിംസിന്റെ സേവനം എക്കാലത്തും സ്മരിക്കുമെന്ന് എം എല്‍ എ പറഞ്ഞു. സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്ന രോഗികള്‍ക്ക് സൗജന്യ ചികിത്സ വിഭാവനം ചെയ്യുന്നതും മികച്ച ചികിത്സ സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്യുന്ന ആസ്റ്റര്‍ മാനേജ്മെന്റിനെയും 24 മണിക്കൂറും സേവന സജ്ജരായ ക്ലസ്റ്റര്‍ സി ഇ ഒ ഫര്‍ഹാന്‍ യാസിന്റെ നേതൃത്വത്തിലുള്ള ആസ്റ്റര്‍ ടീമിനേയും എം എല്‍ എ മുക്തകണ്ഠം പ്രശംസിക്കുകയും കാസര്‍കോട്ടെ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ആശംസനേരുകയും ചെയ്തു.
ജീവന്‍തന്നെ അപകടത്തിലായ 12 വയസിനു താഴെയുള്ള കുട്ടികള്‍ക്കുളള ചികിത്സയും അതിതീവ്രപരിചരണവും ആസ്റ്റര്‍ ഡി എം ഫൗന്‍ഡേഷന്റെയും വിവിധ ചാരിറ്റബിള്‍ സംഘടനയുടേയും സഹായത്തോടെ സൗജന്യമായി ചെയ്തു കൊടുക്കുമെന്നും സാമ്പത്തിക ഞെരുക്കത്തിന്റെ പേരില്‍ ജില്ലയില്‍ ആര്‍ക്കും ചികിത്സ നിഷേധിക്കപ്പെടുന്ന ഒരു സ്ഥിതിവിശേഷം സംജാതമാകില്ലെന്നും ക്ലസ്റ്റര്‍ സി ഇ ഒ ഫര്‍ഹാന്‍ യാസീന്‍ വ്യക്തമാക്കി. ഉടനെ വളരെ തുച്ഛമായ തുകയ്ക്ക് ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി ആസ്റ്ററില്‍ നടപ്പിലാക്കുമെന്നും കാസര്‍കോട്ടെ മുഴുവന്‍ പേര്‍ക്കും ഈ സേവനം പ്രയോജനപ്പെടുത്താമെന്നും ഫര്‍ഹാന്‍ കൂട്ടിച്ചേര്‍ത്തു.
ഡി സി സി പ്രസിഡണ്ട് ഹകീം കുന്നില്‍, ബി ജെ പി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ ശ്രീകാന്ത്, വ്യാപാരി നേതാവ് എ കെ മൊയ്തീന്‍ കുഞ്ഞി, അരമന ആശുപത്രി ചെയര്‍മാന്‍ ഡോ. സകരിയ, കണ്ണൂര്‍ ആസ്റ്റര്‍ മിംസ് അത്യാഹിത വിഭാഗം തലവന്‍ ഡോ. രാജേഷ് എന്നിവര്‍ സംസാരിച്ചു അരമന ആശുപത്രിയിലെ കാര്‍ഡിയോളജി വിഭാഗം തലവന്‍ ഡോ. അബ്ദുല്‍ മന്‍സൂര്‍ നന്ദി പറഞ്ഞു. അരമന ആശുപത്രിയില്‍ സജ്ജമാക്കിയ ആസ്റ്റര്‍ മിംസിന്റെ കിയോസ്‌ക് എം എല്‍ എ തുറന്നു കൊടുത്തു.
Keywords: Kasaragod, Kerala, News, Hospital, Treatment, Patient's, District, Inauguration, MLA, N.A.Nellikunnu, Hakeem Kunnil, Adv.Srikanth, Top-Headlines, Inauguration of Aster Mims Kasaragod Services.